റിക്കോ ജിആർ ക്യാമറ ടെക്നോളജിയുമായി റിയൽമി GT 8 പ്രോ വരുന്നു; വിശേഷങ്ങൾ അറിയാം
Photo Credit: Realme
റിയൽമി ജിടി 8 പ്രോയിൽ റിക്കോ ജിആർ മോഡ് ഉണ്ടാകും
ആഗോള വിപണിയിൽ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത ക്യാമറ കമ്പനിയായ റിക്കോയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. റിക്കോ ഇമേജിംഗുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ക്യാമറ സിസ്റ്റം ഉൾപ്പെടുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായി തങ്ങളുടെ റിയൽമി ജിടി 8 പ്രോ എത്തുമെന്നു കമ്പനി സ്ഥിരീകരിച്ചിരുന്നു. റിക്കോയുടെ പ്രശസ്തമായ ജിആർ സീരീസ് സാങ്കേതികവിദ്യ ഫോണിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഇതിലൂടെ റിക്കോയുടെ പ്രശസ്തമായ ഇമേജിംഗ് ഫീച്ചറുകൾ ജിടി 8 പ്രോയ്ക്ക് ലഭിക്കും. ഫോണിൻ്റെ മറ്റൊരു പ്രധാന പ്രത്യേകത ക്യാമറ സെറ്റപ്പ് മാറ്റാൻ കഴിയുമെന്നതാണ്. ഉപയോക്താക്കൾക്കു തന്നെ സ്വയം മാറ്റി വെക്കാവുന്ന റിയർ ക്യാമറ മൊഡ്യൂളാണ് ഫോണിലുണ്ടാവുക. 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഫോണിൻ്റെ മറ്റൊരു ഹൈലൈറ്റ്. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുക. റിക്കോയും റിയൽമിയും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെ വളരെ പ്രതീക്ഷയോടെയാണ് സ്മാർട്ട്ഫോൺ പ്രേമികൾ നോക്കിക്കാണുന്നത്.
റിക്കോ ഇമേജിങ്ങിൻ്റെ പിന്തുണയോടെ നിർമ്മിച്ച ജിടി 8 പ്രോയിൽ ഉയർന്ന ക്വാളിറ്റിയുള്ള, ഫ്ലക്സിബിളായ ഫോട്ടോഗ്രാഫി അനുഭവം നൽകാൻ കഴിയുന്ന പുതിയ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്ന് റിയൽമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മികച്ച ആന്റി-ഗ്ലെയർ, ഷാർപ്പായ ഇമേജുകൾ, കുറഞ്ഞ കേടുപാടുകൾ എന്നിവ ഉറപ്പു നൽകുകയും, റിക്കോ ജിആർ സ്റ്റാൻഡേർഡ്സ് പാലിക്കുകയും ചെയ്യുന്ന ഒരു അൾട്രാ-ക്ലിയർ ലെൻസ് ഗ്രൂപ്പ് ഇതിൽ ഉൾപ്പെടുന്നു.
ഒരു ഫാസ്റ്റ്-സ്റ്റാർട്ട് ഇന്റർഫേസ്, ജിആർ ഷട്ടർ സൗണ്ട്, സ്നാപ്പ് മോഡ് ഫോക്കസ് പ്രീസെറ്റ്സ്, രണ്ട് പോപ്പുലർ ഫോക്കൽ ലെങ്ത് (വൈഡ് സ്ട്രീറ്റ് ഷോട്ടുകൾക്ക് 28mm, ക്ലോസ് ഡീറ്റെയിൽഡ് ഫോട്ടോകൾക്ക് 40mm) എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന റിക്കോ ജിആർ മോഡ് ഈ ഫോണിൽ ഉണ്ടായിരിക്കും.
സ്റ്റാൻഡേർഡ്, പോസിറ്റീവ് ഫിലിം, നെഗറ്റീവ് ഫിലിം, മോണോടോൺ, ഹൈ-കോൺട്രാസ്റ്റ് ബി ആൻഡ് ഡബ്ല്യു എന്നിങ്ങനെ അഞ്ച് ക്ലാസിക് റിക്കോ ജിആർ ടോണുകളും ഇതിലുണ്ടാകും. ഉപയോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ടോൺ ഫീച്ചർ ഉപയോഗിച്ച് ഇവ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാം.
ജിആർ-സ്റ്റൈൽ വാട്ടർമാർക്കുകൾ, ജിആർ ലേബലുകളുള്ള പ്രത്യേക ആൽബങ്ങൾ, മറ്റുള്ളവരുമായി ടോൺ സെറ്റിങ്ങ്സ് ഷെയർ ചെയ്യാനുള്ള കഴിവ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇതു പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോകൾ ലഭിക്കാൻ സഹായിക്കും. “സ്ട്രീറ്റ് ഫോട്ടോഗ്രഫി ഹീറോ” എന്നാണു റിയൽമി തന്നെ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്.
സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 പ്രോസസർ കരുത്തു നൽകുന്ന റിയൽമി ജിടി 8 പ്രോയിൽ 144Hz റിഫ്രഷ് റേറ്റുള്ള 2K 10 ബിറ്റ് LTPO BOE ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. 200 മെഗാപിക്സൽ 1/1.56 ഇഞ്ച് സാംസങ്ങ് HP5 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകും. ക്യാമറകൾ മാറ്റി വെയ്ക്കാൻ കഴിയില്ലെങ്കിലും ഉപയോക്താക്കൾക്ക് റിക്കോ ഡിസൈൻ ചെയ്ത വ്യത്യസ്ത കവറുകൾ ഉപയോഗിച്ച് ക്യാമറ ഏരിയയുടെ രൂപവും ആകൃതിയും മാറ്റാൻ കഴിയും. കുറഞ്ഞത് മൂന്ന് ഡിസൈനുകളെങ്കിലും ടീസറുകളിൽ കാണിക്കുന്നുണ്ട്. സ്ക്രൂ അഴിച്ചു മാറ്റിയതിനു ശേഷം നിങ്ങൾക്ക് ക്യാമറ മൊഡ്യൂൾ മാറ്റി സ്ഥാപിക്കാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ (OIS) 50 മെഗാപിക്സൽ 1/1.4-ഇഞ്ച് സോണി LYT-808 മെയിൻ ക്യാമറയും 50 മെഗാപിക്സൽ സാംസങ്ങ് JN5 അൾട്രാവൈഡ് ക്യാമറയും 120W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP69 റേറ്റിംഗ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, മെച്ചപ്പെട്ട ഹാപ്റ്റിക്സ്, മികച്ച സ്പീക്കറുകൾ എന്നിവയും ഈ ഫോണിൽ ഉണ്ടായേക്കാം.
പരസ്യം
പരസ്യം