ഇന്ത്യൻ ഗാഡ്ജറ്റ് വിപണിയിലെ പ്രധാനപ്പെട്ട പേരുകളിലൊന്നാണ് വൺപ്ലസ്. മുൻപ് ഇന്ത്യൻ വിപണിയിൽ എത്തിയ സമയത്ത് വളരെ വേഗത്തിൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റാൻ വൺപ്ലസിൻ്റെ സ്മാർട്ട്ഫോണുകൾക്കു കഴിഞ്ഞിരുന്നു. എന്നാൽ നിരവധി ബ്രാൻഡുകളുടെ കുത്തൊഴുക്കിൽ ആധിപത്യം തുടരാൻ അവർക്കു കഴിഞ്ഞില്ല. എങ്കിലും സ്മാർട്ട്ഫോണുകൾ, ഇയർഫോണുകൾ എന്നിങ്ങനെയുള്ള പലതിനും വൺപ്ലസിൻ്റെ മോഡലുകളെ വിശ്വസിക്കാവുന്നതാണ്. എന്തായാലും വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ വൺപ്ലസിൻ്റെ പുതിയൊരു മോഡൽ സ്മാർട്ട്ഫോൺ കൂടി എത്തുകയാണ്. 2023 ഡിസംബറിൽ ചൈനയിൽ പുറത്തിറങ്ങിയ വൺപ്ലസ് 12 സ്മാർട്ട്ഫോണിൻ്റെ പിൻഗാമിയായി വൺപ്ലസ് 13 ആണ് വരാനിരിക്കുന്നത്. ഇതിൻ്റെ ലോഞ്ചിംഗ് തീയ്യതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ലെങ്കിലും ഫോണിൻ്റെ സവിശേഷതകൾ പലതും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിപ്സ്റ്റർ പുറത്തു വിട്ട വിവരങ്ങളിൽ വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ ബാറ്ററി, ക്യാമറ, ചാർജിംഗ് സംബന്ധമായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറമേ ഈ സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് തീയ്യതിയെക്കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്.
വീബോയിൽ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ എന്നു പേരുള്ള ഒരു ചൈനീസ് ടിപ്സ്റ്റർ ആണ് വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 6000mAh ബാറ്ററിയുമായി ഏറ്റവും മികച്ച ബാറ്ററി ലെവൽ വാഗ്ദാനം ചെയ്താണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്ന് ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു. ഇതിനു പുറമെ ഗിസ്മോച്ചിനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഈ ടിപ്സ്റ്ററുടെ പോസ്റ്റ് മെൻഷൻ ചെയ്തിട്ടുമുണ്ട്. 100W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെയും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെയും ഈ സ്മാർട്ട്ഫോൺ പിന്തുണക്കുമെന്നാണു പുറത്തു വന്ന വിവരങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.
വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങളും ടിപ്സ്റ്റർ നൽകിയിട്ടുണ്ട്. f/1.6 അപ്പാർച്ചറുള്ള 50 മെഗാപിക്സലിൻ്റെ സോണി LYT 808 സെൻസർ ക്യാമറയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. O916T ഹാപ്റ്റിക് മോട്ടോറും ഇതിലുണ്ടാകും. നിലവിൽ പുറത്തു വന്നിട്ടുള്ള വൺപ്ലസ് 12 മോഡലിലുള്ള അതേ ഫീച്ചേഴ്സ് തന്നെയാണ് ഇവയെല്ലാം.
മികച്ച ക്യാമറ യൂണിറ്റുമായി വരുന്ന വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ നേരത്തെ പറഞ്ഞ ക്യാമറക്കു പുറമെ രണ്ടു റിയർ ക്യാമറകൾ കൂടിയുണ്ടാകും. ഇതിലൊരു ക്യാമറ 50 മെഗാപിക്സൽ സെൻസറും അൾട്രാ വൈഡ് ലെൻസും ഉള്ളതാണ്. മികച്ച ദൃശ്യഭംഗി ഉറപ്പു നൽകാൻ സജ്ജീകരിച്ചിട്ടുള്ള മൂന്നാമത്തെ ക്യാമറ 50 മെഗാപിക്സൽ സെൻസറുള്ള പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടറാണ്. ഈ ക്യാമറ 3x ഒപ്റ്റിക്കൽ സൂം ഫീച്ചറും നൽകുന്നു. കെർവ്ഡ് എഡ്ജുകളും 120Hz റീഫ്രഷ് റേറ്റുമുള്ള 2K ഫ്ലാറ്റ് ഡിസ്പ്ലേ ഈ ഫോണിനു കൂടുതൽ ഭംഗി നൽകുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റാണ് ഈ ഫോണിലുണ്ടാവുക. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP69 റേറ്റിംഗ് ലഭിച്ചിട്ടുള്ള വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ സുരക്ഷാ ഫീച്ചറായി അൾട്രാ സോണിക് ഫിംഗർപ്രിൻ്റ് സ്കാനറുമുണ്ട്.
നേരത്തെ വൺപ്ലസ് 13 സ്മാർട്ട്ഫോണിനെ കുറിച്ചു പുറത്തു വന്ന വിവരങ്ങളിലാണ് അതിൻ്റെ ലോഞ്ചിംഗ് തീയ്യതി സൂചിപ്പിക്കുന്നത്. 2024 ഒക്ടോബറിലോ നവംബറിലോ ഈ സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നാണു റിപ്പോർട്ട് വന്നിരുന്നത്. വൺപ്ലസ് 13 നും വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടാകാനുള്ള സാധ്യതയില്ല, പകരം വൺപ്ലസ് 12 നു സമാനമായ രീതിയിൽ തന്നെയാകും ക്യാമറ ലെൻസുകൾ അറേഞ്ച് ചെയ്യുക. വൺപ്ലസ് 12 ഹാൻഡ്സെറ്റിൻ്റെ 12GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജ് വേരിയൻ്റിന് 64999 രൂപയാണ് ഇന്ത്യയിലെ വില. വൺപ്ലസ് 13 നും അതിനടുത്തു നിൽക്കുന്ന വില പ്രതീക്ഷിക്കാം.
പരസ്യം
പരസ്യം