Photo Credit: Nothing
ക്യാമറയ്‌ക്കായി ഒരു ക്വിക്ക് ഷട്ടർ ബട്ടൺ ലഭിക്കുന്നതിന് ഫോൺ 3a ഒന്നും കളിയാക്കുന്നില്ല
നത്തിങ്ങ് ഫോൺ 3a സീരീസ് മാർച്ച് 4-ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായി, പുതിയ സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ കമ്പനി പങ്കിടുകയുണ്ടായി. നത്തിങ്ങ് ഫോൺ 3a സീരീസ് സ്‌നാപ്ഡ്രാഗൺ പ്രൊസസറുമായി വരുമെന്ന് നത്തിംഗിൻ്റെ സിഇഒ കാൾ പെയ് സ്ഥിരീകരിച്ചു. മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറിൽ പ്രവർത്തിക്കുന്ന നത്തിങ്ങ് ഫോൺ 2a സീരീസിൽ നിന്നും ഒരു പ്രധാന മാറ്റം ഉണ്ടാകുമെന്നുറപ്പാണ്. പെർഫോമൻസിൽ വലിയ മെച്ചപ്പെടുത്തലുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ ചിപ്‌സെറ്റ് മികച്ച സിപിയു പെർഫോമൻസും നവീകരിച്ച ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (എൻപിയു) കൊണ്ടുവരും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി (AI) ബന്ധപ്പെട്ട ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നത് NPU ആണ്. ഫോണിൻ്റെ ഡിസൈനും ഫീച്ചറുകളും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ മാർച്ച് നാലിനു നടക്കുന്ന ലോഞ്ച് ഇവൻ്റിൽ വെളിപ്പെടുത്തും.
വരാനിരിക്കുന്ന നത്തിങ്ങ് ഫോൺ 3a സീരീസിൽ കമ്പനി ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസറുകളിലേക്ക് തിരികെ പോവുകയാണെന്ന് നത്തിങ്ങിൻ്റെ സിഇഒ കാൾ പേയ് പ്രഖ്യാപിച്ചു. ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഫോൺ (3a) സീരീസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പിലേക്ക് മടങ്ങുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” എന്നിരുന്നാലും, ഏത് സ്‌നാപ്ഡ്രാഗൺ ചിപ്പാണ് ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഫോൺ 2a പ്ലസുമായി താരതമ്യപ്പെടുത്തുമ്പോൾ സിപിയു 25% വേഗതയും NPU (ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ്) 72% വേഗതയും വർദ്ധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പ്സെറ്റുമായി നത്തിങ്ങ് ഫോൺ 3a വരുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. 120Hz റീഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയും ഇതിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് OS 3.1-ൽ ഫോൺ പ്രവർത്തിക്കും, കൂടാതെ ഗ്ലിഫ് ഇൻ്റർഫേസ് നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നു.
നത്തിങ്ങ് ഫോൺ 3a-യിൽ ഫോണിൻ്റെ വലതുവശത്ത് ഒരു അധിക ബട്ടൺ ഉണ്ടായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ ബട്ടൺ ക്യാമറയ്ക്കുള്ളതായിരിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. അതേസമയം ഒരു വിഭാഗം കരുതുന്നത് ഇത് ഉപകരണത്തിലെ AI നിയന്ത്രിക്കുന്ന, അല്ലെങ്കിൽ ഒന്നിലധികം ഫംഗ്‌ഷനുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ബട്ടണായിരിക്കാം എന്നാണ്.
കൂടാതെ, ഫോൺ 3a സീരീസ് ഇന്ത്യയിലെ ചെന്നൈയിലുള്ള ഫാക്ടറിയിൽ അസംബിൾ ചെയ്യുമെന്ന് നത്തിങ്ങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിൽ 500-ലധികം ജോലിക്കാരുണ്ട്, അവരിൽ 95% സ്ത്രീകളാണ്. ഇവിടെ നിർമ്മിക്കുന്ന ഫോണുകൾ ഇന്ത്യയിൽ മാത്രം വിൽക്കുമോ, അതോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
പരസ്യം
പരസ്യം