Photo Credit: Poco
ഇന്ത്യയിൽ നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ പുതിയ രണ്ടു സ്മാർട്ട്‌ഫോണുകൾ ഉടനെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പോക്കോ M7 പ്രോ 5G, പോക്കോ C75 5G എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. ലോഞ്ച് തീയതിയും ഫോണുകളുടെ ചില സവിശേഷതകളും കമ്പനി പങ്കുവെക്കുകയുണ്ടായി. പോക്കോ C75 5G ബജറ്റ് ഫ്രണ്ട്ലിയായ സി-സീരീസിൻ്റെ ഭാഗമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 5G സ്മാർട്ട്‌ഫോണായിരിക്കുമെന്നും മികച്ച ഫോട്ടോഗ്രാഫിക്കായി സോണി ക്യാമറ സെൻസർ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 4s Gen 2 പ്രോസസറാകും ഈ ഹാൻഡ്സെറ്റിനു കരുത്തു നൽകുക. മറുവശത്ത്, പോക്കോ M7 പ്രോ 5G ഉയർന്ന നിലവാരമുള്ള AMOLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. രണ്ട് സ്മാർട്ട്ഫോണുകളും ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും.
പോക്കോ M7 പ്രോ 5G, പോക്കോ C75 5G എന്നിവയുടെ വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ പോക്കോ ഇന്ത്യാ മേധാവിയായ ഹിമാൻഷു ടണ്ടൻ സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് പങ്കുവെച്ചത്. ഈ ഫോണുകൾ ഡിസംബർ 17-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
പോക്കോ M7 പ്രോ 5G ഫോണിൽ AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഇതു മികച്ച ദൃശ്യങ്ങളും നിറങ്ങളും വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, പോക്കോ C75 5G ഒരു സോണി ക്യാമറയുമായി എത്തുന്നത് ഫോട്ടോകളുടെ നിലവാരം ഉറപ്പാക്കുന്നു. ഈ മോഡലിന് 9,000 രൂപയിൽ താഴെ മാത്രമായിരിക്കും വില എന്നതിനാൽ ഏവർക്കും താങ്ങാനാവുന്ന ഒരു 5G സ്മാർട്ട്ഫോൺ ഓപ്ഷനായി മാറുന്നു.
എന്നിരുന്നാലും, പോക്കോ C75 5G സ്മാർട്ട്ഫോൺ SA (സ്റ്റാൻഡലോൺ) നെറ്റ്‌വർക്കുകളെ മാത്രമേ പിന്തുണയ്ക്കൂ. എയർടെൽ ഉപയോഗിക്കുന്ന 5G NSA (നോൺ-സ്റ്റാൻഡലോൺ) നെറ്റ്‌വർക്കുകളെ ഇത് പിന്തുണയ്ക്കില്ല.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, പുതിയ പോക്കോ ഫോണുകൾക്കായി ഫ്ലിപ്പ്കാർട്ട് ഒരു പ്രത്യേക മൈക്രോസൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഇവയുടെ ചില സവിശേഷതകളും വെളിപ്പെടുത്തുന്നു. പോക്കോ M7 പ്രോയിൽ 5G 120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. ഇതിന് 92.02 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 2,100 നിറ്റ് പീക്ക് ബ്രൈറ്റ്നസ് ലെവൽ, മികച്ച വിഷ്വലുകൾക്കുള്ള HDR 10+ പിന്തുണ എന്നിവയുണ്ട്. ഇതിൻ്റെ സ്‌ക്രീൻ കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5, TUV ട്രിപ്പിൾ സർട്ടിഫിക്കേഷൻ, SGC ഐ കെയർ സർട്ടിഫിക്കേഷൻ എന്നിവയുള്ളതാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു.
മറുവശത്ത്, പോക്കോ C75 5G ഫോണിന് 4GB റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 4s Gen 2 പ്രോസസർ ആയിരിക്കും കരുത്തു നൽകുക. കൂടാതെ, മെച്ചപ്പെട്ട പ്രകടനത്തിനായി ഇത് 4GB ടർബോ റാമും വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ ഇതിൻ്റെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഫോണിന് പ്രത്യേക ഭംഗി നൽകുന്നതാണ്.
ഇതിനു മുൻപ് ലീക്കായ വിവരങ്ങൾ അനുസരിച്ച്, പോക്കോ C75 5G ഫോൺ 120Hz റീഫ്രഷ് റേറ്റുള്ള 6.88-ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാകും വരുന്നത്. 18W ഫാസ്റ്റ് ചാർജിംഗുള്ള 5,160mAh ബാറ്ററിയാണ് ഈ ഫോണിലുണ്ടാവുക. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഫോണിനുണ്ടാവുകയെന്നും അഭ്യൂഹമുണ്ട്.
പരസ്യം
പരസ്യം