Photo Credit: OnePlus
ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 13 ചൈനയിൽ കമ്പനി അവതരിപ്പിച്ചത്. ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിനൊപ്പം സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറുമായാണ് വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡൽ ലോഞ്ച് ചെയ്തത്. ജനുവരിയിൽ ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കൃത്യമായ തീയ്യതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ ഇന്ത്യൻ, ഗ്ലോബൽ പതിപ്പുകൾക്ക് ചൈനയിൽ പുറത്തിറക്കിയ മോഡലുകൾക്കു സമാനമായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഫോണിൻ്റെ ഇന്ത്യയിലെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങളും സ്ഥിരീകരിക്കുകയുണ്ടായി. ഇന്ത്യയിൽ നിരവധി ആരാധകരുള്ള ബ്രാൻഡാണ് വൺപ്ലസ്. അതുകൊണ്ടു തന്നെ അവരുടെ ഏറ്റവും പുതിയ ഫോണിനായി കാത്തിരിക്കുന്നവരുടെ എണ്ണം കുറവല്ല.
ആമസോണിലൂടെയും വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വൺപ്ലസ് 13 ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ആമസോണിലെ ഒരു ലൈവ് പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ OxygenOS 15-ലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് പേജിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിനും നോട്ട്സ് തയ്യാറാക്കുന്നതിനും സഹായിക്കുന്ന AI ഫീച്ചറുകളും ഫോണിലുണ്ടാകും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോഡൽ ചൈനയിൽ പുറത്തിറങ്ങിയ പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനയിൽ പുറത്തിറങ്ങിയ വൺപ്ലസ് 13 ഒരു വലിയ 6.82 ഇഞ്ച് Quad-HD+ LTPO AMOLED സ്‌ക്രീനുമായാണ് എത്തിയിരിക്കുന്നത്. 120Hz റീഫ്രഷ് റേറ്റും, കൂടാതെ മികച്ച വിഷ്വലുകൾക്കായി ഡോൾബി വിഷനും ഈ സ്ക്രീനിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഈ ഫോൺ പിന്തുണക്കുന്നു. ഇത് ചൈനയിൽ ആൻഡ്രോയ്ഡ് 15 അധിഷ്ഠിത ColorOS 15-ൽ പ്രവർത്തിക്കുന്നു. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണത്തിൻ്റെ കാര്യത്തിൽ IP68, IP69 എന്നീ റേറ്റിംഗുകളാണ് ഈ ഫോണിനുള്ളത്.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, വൺപ്ലസ് 13 ഫോണിൽ മൂന്ന് റിയർ ക്യാമറകളുണ്ട്. പ്രധാന ക്യാമറയ്ക്ക് OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 50 മെഗാപിക്സൽ സെൻസറാണുള്ളത്. വൈഡ് ഷോട്ടുകൾ പകർത്താൻ അൾട്രാവൈഡ് ലെൻസുള്ള മറ്റൊരു 50 മെഗാപിക്സൽ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമിങ്ങുള്ള 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയുണ്ട്.
ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. വയർഡ് ചാർജർ ഉപയോഗിച്ച് 100W, വയർലെസ് ആയി 50W, റിവേഴ്സ് വയർഡ് ചാർജിംഗിന് 5W (മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ), റിവേഴ്സ് വയർലെസ് ചാർജിംഗിന് 10W എന്നിങ്ങനെ ഇതുപയോഗിച്ച് ചാർജ് ചെയ്യാം. സുരക്ഷയ്ക്കായി, സ്ക്രീനിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ട്.
ചൈനയിൽ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 13 ഫോണിൻ്റെ വില CNY 4,499 ആണ്, അതായത് ഏകദേശം 53,100 ഇന്ത്യൻ രൂപ. ഫോണിൻ്റെ ആഗോള പതിപ്പ് ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ്, മിഡ്നൈറ്റ് ഓഷ്യൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും. മിഡ്‌നൈറ്റ് ഓഷ്യൻ പതിപ്പിന് വീഗൻ ലെതർ ഫിനിഷിംഗും ഉണ്ടായിരിക്കും.
പരസ്യം
പരസ്യം