നത്തിങ്ങ് ഫോൺ 3 വലിയ വിലക്കിഴിവിൽ സ്വന്തമാക്കണോ; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലാണ് അവസരം
12GB + 256GB ഓപ്ഷന് 79,999 രൂപ എന്ന പ്രാരംഭ വിലയ്ക്ക് Nothing Phone 3 (ചിത്രത്തിൽ) പുറത്തിറങ്ങി
ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 സെപ്തംബർ 23-ന് ഇന്ത്യയിൽ ആരംഭിക്കാൻ പോവുകയാണ്. പതിവു പോലെത്തന്നെ, മറ്റുള്ളവർക്കു സെയിലിലേക്ക് ആക്സസ് ലഭിക്കുന്നതിലും നേരത്തെ തന്നെ ഫ്ലിപ്കാർട്ട് പ്ലസ്, ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗങ്ങൾക്ക് ഓഫറുകളിലേക്ക് ആക്സസ് നേടാനാകും.നിരവധി പേർ കാത്തിരിക്കുന്ന ഈ ഓഫർ സെയിൽ അടുത്തു വന്നുകൊണ്ടിരിക്കെ, പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന, നത്തിങ്ങ് ഫോൺ 1 അല്ലെങ്കിൽ നത്തിങ്ങ് ഫോൺ 2 ഉപയോഗിക്കുന്നവർക്ക് ആവേശകരമായ വാർത്തയുണ്ട്. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ നത്തിങ്ങ് ഫോൺ 3 വിൽപ്പന സമയത്ത് വളരെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഇവർക്ക് അവസരമുണ്ടെന്ന് കമ്പനിയിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. ഏകദേശം 45,000 രൂപയോളം ഡിസ്കൗണ്ടിലാണ് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഈ ഓഫർ എല്ലാവർക്കും ലഭ്യമല്ലെന്നതാണ്. നത്തിങ്ങ് ഫോൺ 1 അല്ലെങ്കിൽ ഫോൺ 2 പോലുള്ള സ്വന്തമാക്കിയവർക്ക് എക്സ്ചേഞ്ച് ഓഫറായാണ് ഇതു നേടാൻ കഴിയുക.
ഇന്ത്യയിൽ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 നടക്കുമ്പോൾ, അതിൽ നത്തിംഗ് ഫോൺ 3 പ്രത്യേക വിലയ്ക്ക് ലഭ്യമാകുമെന്ന് നത്തിങ്ങ് സഹസ്ഥാപകനായ അകിസ് ഇവാഞ്ചലിഡിസ് (@AkisEvangelidis) ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. ഈ ഓഫർ ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാണെന്നു പ്രത്യേകം ശ്രദ്ധിക്കുക. ഇതിനകം നത്തിംഗ് ഫോൺ 1 അല്ലെങ്കിൽ നത്തിങ്ങ് ഫോൺ 2 സ്വന്തമാക്കിയിരിക്കുന്ന ഉപഭോക്താക്കൾക്ക് അതു നൽകി 34,999 രൂപയെന്ന വിലയ്ക്ക് പുതിയ മോഡൽ വാങ്ങാം.
നത്തിങ്ങ് ഫോൺ 3-ക്ക് വില വളരെ കൂടുതലാണ്. ലോഞ്ച് ചെയ്യുമ്പോൾ 12GB + 256GB പതിപ്പിന് 79,999 രൂപയും 16GB + 512GB പതിപ്പിന് 89,999 രൂപയുമായിരുന്നു. എക്സ്ചേഞ്ച് പ്ലാനിലൂടെ നൽകുന്ന ഈ കിഴിവ് വളരെ കുറഞ്ഞ വിലയ്ക്ക് നത്തിങ്ങ് ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ഉടമകൾക്ക് അവസരമൊരുക്കും.
ഫസ്റ്റ് ജനറേഷൻ നത്തിങ്ങ് ഫോണിന്റെ ഉടമകൾക്ക് ഈ ഡീൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്നും ഇവാഞ്ചലിഡിസ് ചൂണ്ടിക്കാട്ടി. പ്രസ്തുത മോഡലിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.0 ലഭ്യമാകില്ല. 2022 ജൂലൈയിൽ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒഎസുമായി പുറത്തിറങ്ങിയ നത്തിങ്ങ് ഫോൺ 1-ൻ്റെ സോഫ്റ്റ്‌വെയർ പിന്തുണ ഇപ്പോൾ പരിമിതമാണ്. അതിനാൽ ഫോൺ 1 സ്വന്തമായുള്ളവർക്ക് ഈ ഓഫർ ഗുണം ചെയ്യും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് OS 4.0 അപ്‌ഡേറ്റ് തങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾക്കായി ഉടൻ പുറത്തിറക്കാൻ നത്തിങ്ങ് ഒരുങ്ങുകയാണ്. ഫ്ലാഷ്‌ലൈറ്റ്, ബ്ലൂടൂത്ത്, ഡാർക്ക് മോഡ്, ബ്രൈറ്റ്നസ്, പോസിബിൾ ടെംപറേച്ചർ മോണിറ്റർ വിഡ്ജറ്റ് തുടങ്ങിയ സവിശേഷതകൾക്കു വേണ്ടിയുള്ള, വൃത്താകൃതിയിലുള്ള ഐക്കണുകൾ ഉൾപ്പെടുന്ന പുതിയ ഡിസൈനിന്റെ ചെറിയൊരു പ്രിവ്യൂ കമ്പനി ഇതിനകം നൽകിയിട്ടുണ്ട്.
നിലവിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ നത്തിങ്ങ് OS 3.5-ൽ പ്രവർത്തിക്കുന്ന നത്തിങ്ങ് ഫോൺ 3- ക്ക് ഈ അപ്‌ഡേറ്റ് ലഭിക്കുമെന്നതു സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ, ഒരു ക്ലോസ്ഡ് ബീറ്റ പ്രോഗ്രാമിലൂടെ ഫോൺ 3-ൽ കമ്പനി അപ്‌ഡേറ്റ് പരീക്ഷിക്കുകയാണ്. ഈ ഘട്ടത്തിൽ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ പുതിയ സോഫ്റ്റ്‌വെയർ പരീക്ഷിക്കാനും, പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാനും, ഫീഡ്‌ബാക്ക് പങ്കിടാനും കഴിയൂ. മൊത്തത്തിലുള്ള റോൾഔട്ടിന് മുമ്പ് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കാനും മെച്ചപ്പെടുത്തലുകൾ വരുത്താനും ഇത് കമ്പനിയെ സഹായിക്കുന്നു.
പരസ്യം
പരസ്യം