Photo Credit: Nothing
Nothing Phone 3a സീരീസ് 2024-ലെ Phone 2a യുടെ പിൻഗാമിയാണ് (മുകളിൽ ചിത്രം)
വിരലിലെണ്ണാവുന്ന വർഷങ്ങൾക്കു മുൻപ് ലോഞ്ച് ചെയ്ത കമ്പനി ആണെങ്കിലും നത്തിങ്ങിൻ്റെ ഫോണുകൾക്ക് നിരവധി ആരാധകരുണ്ട്, പലരുടെയും വിശ്വസ്ത ബ്രാൻഡായി മാറാനും അവർക്കു കഴിഞ്ഞു. മാർച്ച് 4-ന് കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളായ നത്തിങ്ങ് ഫോൺ 3a സീരീസ് ലോകമെമ്പാടും ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക റിലീസിന് മുമ്പ്, ബ്രിട്ടീഷ് സ്മാർട്ട്‌ഫോൺ കമ്പനി ഈ സീരീസിലെ പ്രോ മോഡലിൻ്റെ ക്യാമറയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തോടെയാണ് ഈ ഫോൺ വരുന്നത്, പ്രധാന ക്യാമറ 50 മെഗാപിക്സലായിരിക്കും. ക്യാമറ ഡിസൈനിൻ്റെ ടീസർ ചിത്രവും കമ്പനി പങ്കുവെച്ചിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, മിക്ക സ്‌മാർട്ട്‌ഫോണുകളിലും കാണുന്ന സാധാരണ ലേഔട്ടിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേക രീതിയിലാണ് ക്യാമറകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ക്യാമറ സ്പെസിഫിക്കേഷനുകളിലൂടെ, ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫിയും പുതിയ ഡിസൈനും വാഗ്ദാനം ചെയ്യാനാണ് നത്തിങ്ങ് ലക്ഷ്യമിടുന്നത്.
ഐഫോൺ 16 പ്രോ മാക്‌സുമായി വരാനിരിക്കുന്ന നത്തിങ്ങ് ഫോൺ 3a-യുടെ ക്യാമറ പെർഫോമൻസിനെ താരതമ്യപ്പെടുത്തി യുട്യൂബിൽ അടുത്തിടെ ഒരു വീഡിയോ കമ്പനി അപ്‌ലോഡ് ചെയ്‌തിരുന്നു. നത്തിങ്ങ് ഫോൺ 3a-യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകുമെന്ന് ഈ വീഡിയോ സ്ഥിരീകരിക്കുന്നു. പ്രധാന ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) ഉള്ള 50-മെഗാപിക്സൽ "ഷേക്ക്-ഫ്രീ" സെൻസറാണ്, ഇത് ഫോട്ടോകളിലും വീഡിയോകളിലുമുള്ള ഷേക്കിങ്ങ് കുറയ്ക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ ക്യാമറ OIS ഉള്ള 50-മെഗാപിക്സൽ പെരിസ്കോപ്പ് സോണി സെൻസറാണ്, നിലവാരമുള്ള സൂം-ഇൻ ഷോട്ടുകൾ ഇത് അനുവദിക്കുന്നു. മൂന്നാമത്തേത് സോണി സെൻസറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയാണ്, ഇവ വിശാലമായ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കും.
ഉയർന്ന നിലവാരമുള്ള സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 50 മെഗാപിക്‌സൽ സെൻസറായിരിക്കും ഫോൺ 3a-യിലെ ഫ്രണ്ട് ക്യാമറ. സമാന സെൻസറുകളെ അപേക്ഷിച്ച് ഇതിലെ പ്രധാന ക്യാമറയ്ക്ക് ഏറ്റവും ഉയർന്ന "ഫുൾ വെൽ കപ്പാസിറ്റി" ഉണ്ടെന്ന് നത്തിങ്ങ് അവകാശപ്പെടുന്നു. ഓവർലോഡ് ചെയ്യുന്നതിന് മുമ്പ് ഒരു പിക്സലിന് പിടിച്ചെടുക്കാൻ കഴിയുന്ന പരമാവധി പ്രകാശത്തെയാണ് ഇത് സൂചിപ്പിക്കുന്നു. ഫുൾ വെൽ കപ്പാസിറ്റി എന്നതിനർത്ഥം, ലൈറ്റിംഗ് അവസ്ഥ ഏതാണെങ്കിലും വിശദാംശങ്ങൾ നഷ്‌ടപ്പെടാതെ ക്യാമറയ്ക്ക് ചിത്രങ്ങൾ പകർത്താൻ കഴിയും എന്നാണ്.
3x ഒപ്റ്റിക്കൽ സൂം, 6x ലോസ്‌ലെസ് സൂം, 60x അൾട്രാ സൂം എന്നിവയെ ഫോൺ 3a-യിലെ 50 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ പിന്തുണയ്ക്കും. ഇതിന് 6x മാഗ്‌നിഫിക്കേഷൻ ഉള്ള മാക്രോ സൂം ഷോട്ടുകൾ ക്യാപ്‌ചർ ചെയ്യാനും കഴിയും. അതായത് എക്‌സ്ട്രീം ക്ലോസ്-അപ്പ് ഫോട്ടോകൾ എടുക്കാൻ ഉപയോക്താക്കൾക്ക് ഒരു എക്സ്റ്റേണൽ മാക്രോ ലെൻസ് ആവശ്യമില്ല.
മറ്റൊരു പ്രധാന സവിശേഷത 4K വീഡിയോ സ്റ്റെബിലൈസേഷൻ ആണ്, ഇത് വീഡിയോ സ്റ്റബിലിറ്റി 200% മെച്ചപ്പെടുത്തുന്നുമെന്ന് നത്തിങ്ങ് പറയുന്നു. കൂടാതെ 4K/30fps-ൽ സുഗമമായ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഫോൺ 3a-യെ അനുവദിക്കുന്നു. വീഡിയോ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് ഫൂട്ടേജിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അത് ഓട്ടോമാറ്റിക്കായി വരുത്താൻ ഈ ഫീച്ചർ സഹായിക്കും.
പരസ്യം
പരസ്യം