ഓപ്പോ റെനോ 14FS ഉടനെ ലോഞ്ച് ചെയ്യും; സവിശേഷതകൾ പുറത്ത്
Photo Credit: Oppo
ഓപ്പോ റെനോ 14FS ന് റെനോ 5G 14F മോഡലുമായി (ചിത്രം) ശ്രദ്ധേയമായ സാമ്യം ഉണ്ടായിരിക്കാം
സ്മാർട്ട്ഫോൺ വിപണിയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ഓപ്പോയുടെ റെനോ സീരീസിലെ പുതിയ ഫോണായ ഓപ്പോ റെനോ 14FS 5G പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഇത് ലോഞ്ച് ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകൾ. റെനോ സീരീസിൻ്റെ ഭാഗമായി പുതിയ ഫോൺ പുറത്തിറക്കാനുള്ള പദ്ധതികളൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റെനോ 14FS 5G പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ലീക്കായ വിവരങ്ങൾ പ്രകാരം, ലോഞ്ച് ചെയ്യാനിരിക്കുന്ന റെനോ 14FS 5G കഴിഞ്ഞ മാസം പുറത്തിറക്കിയ റെനോ 14F-നെ അപേക്ഷിച്ച് മികച്ച സവിശേഷതകളും മെച്ചപ്പെട്ട പേർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ സവിശേഷതകൾ, ഡിസൈൻ, പ്രതീക്ഷിക്കുന്ന വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിനകം ഓൺലൈനിൽ പുറത്തു വന്നിട്ടുണ്ട്. ഔദ്യോഗിക ലോഞ്ചിന് മുമ്പുതന്നെ, എന്താണ് ഈ ഫോണിൽ പ്രതീക്ഷിക്കാൻ കഴിയുകയെന്ന ധാരണ നൽകാൻ ലീക്കായ വിവരങ്ങൾ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വന്നേക്കും.
Ytechb-യുടെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഓപ്പോ റെനോ 14FS 5G രണ്ട് കളർ ഓപ്ഷനുകളിൽ ഉടനെ തന്നെ പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ലുമിനസ് ഗ്രീൻ, ഓപൽ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഫോണിന്റെ ലീക്കായ ചിത്രങ്ങൾ
ഓപൽ ബ്ലൂ വേരിയന്റിലാണു കാണിക്കുന്നത്. റെൻഡറിൽ കാണിച്ചിരിക്കുന്ന ഡിസൈൻ ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ ഓപ്പോ റെനോ 14F 5G-യുമായി വളരെ സാമ്യമുള്ളതായി തോന്നുന്നുണ്ട്.
ഇതേ വെബ്‌സൈറ്റിന്റെ മറ്റൊരു സമീപകാല റിപ്പോർട്ടിൽ, ഓപ്പോ റെനോ 14FS 5G-യുടെ വില EUR 450 ആയിരിക്കുമെന്ന് പരാമർശിക്കുന്നുണ്ട്. ഇത് ഇന്ത്യയിൽ ഏകദേശം 45,700 രൂപയാണ്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ യൂറോപ്പിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന ഓപ്പോ റെനോ 14FS 5G സ്മാർട്ട്‌ഫോണിൽ 6.57 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് 120Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കും എന്നതിനാൽ സ്ക്രോൾ ചെയ്യുമ്പോഴും ഗെയിമിംഗ് നടത്തുമ്പോഴും സുഗമമായ ദൃശ്യങ്ങൾ ലഭിക്കും. ലീക്കായ ചിത്രങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ, ഫോണിൻ്റെ സ്‌ക്രീനിൽ മധ്യഭാഗത്തായി അലൈൻ ചെയ്‌ത ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ട്, അതിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ടാകും എന്നും പ്രതീക്ഷിക്കുന്നു.
ഓപ്പോ റെനോ 14FS ഫോണിന് സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസറാണ് കരുത്തു നൽകുന്നതെന്നും ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0.2-ൽ ഈ ഫോൺ പ്രവർത്തിക്കുമെന്നും പറയപ്പെടുന്നു.
ഫോട്ടോഗ്രാഫിക്കും വീഡിയോ റെക്കോർഡിംഗിനുമായി, ഓപ്പോ റെനോ 14FS 5G-യിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിൽ സോണി IMX882 സെൻസറുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. AI അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുകളും, ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി AI അസിസ്റ്റന്റ് പോലുള്ള സ്മാർട്ട് ടൂളുകളെയും ഈ ഫോൺ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു.
45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയുമായി ഓപ്പോ റെനോ 14FS 5G വരുമെന്നും റിപ്പോർട്ടുണ്ട്. ഇത് വേഗത്തിൽ റീചാർജ് ചെയ്യാൻ കഴിയുമെന്ന് ഇതിൽ നിന്നും ഉറപ്പിക്കാം. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ കഴിയുന്ന IP69 റേറ്റിംഗും ഇതിനുണ്ടെന്ന് പറയപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ 14FS 5G ഫോണിൻ്റെ വലിപ്പം 158.16 x 74.9 x 7.7 മില്ലിമീറ്ററും ഭാരം 181 ഗ്രാമും ആയിരിക്കും.
പരസ്യം
പരസ്യം