Photo Credit: OnePlus
വൺപ്ലസ് 12R സ്മാർട്ട്ഫോണിൻ്റെ ഷെഡ്യൂൾ പിന്തുടർന്ന് പിൻഗാമിയായ വൺപ്ലസ് 13R ഉടനെ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയിൽ തന്നെ ഈ ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചനകൾ. കമ്പനി ഇതുവരെ ഈ ഫോണിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അതിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ലീക്കായി പുറത്തു വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് 13R സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രധാന സെൻസറുള്ള ട്രിപ്പാൾ റിയർ ക്യാമറ സംവിധാനവും ഫോണിലുണ്ടാകും. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ ആയിരിക്കും ഈ ഫോണിനു കരുത്തു നൽകുകയെന്നാണ് കരുതേണ്ടത്. അതിനു പുറമെ 6,000mAh കപ്പാസിറ്റിയുള്ള വലിയ ബാറ്ററി ഇതിലുണ്ടാകും എന്ന കിംവദന്തിയുമുണ്ട്. ലോഞ്ചിനെയും ഫീച്ചറുകളേയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റീവ് എച്ച് മക്ഫ്ലൈ (@OnLeaks) എന്ന ടിപ്സ്റ്ററാണ് 91മൊബൈൽസുമായി സഹകരിച്ച്, വൺപ്ലസ് 13R ഫോണിനെക്കുറിച്ചുള്ള സാധ്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലീക്കുകൾ പ്രകാരം, 1,264x2,780 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി ഫോൺ വരാം. മുൻഗാമിയായ വൺപ്ലസ് 12R ഫോണിൻ്റെ സ്‌ക്രീനിന് സമാനമായി ഇതിന് 120Hz റീഫ്രഷ് റേറ്റും 450ppi പിക്‌സൽ ഡെൻസിറ്റിയും ഉണ്ടായിരിക്കും.
സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ ആയിരിക്കും വൺപ്ലസ് 13R-നു കരുത്തു നൽകുകയെന്നും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15.0-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്.
ആസ്ട്രൽ ട്രയൽ, നെബുല നോയർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ലോഞ്ച് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ പിന്നീടോ കൂടുതൽ റാമും, സ്റ്റോറേജുമുള്ള വേരിയൻ്റുകൾ, മറ്റു കളർ ഓപ്ഷനുകൾ എന്നിവ വൺപ്ലസ് അവതരിപ്പിച്ചേക്കാം.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വൺപ്ലസ് 13R വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയും f/2.0 അപ്പേർച്ചറുള്ള മറ്റൊരു 50 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു.
സെൽഫികൾക്കായി f/2.4 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ആയിരിക്കും. 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിൻ്റെ പ്രധാന സവിശേഷത. അടുത്തിടെ പുറത്തിറക്കിയ OnePlus 13-നും സമാനമായ ശേഷിയുള്ള ബാറ്ററിയാണുള്ളത്.
കണക്റ്റിവിറ്റിക്കായി, വൺപ്ലസ് 13R ഫോണിൽ Bluetooth 5.4, NFC, USB Type-C, Wi-Fi 802.11 a/b/g/n/ac/ax/be എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസറും ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്ററും ഉണ്ടായിരിക്കാം.
വലിപ്പത്തിൻ്റെ കാര്യത്തിൽ, വൺപ്ലസ് 13R, മുൻഗാമിയായ വൺപ്ലസ് 12R-നേക്കാൾ അൽപ്പം ചെറുതും കനം കുറഞ്ഞതുമായിരിക്കും. 161.72 x 75.77 x 8.02mm ആയിരിക്കും ഇതിൻ്റെ വലിപ്പമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരസ്യം
പരസ്യം