Photo Credit: Oppo
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ അവരുടെ റെനോ 13 സീരീസ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. ചൈനയിലാണ് ആദ്യമായി ഫോൺ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ലൈനപ്പിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. റെനോ 13 സീരീസിൽ ഒരു സ്റ്റാൻഡേർഡ് മോഡലും പ്രോ വേരിയൻ്റും ഉൾപ്പെടും. ഓപ്പോ റെനോ 12, റെനോ 12 പ്രോ എന്നിവയുടെ പിൻഗാമിയായാണ് ഈ സീരീസ് ഫോണുകളെത്തുന്നത്. റാം, സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പം ഫോണുകളുടെ ഡിസൈനും ഓപ്പോ വെളിപ്പെടുത്തിയിട്ടുണ്ട്. ലോഞ്ചിംഗിന് മുന്നോടിയായി, ഈ മോഡലുകളിലൊന്നിനെ ഒരു ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. അവിടെ നിന്നും ഇവയുടെ ചിപ്‌സെറ്റിനെയും പ്രകടനത്തെയും കുറിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ബ്രാൻഡാണ് ഓപ്പോ. അതുകൊണ്ടു തന്നെ റെനോ 13 സീരീസിൻ്റെ ഗ്ലോബൽ റിലീസിനായി ഏവരും കാത്തിരിക്കുകയാണ്.
ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ നവംബർ 25ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം 4:30 PM) ലോഞ്ച് ചെയ്യുമെന്ന് വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് കമ്പനി അറിയിച്ചത്. ബട്ടർഫ്ലൈ പർപ്പിൾ നിറത്തിൽ ഫോണുകൾ ലഭ്യമാകുമെന്നാണ് വിവരമെങ്കിലും ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 13 സീരീസിനൊപ്പം ഓപ്പോ പാഡ് 3, ഓപ്പോ എൻകോ R3 പ്രോ TWS എന്നിവയും ഇവൻ്റിൽ അവതരിപ്പിക്കും.
12GB + 256GB, 12GB + 512GB, 16GB + 256GB, 16GB + 512GB, 16GB + 1TB എന്നിങ്ങനെ അഞ്ച് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഓപ്പോ റെനോ 13 സീരീസ് വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റെനോ 13 ഫോണിൻ്റെ അടിസ്ഥാന മോഡൽ ഓപ്പോ ചൈന ഇ-സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
@chunvn8888 എന്ന പേരിലുള്ള എക്സ് ഉപയോക്താവിൻ്റെ ഒരു പോസ്റ്റ് അനുസരിച്ച്, ഓപ്പോ റെനോ 13 സീരീസ് 2025 ജനുവരിയിലാണ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുക. അതേ സമയം തന്നെ സീരീസ് ഇന്ത്യയിലും അരങ്ങേറുമെന്ന് മുൻപ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഓപ്പോ റെനോ 13 സീരീസിലുള്ള സ്റ്റാൻഡേർഡ്, പ്രോ വേരിയൻ്റുകൾ മീഡിയടെക് ഡൈമെൻസിറ്റി 8300 ചിപ്‌സെറ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 13 പ്രോയിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത പുതിയ മീഡിയാടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ഉൾപ്പെടുമെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.
ഇതിനിടയിൽ, ഓപ്പോ റെനോ 13 പ്രോയുടെ ചൈനീസ് പതിപ്പ് എന്ന് വിശ്വസിക്കപ്പെടുന്ന, PKK110 എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ചിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. സിപിയു, ജിപിയു വിശദാംശങ്ങളെ അടിസ്ഥാനമാക്കി, മീഡിയടെക് ഡൈമെൻസിറ്റി 8300 പ്രോസസറാണ് ഈ ഫോൺ ഫീച്ചർ ചെയ്യുന്നത്. ഈ സ്മാർട്ട്ഫോൺ 16GB വരെ റാം പിന്തുണ നൽകുമെന്നും ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം