Photo Credit: Oppo
Oppo K13 5G (ചിത്രത്തിൽ) 8GB + 128GB ഓപ്ഷന് 17,999 രൂപയായിരുന്നു വില
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ K13x 5G ഉടനെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ള ടീസർ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിൻ്റെ കൃത്യമായ ലോഞ്ച് തീയ്യതി ഓപ്പോ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും ഫ്ലിപ്കാർട്ടിലൂടെയാണ് ഇതു വിൽപ്പനക്കു വരുന്നതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതിനു പുറമെ ഓപ്പോ K13x 5G-യുടേതെന്നു കരുതപ്പെടുന്ന റീട്ടെയിൽ ബോക്സിൻ്റെ ഇമേജ് പുറത്തു വന്നതിനാൽ ഇതിൻ്റെ ഡിസൈൻ, ഇന്ത്യയിലെ വില എന്നിവ സംബന്ധിച്ച ചില സൂചനകളും ലഭിച്ചിട്ടുണ്ട്. 17,520 രൂപക്ക് ഓപ്പോ K13 5G ഇന്ത്യയിൽ ലഭ്യമാകുന്നതിനിടെയാണ് ഓപ്പോ K13x 5G ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രീമിയം നിലവാരമുള്ള, വില കൂടിയ ഒരു ഫോൺ ആയിരിക്കില്ല ഓപ്പോ K13x. മറിച്ച് മിഡ്-റേഞ്ച് വിഭാഗത്തിലുള്ള ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനായിരിക്കും ഇത്. വിപണിയിൽ ശക്തമായ മത്സരം സൃഷ്ടിക്കാൻ ഇതിനു കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
91Mobiles റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, വരാനിരിക്കുന്ന ഓപ്പോ K13x 5G-യുടെ വില ഇന്ത്യയിൽ 15,999 രൂപയിൽ താഴെയായിരിക്കും. എന്നാൽ ഈ ഫോൺ ഏതൊക്കെ റാം, സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ കമ്പനി എത്ര കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുമെന്നോ അവയുടെ വില എങ്ങിനെ നിശ്ചയിക്കുമെന്നോ വ്യക്തമല്ല.
ഈ ഫോണിൻ്റെ മുൻഗാമിയായ ഓപ്പോ K12x 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 8GB RAM + 256GB പതിപ്പിന് 15,999 രൂപയും ആയിരുന്നു വില. ഇതിനോട് അടുത്തു നിൽക്കുന്ന വിലയിൽ തന്നെ പുതിയ ഫോൺ നൽകുമെന്നാണു കരുതേണ്ടത്.
അതേസമയം, ഇതേ സീരീസിൻ്റെ ഭാഗമായ ഓപ്പോ K13 5G ഇന്ത്യയിൽ നേരത്തെ ലോഞ്ച് ചെയ്തിരുന്നു. 8 ജിബി റാം + 128 ജിബി വേരിയന്റിന് 17,999 രൂപയും 8 ജിബി റാം + 256 ജിബി വേരിയന്റിന് 19,999 രൂപയും ആണ് വില. സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രൊസസർ കരുത്തു നൽകുന്ന ഈ ഫോണിൽ 7,000mAh ബാറ്ററിയുണ്ട്. ഏപ്രിലിൽ ഇത് ലോഞ്ച് ചെയ്ത ഈ ഫോൺ നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
ഉയർന്ന പെർഫോമൻസും ബാറ്ററി ലൈഫും ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഓപ്പോ K13 5G. എന്നാൽ K13x 5G കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഓപ്പോ K13x 5G സ്മാർട്ട്‌ഫോണിന്റെ റീട്ടെയിൽ ബോക്‌സിന്റെ ചിത്രം പോലെ തോന്നിക്കുന്ന ഒരു ചിത്രം അടുത്തിടെ പുറത്തു വന്നിട്ടുണ്ട്. വൃത്താകൃതിയിലുള്ള എഡ്ജുകളും ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയുമുള്ള ഫോണിന്റെ മുൻവശത്തെ ഡിസൈൻ ഈ റീട്ടെയിൽ ബോക്‌സിൽ കാണിച്ചിരിക്കുന്നു. സ്‌ക്രീനിന്റെ മുകൾ ഭാഗത്ത്, ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ടൗട്ട് ഉണ്ട്. ഓപ്പോ ഔദ്യോഗികമായി പുറത്തിറക്കിയ ഫോണിൻ്റെ ഡിസൈൻ കാണിക്കുന്ന ടീസറുമായി ഈ ഡിസൈൻ പൊരുത്തപ്പെടുന്നുണ്ട്.
ചോർച്ചകൾ അനുസരിച്ച്, ഓപ്പോ K13x 5G ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് കരുത്തു നൽകുക. ഫോണിന് 6,000mAh ബാറ്ററിയുണ്ടാകാം, ഇത് വലുതും ദീർഘകാല ഉപയോഗം നൽകുന്നതുമാണ്. ഈ ബാറ്ററി 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഈ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കാനാണു സാധ്യത. ക്യാമറ മൊഡ്യൂളിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെട്ടേക്കാം, ഇത് ഡെപ്ത് അല്ലെങ്കിൽ മാക്രോ ഷോട്ടുകൾക്കായി ഉപയോഗിക്കാം. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളുകൾ ചെയ്യുന്നതിനുമായി 8 മെഗാപിക്സൽ ക്യാമറ മുൻവശത്ത് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ഓപ്പോ K13x 5G-യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് തീയതി അടുക്കുമ്പോൾ ഉടൻ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം