വൺ യുഐ 8 അപ്ഡേറ്റിൽ ഒഇഎം അൺലോക്കിങ്ങ് സൈലൻ്റായി ഒഴിവാക്കി സാംസങ്ങ്
Photo Credit: Samsung
ഗാലക്സി Z ഫ്ലിപ്പ് 7 ലെ സ്റ്റേബിൾ വൺ UI 8 ബിൽഡിലാണ് തെളിവുകൾ കണ്ടെത്തിയത് (ചിത്രം)
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ വൺ യുഐ 8 സോഫ്റ്റ്‌വെയർ ഈ മാസം ആദ്യം ഗാലക്‌സി Z ഫോൾഡ് 7, ഗാലക്‌സി Z ഫ്ലിപ്പ് 7 എന്നീ സ്മാർട്ട്‌ഫോണുകൾക്കൊപ്പം സാംസങ്ങ് പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ ഫേംവെയറിൽ ഉപയോക്താക്കൾക്കായി നിരവധി മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, അടുത്തിടെ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ അപ്‌ഡേറ്റിലെ ചില സവിശേഷതകൾ സാംസങ്ങ് ആരെയും അറിയിക്കാതെ നീക്കം ചെയ്‌തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് വൺ യുഐ 8 സ്റ്റേബിൾ പതിപ്പിലെ "ഒഇഎം അൺലോക്കിംഗ്" എന്ന ഓപ്ഷൻ നീക്കം ചെയ്തതാണ്. ഗാലക്‌സി ഉപകരണങ്ങളിൽ ബൂട്ട്‌ലോഡർ അൺലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രധാന ക്രമീകരണമാണ് ഒഇഎം അൺലോക്കിംഗ്. സാംസങ്ങ് നൽകുന്ന ഒഫീഷ്യൽ വേർഷൻ അല്ലാതെ കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യാനോ അവരുടെ ഫോണിന്റെ സോഫ്റ്റ്‌വെയർ പരിഷ്‌ക്കരിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഈ ഫീച്ചർ ഉപയോഗപ്രദമായിരുന്നു. ഈ ഓപ്ഷൻ ഒഴിവാക്കിയത് ഗാലക്‌സി ഫോണുകൾ കസ്റ്റമൈസ് ചെയ്യാൻ ഒഇഎം അൺലോക്കിംഗിനെ ആശ്രയിക്കുന്ന നിരവധിയാളുകളെ നിരാശപ്പെടുത്തും.
സാമിഗുരുവിന്റെ റിപ്പോർട്ട് പറയുന്നതു പ്രകാരം, വൺ യുഐ 8-ലെ ഡെവലപ്പർ ക്രമീകരണങ്ങളിൽ നിന്ന് ഒഇഎം അൺലോക്കിംഗ് ഓപ്ഷൻ സാംസങ്ങ് നീക്കം ചെയ്തിരിക്കുന്നു. കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനോ സിസ്റ്റം ലെവലിൽ ആഴത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനോ അത്യാവശ്യമായ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഈ ഫീച്ചർ മുമ്പ് സാംസങ്ങ് ഡിവൈസുകളിൽ ലഭ്യമായിരുന്നു. എന്നിരുന്നാലും, ഗാലക്സി ഇസഡ് ഫോൾഡ് 7, ഗാലക്സി ഇസഡ് ഫ്ലിപ്പ് 7 എന്നിവയ്‌ക്കൊപ്പം പുറത്തിറക്കിയ വൺ യുഐ 8-ന്റെ ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പിലും ഗാലക്സി S25 അൾട്രയ്ക്കുള്ള വൺ യുഐ 8 ബീറ്റയിലും, ഈ ഓപ്ഷൻ ഇപ്പോൾ കാണുന്നില്ല.
ഇതൊരു ബഗ് അല്ലെങ്കിൽ താൽക്കാലിക പ്രശ്നമല്ലെന്നാണു വ്യക്തമാകുന്നത്. എക്സ്ഡിഎ ഫോറങ്ങളിലെ ഡെവലപ്പർമാർ റിപ്പോർട്ട് ചെയ്യുന്നത് സാംസങ്ങ് യഥാർത്ഥത്തിൽ ഫേംവെയറിൽ നിന്ന് തന്നെ ഈ ഫംഗ്ഷൻ നീക്കം ചെയ്തു എന്നാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിത സോഫ്റ്റ്‌വെയറിന്റെ കോഡ് അനലൈസ് ചെയ്തപ്പോൾ കാണാൻ കഴിയുന്നത് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാനുള്ള കഴിവ് സിസ്റ്റം ലെവലിൽ തന്നെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട് എന്നാണ്.
ഒരു പ്രധാന കോഡ് ആയ SystemProperties.get("ro.boot.other.locked").equals("1") എന്നതു ഫേംവെയറിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മൂല്യം "0" ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ കഴിയും. എന്നാൽ അത് "1" ആയി സജ്ജീകരിച്ചാൽ, അൺലോക്ക് ചെയ്യുന്നത് തടയപ്പെടും. മുൻപ്, സാംസങ്ങ് ഫോണുകളുടെ യുഎസ് പതിപ്പുകളിൽ മാത്രമേ ഈ മൂല്യം "1" ആയിരുന്നുള്ളൂ, അതേസമയം മറ്റ് രാജ്യങ്ങളിലെ മോഡലുകൾ ഇപ്പോഴും ബൂട്ട്ലോഡർ അൺലോക്ക് അനുവദിച്ചിരുന്നു.
ഇപ്പോൾ, വൺ യുഐ 8 സോഫ്‌റ്റ്‌വെയറിലൂടെ, സാംസങ്ങ് ആഗോളതലത്തിൽ ഈ മൂല്യം "1" ആയി സജ്ജീകരിച്ചിരിക്കുന്നു. ഫോണിൻ്റെ ഗ്ലോബൽ വേരിയൻ്റുകൾ ഉൾപ്പെടെയുള്ളവയിൽ ഈ മാറ്റം വന്നിട്ടുണ്ട്. ഗാലക്സി Z ഫ്ലിപ്പ് 7-ലെ AYFK ബിൽഡിലാണ് ഈ മാറ്റം പ്രത്യേകം ശ്രദ്ധയിൽപ്പെട്ടത്. യുഎസിന് പുറത്ത് പോലും ബൂട്ട്ലോഡർ അൺലോക്കിംഗ് സ്ഥിരമായി പ്രവർത്തനരഹിതമാക്കിയെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു.
സാംസങ്ങ് മനഃപൂർവ്വം തന്നെ ഈ മാറ്റം വരുത്തിയെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. കൂടാതെ പുതിയ അപ്‌ഡേറ്റ് എല്ലാവരും അവരുടെ ഉപകരണത്തിന്റെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതിൽ നിന്ന് ഫലപ്രദമായി തടയുന്നുണ്ട്. അൺലോക്കിംഗ് പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ ലോജിക് ഇപ്പോൾ ഫേംവെയറിൽ ഇല്ലാത്തതിനാൽ, ഏറ്റവും പുതിയതോ അനൗദ്യോഗികമോ ആയ രീതികളിലൂടെ പോലും ഉപയോക്താക്കൾക്ക് ഒഇഎം അൺലോക്കിംഗ് ചെയ്യാൻ കഴിയില്ല. ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതിനുള്ള ബ്രൂട്ട് ഫോഴ്‌സ് രീതികൾ വൺ യുഐ 8-ൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ പ്രവർത്തിച്ചേക്കില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ചുരുക്കത്തിൽ, സാംസങ്ങ് വൺ യുഐ 8 ചില നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുണ്ട്. ഇത് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതിനെ തടയുന്നു. ഭാവിയിലെ അപ്‌ഡേറ്റിൽ കമ്പനി ഇത് വീണ്ടും അനുവദിക്കും എന്നാണു സാംസങ്ങ് പ്രേമികൾ പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം