സ്മാർട്ട്ഫോൺ പ്രേമികളിൽ നിരവധി പേരുടെ പ്രിയപ്പെട്ട ബ്രാൻഡായ വൺപ്ലസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വൺപ്ലസ് 13 ഒക്ടോബർ 31-ന് ചൈനയിൽ അവതരിപ്പിച്ചിരുന്നു. ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ഇന്ത്യയടക്കമുള്ള മറ്റ് ആഗോള വിപണികളിലും ഉടനെ തന്നെ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത വർഷം ആദ്യമേ ഈ പ്രദേശങ്ങളിൽ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുകയുള്ളൂവെന്ന് കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ക്വാൽകോമിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 13. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉൾപ്പെടെ ശക്തമായ ക്യാമറ സംവിധാനവും ഇതിലുണ്ട്. ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫി ഉറപ്പാക്കാൻ ഹാസൽബ്ലാഡ് എന്ന കമ്പനിയുമായി ചേർന്നാണ് ക്യാമറ സജ്ജീകരണങ്ങൾ വൺപ്ലസ് തയ്യാറാക്കിയിരിക്കുന്നത്.
വൺപ്ലസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വൺപ്ലസ് 13, ഇന്ത്യയിലും ആഗോളതലത്തിലും 2025 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഒരു പത്രക്കുറിപ്പിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ്, മിഡ്‌നൈറ്റ് ഓഷ്യൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മിഡ്‌നൈറ്റ് ഓഷ്യൻ വേരിയൻ്റിൽ മികച്ച ഗ്രിപ്പിനായി മൈക്രോ-ഫൈബർ വീഗൻ ലെതർ ബാക്ക് നൽകുമെന്നും ഇതു പോറലുകൾ ഉണ്ടാകാതെ സംരക്ഷണം നൽകുമെന്നും കമ്പനി അറിയിച്ചു.
വൺപ്ലസ് 13 ഏറ്റവും പുതിയ IP68 + 69 സർട്ടിഫിക്കേഷൻ ലഭിച്ച ഹാൻഡ്സെറ്റ് ആയതിനാൽ തന്നെ പൊടിക്കും വെള്ളത്തിനുമെതിരെ ശക്തമായ പ്രതിരോധം ഉറപ്പു നൽകുന്നു. ഫോണിൻ്റെ സവിശേഷതകളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ ലഭ്യമാകും.
‘ഉടൻ വരുന്നു' എന്ന സന്ദേശത്തോടെ വൺപ്ലസ് 13 ലോഞ്ചിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് കമ്പനി ഒരുക്കിയിട്ടുണ്ട്. റിവാർഡുകൾ നൽകുന്ന, അഞ്ച് മൈൽസ്റ്റോണുകളുള്ള "നോട്ടിഫൈ മി" കാമ്പെയ്‌നും വൺപ്ലസ് നടത്തുന്നുണ്ട്. കാമ്പെയ്ൻ പൂർത്തിയാക്കുന്നവർക്ക് വൺപ്ലസ് ബോണസ് ഡ്രോപ്പിൽ പങ്കെടുക്കാം. ഇതിലൂടെ വെറും 11 രൂപയ്ക്ക് ഒരു ഉൽപ്പന്നം വാങ്ങാൻ നിങ്ങൾക്ക് കഴിയും.
പങ്കെടുക്കുന്നവർക്ക് 3000 രൂപ വിലയുള്ള വൺപ്ലസ് ഉൽപ്പന്നങ്ങളും 500 റെഡ്കോയിനുകളും നേടാനുള്ള അവസരം ഉണ്ട്. കൂടാതെ, റിവാർഡുകളിലൊന്നായി വൺപ്ലസ് ട്രാവൽ കിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
120Hz റീഫ്രഷ് റേറ്റ്, 4500nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 1440x3168 പിക്സൽ റെസല്യൂഷൻ എന്നിവയോടു കൂടിയ വലിയ 6.82 ഇഞ്ച് ക്വാഡ് HD+ LTPO AMOLED സ്‌ക്രീനുമായാണ് വൺപ്ലസ് 13 ചൈനയിൽ അവതരിപ്പിച്ചത്. മെച്ചപ്പെടുത്തിയ ദൃശ്യങ്ങൾക്കായി ഡോൾബി വിഷനെ പിന്തുണയ്ക്കുന്ന ഡിസ്പ്ലേയാണ് ഈ ഫോണിൻ്റെത്.
ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റും ശക്തമായ അഡ്രിനോ 830 ജിപിയുവും ചേർന്നതാണ് ഈ സ്മാർട്ട്‌ഫോൺ. ഇത് 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്കായി, വൺപ്ലസ് 13 ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50MP പ്രധാന ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം, 6x ഇൻ-സെൻസർ സൂം, 120x ഡിജിറ്റൽ സൂം എന്നിവയുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. നിലവാരമുള്ള സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 100W വയർഡ് ഫ്ലാഷ് ചാർജ് അല്ലെങ്കിൽ 50W വയർലെസ് ഫ്ലാഷ് ചാർജ് ഉപയോഗിച്ച് ഇത് ചാർജ് ചെയ്യാം. 5W റിവേഴ്സ് വയർഡ് ചാർജിംഗ്, 10W വയർലെസ് റിവേഴ്‌സ് ചാർജിംഗ് എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.
പരസ്യം
പരസ്യം