മോട്ടോ G36 ഫോണിൻ്റെ ഡിസൈൻ, സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്.
മോട്ടോ G36 ഉടൻ പുറത്തിറങ്ങുമെന്ന് സൂചന
മോട്ടോ G36 സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിങ്ങ് അടുത്തു വരുന്നുണ്ടെന്ന സൂചനയുമായി മറ്റൊരു റെഗുലേറ്ററി വെബ്‌സൈറ്റിൽ കൂടി ഈ ഫോൺ കണ്ടെത്തി. മോട്ടോ G36-ന്റെ റിലീസ് തീയതി മോട്ടോറോള ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റായ TENAA ചില ചിത്രങ്ങളും വിശദാംശങ്ങളും സഹിതം ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലിസ്റ്റിംഗ് അനുസരിച്ച്, 6.72 ഇഞ്ച് ഡിസ്‌പ്ലേയും ശക്തമായ 6,790mAh ബാറ്ററിയുമായാണ് മോട്ടോ G36 വരുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും ഇതിലുണ്ടാകും. ഡിസ്‌പ്ലേ ക്വാളിറ്റിയിലും ക്യാമറ ഫീച്ചറുകളിലും ശക്തമായ പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് ഈ സവിശേഷതകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച മോട്ടോ G35-ന്റെ പിൻഗാമിയായി മോട്ടോ G36 പുറത്തിറങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ഫോട്ടോഗ്രാഫിയും പുതിയ മോഡൽ വാഗ്ദാനം ചെയ്തേക്കാം.
ചൈനയിൽ XT2533-4 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ TENAA സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ഫോൺമോട്ടോ G36 എന്ന പേരിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് അനുസരിച്ച്, 1,080 × 2,400 പിക്‌സൽ റെസല്യൂഷനെ പിന്തുണയ്ക്കുന്ന 6.72 ഇഞ്ച് TFT ഡിസ്‌പ്ലേയുമായാണ് മോട്ടോ G36 വരുന്നത്. 2.4GHz ബേസ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന ഒക്ടാ-കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. വ്യത്യസ്ത മെമ്മറി വേരിയൻ്റുകളിൽ ഫോൺ ലഭ്യമാകുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. ഉപഭോക്താക്കൾക്ക് 4GB, 8GB, 12GB, 16GB RAM ഓപ്ഷനുകളും, 64GB, 128GB, 256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളും തിരഞ്ഞെടുക്കാൻ കഴിയും.
മോട്ടോ G36-ൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുണ്ടാവുക. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടും. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയായിരിക്കും. 6,790mAh ബാറ്ററിയാണ് ഇതിലുള്ളതെങ്കിലും അതിനെ 7,000mAh ബാറ്ററിയായിട്ടാകും മോട്ടറോള പ്രൊമോട്ട് ചെയ്യുന്നുണ്ടാവുക.
സർട്ടിഫിക്കേഷൻ ചിത്രങ്ങളിൽ ഫോൺ പർപ്പിൾ കളർ ഓപ്ഷനിലാണു കാണുന്നത്. അധിക സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറുംഫേസ് അൺലോക്ക് സപ്പോർട്ടും ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാൻഡ്‌സെറ്റിന്റെ അളവുകൾ 166.3×76.5×8.7 മില്ലിമീറ്ററും ഭാരം ഏകദേശം 210 ഗ്രാമും ആയിരിക്കും.
മോട്ടോ G36 ലോഞ്ച് ചെയ്യുന്ന തീയതി ഇതുവരെ മോട്ടറോള പ്രഖ്യാപിച്ചിട്ടില്ല. താങ്ങാനാവുന്ന വിലയുമായി വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണിൽ മോട്ടോ G35 5G-യെ അപേക്ഷിച്ച് ചില മെച്ചപ്പെടുത്തലുകളും ഉണ്ടായേക്കാം. കഴിഞ്ഞ വർഷം ഡിസംബറിൽ ലോഞ്ച് ചെയ്ത മോട്ടോ G35 5G-യുടെ 4GB റാമും 128GB സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയായിരുന്നു വില.
മോട്ടോ G35 5G-യിൽ 6.72 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുണ്ട്, അത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണത്തോടെയും വരുന്നു. യൂണിസോക് T760 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. ക്വാഡ്-പിക്സൽ ടെക്നോളജി ഉപയോഗിക്കുന്ന 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. 20W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരസ്യം
പരസ്യം