വരുന്നൂ നത്തിങ്ങ് ഫോൺ 3a ലൈറ്റ്; ചില സവിശേഷതകൾ അറിയാം
Photo Credit: Nothing
മാർച്ചിൽ ഫോൺ 3a (ചിത്രം) ഒന്നും പുറത്തിറക്കിയില്ല.
മികച്ച പെർഫോമൻസും വ്യത്യസ്തമായ ഡിസൈനും കാരണം വളരെക്കുറഞ്ഞ കാലം കൊണ്ട് സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം പിടിച്ച ബ്രാൻഡാണ് നത്തിങ്ങ്. നത്തിങ്ങിൻ്റെ ഫോൺ 3 സീരീസിൻ്റെ ഭാഗമായ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകൾ. റിപ്പോർട്ടുകൾ അനുസരിച്ച്, ഫോൺ 3a ലൈറ്റ് എന്ന പുതിയ മോഡൽ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ നത്തിങ്ങ് നടത്തുന്നുണ്ട്. ഇത് സാധാരണ ഫോൺ 3a-യുടെ വിലകുറഞ്ഞ വേരിയൻ്റ് ആയിരിക്കുമെന്നു പറയപ്പെടുന്നു. എന്നാൽ ഫോണിന്റെ സവിശേഷതകളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നത്തിങ്ങ് ഫോൺ 3a-യേക്കാൾ കുറഞ്ഞ വിലയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള ഈ ഫോൺ ഒരു ബജറ്റ് ഫ്രണ്ട്ലി ഓപ്ഷൻ ആയിരിക്കും. ഒരൊറ്റ റാമും സ്റ്റോറേജുമുള്ള സിംഗിൾ വേരിയൻ്റ് ആയാകും നത്തിംഗ് ഫോൺ 3a ലൈറ്റ് പുറത്തു വരികയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും ഇത് ലഭ്യമായേക്കും. കൂടുതൽ സവിശേഷതകൾ, ലോഞ്ച് ടൈംലൈൻ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വരും ആഴ്ചകളിൽ പുറത്തു വരാൻ സാധ്യതയുണ്ട്.
നത്തിംഗ് ഫോൺ 3 പുറത്തിറക്കിയതിനു ശേഷവും, കാൾ പെയുടെ നേതൃത്വത്തിലുള്ള കമ്പനി ആ സ്മാർട്ട്‌ഫോൺ സീരീസ് അവസാനിപ്പിച്ചിട്ടില്ലെന്നാണ് എക്സ്പർട്ട്പിക്കിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി, ടിപ്സ്റ്ററായ സുധാൻഷു അംബോർ പറയുന്നത്. നത്തിംഗ് ഫോൺ 3a ലൈറ്റ് എന്ന പുതിയ മോഡൽ പുറത്തിറക്കാൻ ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയൻ്റിൽ മാത്രമാകും ഫോൺ ലഭ്യമാവുകയെന്നും റിപ്പോർട്ട് പറയുന്നു. മറ്റ് നത്തിംഗ് ഫോണുകളെപ്പോലെ, ഇതും ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് രാജ്യങ്ങളിൽ കമ്പനി കൂടുതൽ സ്റ്റോറേജ് ഓപ്ഷനുകളും നിറങ്ങളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലും ആഗോള വിപണികളിലും നത്തിംഗ് ഫോൺ 3a ലൈറ്റ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോണിന്റെ സവിശേഷതകളെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നത്തിംഗ് ഫോൺ 3a-യെക്കാൾ കുറഞ്ഞ വില ആയതിനാൽ, അതിന് സമാനമായതോ അൽപ്പം കുറഞ്ഞതോ ആയ സ്പെസിഫിക്കേഷനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
2025 മാർച്ചിൽ ലോഞ്ച് ചെയ്ത നത്തിംഗ് ഫോൺ 3a-യിൽ 1,080x2,392 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയാണുള്ളത്. സ്ക്രീൻ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഇതിനു 3,000nits വരെ പീക്ക് ബ്രൈറ്റ്നസിൽ എത്താനും കഴിയും.
12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള NothingOS 3.1-ൽ ഇത് പ്രവർത്തിക്കുന്നു. ആറ് വർഷത്തെ സുരക്ഷാ പാച്ചുകൾക്കൊപ്പം മൂന്ന് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും ഈ ഫോണിനു ലഭിക്കും.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ സാംസങ്ങ് മെയിൻ സെൻസർ (1/1.57-ഇഞ്ച്), 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 50 മെഗാപിക്സൽ സോണി ടെലിഫോട്ടോ ക്യാമറ (1/2.74-ഇഞ്ച്) എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് നത്തിംഗ് ഫോൺ 3a വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.
കണക്ടിവിറ്റി ഓപ്ഷനുകളിൽ 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, NFC വിത്ത് ഗൂഗിൾ പേ സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 50W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിലുണ്ടാവുക.
പരസ്യം
പരസ്യം