പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസിൻ്റെ നോർദ് 4 സീരീസിൽ വരുന്ന ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത. പുതിയ, മികച്ച അപ്ഡേറ്റുകൾ നൽകുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന കമ്പനി ഇത്തവണ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഫീച്ചറുകളാണ് തങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സിനു നൽകുന്നത്. ഓഗസ്റ്റ് 10 മുതൽ വൺപ്ലസ് നോർദ് 4, വൺപ്ലസ് നോർദ് CE 4 ലൈറ്റ് 5G എന്നീ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ Al ഫീച്ചറുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്കു മൂന്നു പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളാണ് കമ്പനി നൽകുന്നത്. ഫോണിൻ്റെ സൈഡ്ബാറിലുള്ള Al ടൂൾകിറ്റുകൾ വഴിയാണ് ഈ ഫീച്ചറുകൾ നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയുക. എന്നാൽ ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനു വേണ്ട വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അവ നിങ്ങൾക്കു ലഭിക്കുകയുള്ളൂ. ഉദാഹരണമായി, വലിയ ടെക്സ്റ്റുള്ള ഒരു വെബ്പേജ് ഉള്ളപ്പോൾ മാത്രമേ ഈ ഫീച്ചറുകളിലൊന്നായ Al സ്പീക്ക് ദൃശ്യമാവുകയുള്ളൂ.
വൺപ്ലസ് നോർദ് 4 സീരീസിൽ ലഭ്യമാകുന്ന പ്രധാനപ്പെട്ട Al ഫീച്ചറുകൾ:
കഴിഞ്ഞ ജൂലൈയിലാണ് വൺപ്ലസ് നോർദ് 4 സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യപ്പെട്ടത്. അപ്പോൾ തന്നെ ഈ Al ഫീച്ചറുകൾ അവക്കൊപ്പം ഉണ്ടാകേണ്ടതായിരുന്നു എങ്കിലും അതു വൈകിപ്പോയി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കമ്പനി ഇതു പ്രസ്തുത സ്മാർട്ട്ഫോണുകളിൽ കൂട്ടിച്ചേർത്തത്. വൺപ്ലസ് നോർദ് CE 4 ലൈറ്റ് 5G ഉപയോഗിക്കുന്നവരിൽ ഇന്ത്യയിലുള്ളവർക്കു മാത്രമേ ഈ ഫീച്ചറുകൾ ലഭ്യമാകൂ എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം വൺപ്ലസ് നോർദ് 4 ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഇക്കാര്യത്തിൽ മാറ്റമുണ്ടാകും. യൂറോപ്പ്, ഇന്ത്യ, ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, സൗത്ത് ഏഷ്യ, റഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലുള്ള വൺപ്ലസ് നോർദ് 4 ഉപയോക്താക്കൾക്കെല്ലാം ഈ ഫീച്ചർ ലഭ്യമാകുമെന്ന് കമ്പനി വ്യക്തത വരുത്തിയിട്ടുണ്ട്.
പുതിയ ഫീച്ചറുകളുടെ കാര്യത്തിലേക്കു വരികയാണെങ്കിൽ അതിലൊരെണ്ണം Al സ്പീക്ക് ആണ്. നിശ്ചിത എണ്ണം ടെക്സ്റ്റ് ലഭ്യമാണെങ്കിൽ അതുറക്കെ വായിക്കുന്ന ടെക്സ്റ്റ് ടു സ്പീക്ക് (TTS) ഫീച്ചറാണിത്. വെബ് ബ്രൗസറുകളിലും ചില ആപ്പുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. അതേസമയം ചില സോഷ്യൽ മീഡിയ ആപ്പുകളിൽ ഇതു പ്രവർത്തിക്കില്ലെന്ന കാര്യം ശ്രദ്ധിക്കുക. സ്ത്രീയുടെയും പുരുഷൻ്റെയും ശബ്ദം തിരഞ്ഞെടുക്കുക, ചില ഭാഗങ്ങൾ വീണ്ടും കേൾക്കുക, ചില വാചകങ്ങൾ ഒഴിവാക്കുക, പ്ലേബാക്ക് സ്പീഡ് അഡ്ജസ്റ്റ് ചെയ്യുക തുടങ്ങി നിരവധി ഒപ്ഷൻസ് ഇതിലുണ്ട്. സ്ക്രീനിൻ്റെ താഴെ കാണുന്ന ഷീറ്റിലൂടെ ഇതു തിരഞ്ഞെടുക്കാൻ കഴിയും. അതേ ഇൻ്റർഫേസിൽ തന്നെ വായിക്കേണ്ട ടെക്സ്റ്റും കാണാൻ കഴിയും.
Al സമ്മറിയാണ് രണ്ടാമത്തെ ഫീച്ചർ. ഗൂഗിൾ, സാംസങ്ങ് എന്നിവയിലുള്ളതു പോലെ ഒരു വലിയ ഡോക്യുമെൻ്റിലോ വെബ്പേജിലോ ഉള്ള ടെക്സ്റ്റിൻ്റെ ചെറിയ രൂപത്തിലുള്ള സംഗ്രഹം ഇതിലൂടെ നിർമിക്കാം. ഈ സംഗ്രഹം നോട്ട്സ് ആപ്പിലേക്കു കോപ്പി ചെയ്യാനും ഷെയർ ചെയ്യാനും സേവ് ചെയ്യാനും കഴിയും. ഫയൽ ഡോക്കിലും ഇതു സൂക്ഷിക്കാം.
Al റൈറ്ററാണ് മൂന്നാമത്തെ ഫീച്ചർ.
Al സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റ് ജനറേറ്റിംഗ് ടൂളായ ഇതുവഴി ഉപന്യാസങ്ങൾ, ഇമെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, റിവ്യൂസ് എന്നിവ കൂടാതെ കഥകൾ വരെ എഴുതാൻ കഴിയും. ടെക്സ്റ്റ് ഫീൽഡിനുള്ളിൽ സജീവമാകുന്ന ഈ ഫീച്ചറിൽ, ഉണ്ടാക്കുന്ന വാചകങ്ങളിലുള്ള വിഷയത്തെ നമുക്കു കൃത്യമായി നിയന്ത്രിക്കാൻ കഴിയും. സ്ക്രീനിലുള്ള ചിത്രങ്ങളെ അടിസ്ഥാനമാക്കിയും ടെക്സ്റ്റ് സൃഷ്ടിക്കാൻ കഴിയും.
ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ സ്ക്രീൻ റെക്കഗ്നിഷൻ പ്രവർത്തനക്ഷമമാക്കണം. സെറ്റിങ്ങ്സിലെ ആക്സസിബിലിറ്റി & കൺവീനിയൻസ് എന്ന ഒപ്ഷനിലൂടെ ഇതു ചെയ്യാം. അതല്ലെങ്കിൽ, ഫീച്ചർ ആദ്യമായി ഉപയോഗിക്കുമ്പോൾ സ്ക്രീൻ റെക്കഗ്നിഷൻ എനേബിൾ ചെയ്യാൻ സമ്മതം ചോദിക്കുന്ന പ്രോംപ്റ്റ് വരുമ്പോഴും അതിനു കഴിയും.