Photo Credit: Motorola
മോട്ടറോള റേസർ 60 അൾട്രയുടെ ആഗോള വേരിയന്റ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് പ്രവർത്തിക്കുന്നത്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള ഉടൻ തന്നെ അവരുടെ പുതിയ മോഡലായ റേസർ 60 അൾട്രാ ഇന്ത്യയിൽ പുറത്തിറക്കിയേക്കും. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ മോട്ടറോള ഫോണിന്റെ ലോഞ്ചിങ്ങനെ സംബന്ധിച്ചുള്ള ഒരു ടീസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റേസർ 60 അൾട്രാ, ക്ലാംഷെൽ ഡിസൈനുള്ള ഒരു ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ്. റേസർ 50 അൾട്രയുടെ പിൻഗാമിയായി ഏപ്രിൽ 24-ന് ഇത് ആദ്യമായി ആഗോളതലത്തിൽ പുറത്തിറക്കി. നിരവധി അപ്‌ഗ്രേഡുകളും പ്രീമിയം സവിശേഷതകളുമായാണ് ഈ പുതിയ മോഡൽ വരുന്നത്. ഉയർന്ന നിലവാരമുള്ള പ്രോസസ്സറായ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. ഫോണിൽ ഡ്യുവൽ റിയർ ക്യാമറകളും ഉണ്ട്, പ്രധാന ക്യാമറ 50 മെഗാപിക്സലാണ്. കൂടാതെ, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി റേസർ 60 അൾട്രായിൽ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സവിശേഷതകൾക്കുള്ള പിന്തുണയും ഉൾപ്പെടുന്നു. റേസർ 60 അൾട്രയുടെ ഇന്ത്യൻ വേരിയൻ്റ് ഗ്ലോബൽ മോഡലിന്റെ അതേ സവിശേഷതകളോടെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
മോട്ടറോള തങ്ങളുടെ പുതിയ ഫോണായ റേസർ 60 അൾട്രയുടെ ലോഞ്ച് വിവരങ്ങൾ ഞായറാഴ്ച എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു. "പെർഫോമൻസ്, ഡിസൈൻ, ഇന്നൊവേഷൻ" എന്നിവ ഈ ഫോൺ ഒരുമിച്ച് കൊണ്ടുവരുമെന്ന് പോസ്റ്റിൽ പറയുന്നു. ലോഞ്ചിനായി ആമസോണിൽ ഒരു പ്രത്യേക പേജ് സൃഷ്ടിച്ചിട്ടുണ്ട്. അതിൽ മോട്ടറോള റേസർ 60 അൾട്രയെ "ലോകത്തിലെ ഏറ്റവും ശക്തമായ AI ഫ്ലിപ്പ് ഫോൺ" എന്നാണു വിശേഷിപ്പിക്കുന്നത്.
ഫോണിന് ക്ലാംഷെൽ ശൈലിയിലുള്ള മടക്കാവുന്ന ഡിസൈൻ ഉണ്ടായിരിക്കുമെന്നും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും ആമസോൺ പേജ് സ്ഥിരീകരിക്കുന്നു. ഈ ചിപ്‌സെറ്റ് "ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച AI പെർഫോമൻസ്" വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. നെക്സ്റ്റ് മൂവ്, പ്ലേലിസ്റ്റ് സ്റ്റുഡിയോ, ഇമേജ് സ്റ്റുഡിയോ, ലുക്ക് ആൻഡ് ടോക്ക് തുടങ്ങിയ പുതിയ സവിശേഷതകൾ അടുത്തിടെ കൂട്ടിച്ചേർത്ത മോട്ടറോളയുടെ സ്വന്തം AI ടൂളായ മോട്ടോ AI-യും ഫോണിൽ ഉൾപ്പെടും.
റേസർ 60 അൾട്ര റെഡ്, ഗ്രീൻ, വുഡ്-സ്റ്റൈൽ കളറുകളിൽ വരുമെന്ന് മോട്ടറോള തെളിയിച്ചിട്ടുണ്ട്. പാന്റോൺ റിയോ റെഡ്, പാന്റോൺ സ്കരാബ്, പാന്റോൺ മൗണ്ടൻ ട്രെയിൽ, പാന്റോൺ കാബറേ എന്നീ നിറങ്ങളിൽ വരുന്ന ഫോണിന്റെ ഗ്ലോബൽ വേരിയൻ്റ് പോലെ, ഇവയും പാന്റോൺ അപ്രൂവ്ഡ് നിറങ്ങളാകാം.
ആഗോള മോഡലിന് സമാനമായ സവിശേഷതകൾ റേസർ 60 അൾട്രയ്ക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയതി അടുക്കുന്തോറും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധ്യതയുണ്ട്.
മോട്ടറോള റേസർ 60 അൾട്രായ്ക്ക് 1,224 x 2,992 പിക്സൽ റെസല്യൂഷനുള്ള 7 ഇഞ്ച് ഇന്റേണൽ ഡിസ്പ്ലേയുണ്ട്. ഇത് pOLED LTPO സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. 165Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന ഇതിന് 4,000nits പീക്ക് ബ്രൈറ്റ്നസ് ലെവലുണ്ട്. കവർ സ്ക്രീൻ 4 ഇഞ്ച് വലുപ്പവും 1,272 x 1,080 പിക്സൽ റെസല്യൂഷനുള്ളതുമാണ്. രണ്ട് സ്ക്രീനുകളും കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ടോപ്പ്-എൻഡ് സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI ആണ് ഇതിൽ ഉപയോഗിക്കുന്നത്.
റോസർ 60 അൾട്രായ്ക്ക് പിന്നിൽ രണ്ട് ക്യാമറകളുണ്ട്. f/1.8 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും. അകത്തെ സ്‌ക്രീനിൽ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള മറ്റൊരു 50 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ഫോണിൽ 4,700mAh ബാറ്ററി ഉൾപ്പെടുന്നു. ഇത് 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗിനെയും 30W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം