Photo Credit: OnePlus 13
ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ വമ്പന്മാരാണ് ആപ്പിളും സാംസങ്ങും. ഇവർക്കു വലിയ വെല്ലുവിളികൾ ഉയർത്താൻ മറ്റു കമ്പനികൾക്കു കഴിയാറില്ലെങ്കിലും വിപണിയിൽ വലിയ മത്സരം അവർ സൃഷ്ടിക്കാറുണ്ട്. വമ്പൻ ബ്രാൻഡുകളോടു മത്സരിക്കാൻ പുതിയൊരു മോഡൽ ഫോണുമായി എത്താൻ പോകുന്നത് വൺപ്ലസാണ്. വൺപ്ലസ് 12 സ്മാർട്ട്ഫോണിൻ്റെ പിൻഗാമിയായ വൺപ്ലസ് 13 ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ ഡിസ്‌പ്ലേയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതിനകം പങ്കിട്ടു കഴിഞ്ഞു. അതിനു പുറമെ, ഇപ്പോൾ ഒരു പ്രമുഖ വൺപ്ലസ് എക്സിക്യൂട്ടീവ് ഫോണിൻ്റെ ചാർജിംഗ് സവിശേഷതയെക്കുറിച്ച് പ്രധാനപ്പെട്ട സൂചന നൽകിയിട്ടുണ്ട്. ബാറ്ററിയുടെ വലിപ്പം പോലെയുള്ള മറ്റ് ചില വിവരങ്ങളും പുറത്തു വന്നു കഴിഞ്ഞു. വൺപ്ലസ് 13 സ്മാർട്ട്ഫോൺ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നാണ് അഭ്യൂഹങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
വരാനിരിക്കുന്ന വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ ഉപഭോക്താക്കൾക്ക് "മാഗ്നറ്റിക് സക്ഷൻ" ഫീച്ചറുമായി വരുന്ന "വുഡ് ഗ്രെയ്ൻ ഫോൺ കെയ്‌സുകൾ" വാങ്ങാൻ കഴിയുമെന്ന് വൺപ്ലസ് ചൈനയുടെ തലവൻ ലൂയിസ് ലീ വെയ്‌ബോയിൽ ഇട്ട ഒരു പോസ്റ്റിലൂടെ കമ്പനി അറിയിച്ചു. ഈ പുതിയ ഫീച്ചറിനെക്കുറിച്ച് മറ്റൊരു വെയ്‌ബോ ഉപയോക്താവുമായി നടത്തിയ സംഭാഷണം ലീ പോസ്റ്റിൽ പങ്കിടുന്നു. "മാഗ്നറ്റിക് സക്ഷൻ" എന്നത് കാന്തിക വയർലെസ് ചാർജിംഗിനെ സൂചിപ്പിക്കുന്നു, അതായത് ഈ ഫോണിന് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കാൻ കഴിയും. ആപ്പിളിൻ്റെ മാഗ്സേഫ് സിസ്റ്റം പ്രവർത്തിക്കുന്നതിനു സമാനമായി കാർ മൗണ്ട് വാലറ്റ് കേസസ് പോലെയുള്ള മറ്റ് മാഗ്നറ്റിക് ആക്‌സസറികളെയും ഈ ഫോൺ പിന്തുണക്കുന്നു.
ഇതിനു പിന്നാലെ, വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X8 സീരീസ് 50W വയർലെസ് മാഗ്നറ്റിക് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് ഓപ്പോയിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് അടുത്തിടെ സ്ഥിരീകരിച്ചു. ഇതിനർത്ഥം ഓപ്പോ ഫോണുകൾക്ക് മാഗ്നറ്റ്സ് ഉപയോഗിച്ച് ഉയർന്ന വേഗതയിൽ വയർലെസ് ആയി ചാർജ് ചെയ്യാൻ കഴിയും എന്നാണ്. കൂടാതെ, ഓപ്പോ ഫൈൻഡ് X8 ഫോണുകൾ റിവേഴ്സ് ചാർജിംഗിനെയും പിന്തുണക്കും.
ലീക്കായ വിവരങ്ങളിൽ നിന്നും വൺപ്ലസ് 13 സ്മാർട്ട്ഫോണിന് വലിയ 6000mAh ബാറ്ററിയും 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭിക്കുമെന്ന് വ്യക്തമാകുന്നു. താരതമ്യം ചെയ്യുകയാണെങ്കിൽ വൺപ്ലസ് 12 ഹാൻഡ്‌സെറ്റിന് 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5400mAh ബാറ്ററിയാണുള്ളത്.
വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ 120Hz റീഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K 10 ബിറ്റ് LTPO BOE X2 മൈക്രോ ക്വാഡ് കേർവ്ഡ് OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. BOE X2 സ്‌ക്രീൻ ഈ ഫോണിൻ്റെ ഭാഗമാകുമെന്ന് ലീ മുൻ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു കഴിഞ്ഞതാണ്.
വൺപ്ലസ് 13 സ്മാർട്ട്ഫോൺ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 4 പ്രൊസസറിൽ 24GB വരെ റാമും 1TB സ്റ്റോറേജും ഉള്ളതായിരിക്കുമെന്ന് നേരത്തെയുള്ള ലീക്കുകൾ സൂചിപ്പിക്കുന്നു. 50 മെഗാപിക്സൽ സോണി LYT-808 മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന് ഉണ്ടാവുകയെന്നാണ് അഭ്യൂഹം.
പരസ്യം
പരസ്യം