പ്രൈവസി ഡിസ്പ്ലേ ഫീച്ചറുമായി സാംസങ്ങ് ഗാലക്സി S26 അൾട്ര എത്തിയേക്കും; വിശദമായി അറിയാം
Photo Credit: Samsung
സാംസങ്ങ് വൺ Ul 8.5 ബീറ്റ വേർഷനിലൂടെ പുറത്തു വന്ന ഗാലക്സി S26 അൾട്രയിലെ പ്രൈവസി ഡിസ്പ്ലേ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ
Al അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രൈവസി ഫീച്ചർ ഗാലക്സി S26 അൾട്ര മോഡലിൽ സാംസങ്ങ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങിൻ്റെ വൺ UI 8.5 ബീറ്റ വേർഷനിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ വിവരങ്ങൾ പുറത്തു വന്നത്. അടുത്തിടെ പുറത്തിറങ്ങിയ വൺ UI 8.5 ബീറ്റ ഫേംവെയറിൽ ഉൾപ്പെടുത്തിയ ടിപ്സ് ആപ്പിനുള്ളിൽ ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രൈവസി ഡിസ്പ്ലേ എന്നാണ് ഈ ഫീച്ചറിനെ വിളിക്കുന്നത്.
ഫോൺ ഉപയോഗിക്കുമ്പോൾ അടുത്തു നിൽക്കുന്ന ആളുകൾ ഓൺ-സ്ക്രീനിലെ കണ്ടൻ്റുകൾ നോക്കാതെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ഓപ്ഷൻ ഓൺ ചെയ്താൽ വ്യത്യസ്ത ആംഗിളുകളിൽ നിന്നും വ്യത്യസ്തമായ തരത്തിലാണ് ഫോണിൻ്റെ ഡിസ്പ്ലേ കാണുക. വശങ്ങളിൽ നിന്നും നോക്കുമ്പോൾ ഇരുണ്ടതോ ചെറുതായി മങ്ങിയതോ ആയിട്ടും, മുന്നിൽ നിന്ന് നേരിട്ട് നോക്കുമ്പോൾ വ്യക്തമായിട്ടും ആയിരിക്കും സ്ക്രീൻ കാണുക. വ്യൂവിംഗ് ആംഗിളുകൾ നിയന്ത്രിക്കാനും ബ്രൈറ്റ്നസ് സ്വയമേവ മാറ്റാനും സിസ്റ്റം AI ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെ പുറത്തിറങ്ങിയ വൺ UI 8.5 ബീറ്റ വേർഷനിൽ ഉണ്ടായിരുന്ന സാംസങ്ങ് ടിപ്സ് ആപ്പിൽ നിന്നാണ് പ്രൈവസി ഡിസ്പ്ലേ എന്ന പുതിയ ഫീച്ചറിൻ്റെ വിശദാംശങ്ങൾ സാംമൊബൈൽ കണ്ടെത്തിയത്. വശങ്ങളിൽ നിന്ന് സ്ക്രീനിന്റെ എത്രത്തോളം ഭാഗം കാണാൻ കഴിയുമെന്നത് ക്രമീകരിക്കുന്നതിനു വേണ്ടിയാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരെങ്കിലും വശങ്ങളിൽ നിന്ന് ഫോണിലേക്ക് നോക്കുമ്പോൾ, ഡിസ്പ്ലേ ഇരുണ്ടതായി കാണപ്പെടും. അതിനാൽ സമീപത്തുള്ള ആളുകൾക്ക് ഫോണിലുള്ള കണ്ടൻ്റുകൾ വ്യക്തമായി കാണാനാവില്ല.
വിവരങ്ങൾ അനുസരിച്ച്, സെറ്റിങ്ങ്സ് ആപ്പിൽ പോയി പ്രൈവസി ഡിസ്പ്ലേ ഫീച്ചർ ഓണാക്കാൻ കഴിയും. ക്വിക്ക് പാനലിൽ ലഭ്യമായ ഒരു ടോഗിൾ ഉപയോഗിച്ചും ഇത് വേഗത്തിൽ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയുമെന്നതിനാൽ, ഇത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും കഴിയും. കൂടാതെ, ഈ സവിശേഷത ഓട്ടോമേറ്റ് ചെയ്യാൻ സാംസങ്ങ് ഉപയോക്താക്കളെ അനുവദിക്കുന്നു. സാംസങ്ങിന്റെ മോഡുകളും റൂട്ടീൻസ് ആപ്പും ഉപയോഗിച്ച് പ്രവർത്തിക്കുന്ന "കണ്ടീഷൻസ് ടു ടേൺ ഓൺ" സെക്ഷനിൽ നിയമങ്ങൾ സജ്ജീകരിച്ച് ഇത് ചെയ്യാൻ കഴിയും. ചെയ്തു കഴിഞ്ഞാൽ, ഉപയോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി ഫീച്ചർ സ്വയമേവ ആക്റ്റിവേറ്റ് ആകും.
സാംസങ്ങ് ഡിസ്പ്ലേയുടെ ഫ്ലക്സ് മാജിക് പിക്സൽ ടെക്നോളജിയെ ആശ്രയിച്ചാണ് പ്രൈവസി ഡിസ്പ്ലേ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഫീച്ചർ ഗാലക്സി S26 അൾട്രയിൽ മാത്രമായിരിക്കുമോ അതോ മുഴുവൻ ഗാലക്സി S26 സീരീസിലും ഉണ്ടാകുമോ എന്ന് കാര്യം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.
കുറച്ച് മാസങ്ങൾക്ക് മുൻപു തന്നെ സാംസങ്ങ് ഗാലക്സി S26 അൾട്രയ്ക്ക് AI അടിസ്ഥാനമാക്കിയുള്ള പ്രൈവസി ഫീച്ചർ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്റ്റാൻഡേർഡ് ഗാലക്സി S26, ഗാലക്സി S26+ മോഡലുകൾക്കൊപ്പം ഫെബ്രുവരിയിൽ ഗാലക്സി S26 അൾട്രാ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
അൾട്രാ വേരിയൻ്റിൽ വലിയ 6.9 ഇഞ്ച് M14 ക്വാഡ് HD+ CoE ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ക്രീൻ 2,600nits വരെ ബ്രൈറ്റ്നെസിനെ പിന്തുണച്ചേക്കാം. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഇതിന് കരുത്ത് പകരാൻ സാധ്യതയുണ്ട്. 5,000mAh ബാറ്ററി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 60W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ എന്നിവ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം