Photo Credit: OnePlus
ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോണായ വൺപ്ലസ് 13 ഇപ്പോൾ ഇന്ത്യയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഒരു ടിപ്‌സ്റ്റർ കഴിഞ്ഞ ദിവസം ഫോണിൻ്റെ ആഗോള ലോഞ്ച് തീയതിയുടെ വിവരങ്ങൾ വെളിപ്പെടുത്തി. വൺപ്ലസ് 13-ൻ്റെ അന്താരാഷ്ട്ര പതിപ്പിന് ചൈനയിൽ അവതരിപ്പിച്ച മോഡലിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണിനൊപ്പം മറ്റൊരു മോഡലായ വൺപ്ലസ് 13R കൂടി ഇന്ത്യയിലെത്താൻ സാധ്യതയുണ്ട്. നേരത്തെ ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് ഏയ്സ് 5-ൻ്റെ റീബ്രാൻഡഡ് പതിപ്പാണ് വൺപ്ലസ് 13R എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളും മികച്ച നിലവാരമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിരവധി ആരാധകരുള്ള വൺപ്ലസ് പുറത്തിറക്കുന്നത് ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള ഫോണുകൾ ആയതിനാൽ തന്നെ അതിനു വേണ്ടി കാത്തിരിക്കുന്ന നിരവധി പേരുണ്ട് എന്നതിൽ സംശയമില്ല.
വൺപ്ലസ് 13 സീരീസ് ഇന്ത്യയിലും ആഗോള വിപണികളിലും 2025 ജനുവരി ഏഴാം തീയ്യതി ഇന്ത്യൻ സമയം 9 PM-ന് ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കമ്പനിയുടെ വിൻ്റർ ലോഞ്ച് ഇവൻ്റിനിടെയാണ് ലോഞ്ച് ഇവൻ്റ് നടക്കുക. ടിപ്സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) സാമൂഹ്യമാധ്യമമായ എക്സിലെ ഒരു പോസ്റ്റിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ബാനറിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.
മുൻനിര വൺപ്ലസ് 13 ഫോണിനു പുറമേ, വൺപ്ലസ് 13R എന്ന മറ്റൊരു മോഡലും സീരീസിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൺപ്ലസ് 13 ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് വൺപ്ലസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ്, മിഡ്‌നൈറ്റ് ഓഷ്യൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.
വൺപ്ലസ് 13 ഫോണിൻ്റെ ചൈനീസ് പതിപ്പ് 120Hz റീഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, ഡോൾബി വിഷൻ എന്നിവയെ പിന്തുണക്കുന്ന 6.82 ഇഞ്ച് Quad-HD+ LTPO AMOLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ശക്തമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ 24GB വരെ LPDDR5X റാം വാഗ്ദാനം ചെയ്യുന്നു. 1TB വരെ UFS 4.0 സ്റ്റോറേജിൽ ഇത് ലഭ്യമാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ലാണ് ഈ ഉപകരണം വരുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, വൺപ്ലസ് 13 (ചൈനീസ് വേരിയൻ്റ്) ഫോണിനു ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ട്. പ്രധാന ക്യാമറ, അൾട്രാവൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂം നൽകുന്ന പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെ മൂന്നു ക്യാമറ സെൻസറുകളും 50 മെഗാപിക്സൽ ആണ്. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയുമുണ്ട്. 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ഇതിനിടെ, വൺപ്ലസ് ഏയ്സ് 5 ചൈനയിൽ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറുമായി അവതരിപ്പിക്കുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. ഈ ഫോൺ വൺപ്ലസ് 5 പ്രോയ്‌ക്കൊപ്പം മുൻകൂട്ടി റിസർവേഷനായി ലഭ്യമാണ്. ഡിസംബർ 26ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം