Photo Credit: Poco
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ രണ്ടു പുതിയ ഫോണുകൾ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. പോക്കോ M7 പ്രോ 5G, പോക്കോ C75 5G എന്നിവ ഡിസംബർ 17-നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. റിലീസിന് മുന്നോടിയായി, ഷവോമിയുടെ സബ്-ബ്രാൻഡായ പോക്കോ, ഈ പുതിയ സ്മാർട്ട്‌ഫോണുകളുടെ പ്രധാന സവിശേഷതകൾ പങ്കിടുകയുണ്ടായി. ഫോണിൻ്റെ ക്യാമറ, ഡിസ്‌പ്ലേ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് അവർ വെളിപ്പെടുത്തിയത്. നിലവാരമുള്ള ഫോട്ടോകൾ ഉറപ്പു നൽകി പോക്കോ M7 പ്രോ 5G ഫോണിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും, സോണി സെൻസറും സജ്ജീകരിച്ചിരിക്കുന്നു. മറുവശത്ത്, പോക്കോയുടെ ബജറ്റ്-ഫ്രണ്ട്ലി സി സീരീസിൽ ഷവോമിയുടെ പുതിയ HyperOS ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യത്തെ ഫോണായിരിക്കും പോക്കോ C75 5G. ന്യായമായ വിലക്ക് മികച്ച സവിശേഷതകളും മികച്ച പ്രകടനവും ഉറപ്പു നൽകുന്ന ഫോണുകളായിരിക്കും ഇത്.
സാമൂഹ്യമാധ്യമമായ എക്സിൽ ഇട്ട നിരവധി പോസ്റ്റുകളിലൂടെയാണ് പോക്കോ ഇന്ത്യ അവരുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ പോക്കോ M7 പ്രോ 5G-യുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. സുഗമമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്ന 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേയ്ക്ക് 2,100 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ ഉണ്ടായിരിക്കും. കൂടാതെ, കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിന് TUV ട്രിപ്പിൾ സർട്ടിഫിക്കേഷനും SGS ഐ കെയർ ഡിസ്‌പ്ലേ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുള്ള ഫോണാണിത്. ഈ ഫോണിൻ്റെ സ്‌ക്രീൻ-ടു-ബോഡി റേഷ്യോ 92.02 ശതമാനമാണെന്ന് പറയപ്പെടുന്നു, ഇത് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച കാഴ്ചാനുഭവം നൽകുന്നു.
ഫോട്ടോഗ്രാഫിക്കായി, പോക്കോ M7 പ്രോ 5G-യിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. പ്രധാന ക്യാമറ 50 മെഗാപിക്സൽ സോണി LYT-600 സെൻസറാണ്. ഈ ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), മൾട്ടി-ഫ്രെയിം നോയ്സ് റിഡക്ഷൻ, മികച്ച ഇമേജ് ക്വാളിറ്റിക്കായി ഫോർ-ഇൻ-വൺ പിക്സൽ ബിന്നിംഗ് എന്നിവയുണ്ടാകും. കൂടുതൽ വ്യക്തമായ ഷോട്ടുകൾ നൽകുന്ന ഇൻ-സെൻസർ സൂം, സൂപ്പർ റെസലൂഷൻ സാങ്കേതികവിദ്യ എന്നിവയെയും ഫോൺ പിന്തുണയ്ക്കും. 300 ശതമാനം സൂപ്പർ വോളിയം, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, സ്‌ക്രീൻ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ. എളുപ്പത്തിൽ അൺലോക്ക് ചെയ്യുന്നതിനായി ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ടായിരിക്കും.
പോക്കോ C75 5G സ്മാർട്ട്ഫോൺ HyperOS ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി വരുന്ന സീരീസിലെ ആദ്യത്തെ ഫോണായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിൻ്റെ വില 9,000 രൂപയിൽ താഴെയായിരിക്കും. ഈ വിലയിൽ സോണി ക്യാമറ സെൻസറുള്ള ആദ്യത്തെ ഫോണായിരിക്കും പോക്കോ C75 എന്നു കമ്പനി പറയുന്നു.
4nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്‌സെറ്റ് ആണ് പോക്കോ C75 5G ഫോണിനു കരുത്തു നൽകുക. 4GB ടർബോ റാം ഉൾപ്പെടെ 8GB വരെ റാം ഇതിലുണ്ടാകും. കൂടാതെ 1TB വരെ സ്റ്റോറേജ് വികസിപ്പിക്കുകയും ചെയ്യാം.
രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS) അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കുമെന്ന് പോക്കോ വാഗ്ദാനം ചെയ്യുന്നു. ടാപ്പ് ഗെസ്ചറുകളോടു കൂടിയ സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം സപ്പോർട്ട്, MIUI ഡയലർ എന്നിവയും ഈ ഫോണിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം