ഇന്ത്യയടക്കമുള്ള ആഗോളവിപണിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിക്സൽ 9 പ്രോ ഫോൾഡ് ലോഞ്ച് ചെയ്തത്. മേഡ് ബൈ ഗൂഗിൾ ഹാർഡ്‌വെയർ ലോഞ്ചിൽ അവതരിപ്പിക്കപ്പെട്ട മോഡൽ ഇന്ത്യയിലെ ഗൂഗിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണും കമ്പനിയുടെ രണ്ടാമത്തേതുമാണ്. മറ്റു മൂന്നു മോഡൽ സ്മാർട്ട്ഫോണുകൾക്കൊപ്പം അവതരിപ്പിക്കപ്പെട്ട പിക്സൽ 9 പ്രോ ഫോൾഡിൽ ഗൂഗിളിൻ്റെ ടെൻസർ 94 ചിപ്പ്സെറ്റാണുള്ളത്. 45W ചാർജിംഗിനെ പിന്തുണക്കുന്ന 4650 mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 8 ഇഞ്ച് ഇന്നർ ഡിസ്പ്ലേയും 6.3 ഇഞ്ച് കവർ ഡിസ്പ്ലേയുമാണുള്ളത്.
പിക്സൽ 9 പ്രോ ഫോൾഡിൻ്റെ ഇന്ത്യയിലെ വില, ലഭ്യത മുതലായ വിവരങ്ങൾ:
ഗൂഗിളിൻ്റെ പുതിയ എൻട്രിയായ പിക്സൽ 9 പ്രോ ഫോൾഡിൻ്റെ ഇന്ത്യയിലെ വില 172999 രൂപയാണ്. അതിൽ നിന്നു തന്നെ ഫോണിൻ്റെ റേഞ്ച് ഊഹിക്കാമല്ലോ. 16GB RAM + 256GB സ്റ്റോറേജ് എന്ന ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുകയെന്ന് കമ്പനി വ്യക്തമാക്കി. ഒബ്സിഡിയൻ, പോർസെലൈൻ എന്നീ രണ്ടു നിറങ്ങളിലാണ് ഈ ഫോൺ വിപണിയിലേക്കെത്തുക.
ഓഗസ്റ്റ് 22 മുതലാണ് പിക്സൽ 9 പ്രോ ഫോൾഡിൻ്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നത്. നേരത്തെ പിക്സൽ സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ടിലൂടെ മാത്രമാണു ലഭ്യമായിരുന്നതെങ്കിൽ ഇത്തവണ അതിലും മാറ്റമുണ്ട്. പിക്സൽ 9 പ്രോ ഫോൾഡ് ഫ്ലിപ്കാർട്ട്, ക്രോമ എന്നിവക്കു പുറമെ റിലയൻസ് ഡിജിറ്റൽ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും സ്വന്തമാക്കാം. ഇതിനു പുറമെ ഡെൽഹി, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഗൂഗിളിൻ്റെ വാക്ക്-ഇൻ സെൻ്ററുകളിൽ നിന്നും ഇതു വാങ്ങാം. ഇത്തരമൊരു സെൻ്റർ അടുത്തു തന്നെ മുംബൈയിലും വരുന്നുണ്ട്.
പിക്സൽ 9 പ്രോ ഫോൾഡിൻ്റെ സവിശേഷതകൾ:
നാനോ, ഇ-സിം എന്നിങ്ങനെയുള്ള ഡ്യുവൽ സിം സെറ്റപ്പുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 14 ലാണ് പ്രവർത്തിക്കുന്നത്. ഏഴു വർഷത്തേക്ക് ആൻഡ്രോയ്ഡ്OS, സെക്യൂരിറ്റി, പിക്സൽ ഡ്രോപ് എന്നിവയുടെ അപ്ഡേറ്റ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഗൂഗിളിൻ്റെ ടെൻസർ 94 ചിപ്പ്സെറ്റുള്ള സ്മാർട്ട്ഫോണിൽ ടൈറ്റാൻ M2 സെക്യൂരിറ്റി കോപ്രോസസറുമുണ്ട്.
120Hz റീഫ്രഷ് റേറ്റും 2700nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 8 ഇഞ്ച് (2076x2152 pixels) LTPO OLED സൂപ്പർ ആക്ച്വൽ ഫ്ലെക്സ് ഇന്നർ സ്ക്രീനും, അതേ പീക്ക് ബ്രൈറ്റ്നെസ് ലെവലും റീഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 പ്രൊട്ടക്ഷനുമുള്ള 6.3 ഇഞ്ച് (1080x2424 pixels) OLED ആക്ച്വൽ ഡിസ്പ്ലേയുള്ള ഔട്ടർ സ്ക്രീനുമാണ് ഇതിലുള്ളത്.
ഈ സ്മാർട്ട്ഫോണിൻ്റെ പുറംഭാഗത്ത് 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 10.5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 10.8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണുള്ളത്. വൈഡ്, ടെലിഫോട്ടോ ക്യാമറകൾക്ക് ഒപ്റ്റിക്കൽ ആൻഡ് ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനുണ്ട്. ഇതിനു പുറമെ കവർ ഡിസ്പ്ലേയിലും ഇന്നർ സ്ക്രീനിലും 10 മെഗാപിക്സലുള്ള രണ്ടു ക്യാമറകൾ ഉൾപ്പെടെ ആകെ അഞ്ചു ക്യാമറകൾ ഇതിലുണ്ട്. പിക്സൽ 9 പ്രോ ഫോൾഡ് ഗൂഗിൾ ഫോണുകൾക്കു മാത്രമായുള്ള നിരവധി ക്യാമറ, എഡിറ്റിങ്ങ് ഫീച്ചേഴ്സും നൽകുന്നു.
യുഎസ് അടക്കമുള്ള മറ്റു റീജിയണുകളിൽ 512GB സ്റ്റോറേജ് വേരിയൻ്റ് ലഭ്യമാണെങ്കിലും ഇന്ത്യയിൽ 256GB വേരിയൻ്റ് മാത്രമാണു ലഭ്യമാവുക. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, NFC, GPS, അൾട്രാ-വൈഡ്ബാൻഡ് (UWB), USB 3.2 ടൈപ്പ്-സി പോർട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഒപ്ഷനുകളും ആക്സലറോമീറ്റർ, ആംബിയൻസ് ലൈറ്റ് സെൻ്റർ, ഇ-കോമ്പസ്, ബാരോമീറ്റർ തുടങ്ങി നിരവധി സെൻസറുകളും പിക്സൽ 9 പ്രോ ഫോൾഡിലുണ്ട്.
45W PPS ചാർജിംഗും Qi വയർലെസ് ചാർജിംഗും പിന്തുണക്കുന്ന 4650mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ ഫിംഗർപ്രിൻ്റ് അടിസ്ഥാനമാക്കിയ ബയോമെട്രിക് സെൻസറുണ്ട്. വാട്ടർ റെസിസ്റ്റൻസിൻ്റെ കാര്യത്തിൽ IPX8 റേറ്റിംഗാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.