ലാവ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ലാവ ബ്ലേസ് ഡ്യുവോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോഞ്ച് തീയതി പ്രഖ്യാപിച്ചതിനു പുറമെ ഫോണിൻ്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, പ്രധാന സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ലാവ ബ്ലേസ് ഡ്യുവോയുടെ ഒരു പ്രത്യേക സവിശേഷത ഫോണിൻ്റെ പിൻഭാഗത്ത് സെക്കൻഡറി ഡിസ്പ്ലേ ഉണ്ടായിരിക്കും എന്നതാണ്. ഒക്ടോബറിൽ ഇന്ത്യയിൽ ഇറങ്ങിയ ലാവ അഗ്നി 3 ഫോണിനു സമാനമാണ് ഈ ഡിസൈൻ. വ്യത്യസ്തമായ റാം ഓപ്ഷനുകളുമായാണ് ഫോൺ എത്തുന്നത്. പ്രധാന ഡിസ്‌പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി, ഓപ്പറേറ്റിംഗ് സിസ്റ്റം (OS) എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ലാവ വെളിപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ബജറ്റ് നിരക്കിൽ സ്വന്തമാക്കാൻ കഴിയുന്ന ഫോണായിരിക്കും ലാവ ബ്ലേസ് ഡ്യുവോ. കൃത്യമായ സ്‌പെസിഫിക്കേഷനുകളും വിലയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ദിനത്തിൽ പുറത്തു വരും.
ലാവ ബ്ലേസ് ഡ്യുവോ ലോഞ്ചിംഗ് തീയ്യതി:
ഒരു ആമസോൺ മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നതു പ്രകാരം ലാവ ബ്ലേസ് ഡ്യുവോ ഡിസംബർ 16 ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ആമസോണിൽ നിന്നും ഫോൺ വാങ്ങാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു. ആർട്ടിക് വൈറ്റ്, സെലസ്റ്റിയൽ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാകും.
ലാവ ബ്ലേസ് ഡ്യുവോയുടെ ഡിസൈനിൽ രണ്ട് ഡിസ്പ്ലേകൾ ഉൾപ്പെടുന്നു. അവയിലൊന്ന് ഫോണിൻ്റെ പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുതും ചതുരാകൃതിയിലുള്ളതുമായ ഒരു സെക്കൻഡറി സ്‌ക്രീനാണ്. ഈ ഡിസൈൻ ലാവ അഗ്നി 3 എന്ന ഫോണിലുള്ളതിനു സമാനമാണ്. ഒക്ടോബറിൽ പുറത്തിറങ്ങിയ ലാവ അഗ്നി 3 ഹാൻഡ്സെറ്റിൽ സെക്കൻഡറി 1.74 ഇഞ്ച് AMOLED ടച്ച്‌സ്‌ക്രീനും 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച്1.5K മെയിൻ
AMOLED ഡിസ്‌പ്ലേയും ഉണ്ടായിരുന്നു.
ലാവ ബ്ലേസ് ഡ്യുവോയുടെ സവിശേഷതകൾ:
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് 3D കർവ്ഡ്
AMOLED ഡിസ്പ്ലേയാണ് ലാവ ബ്ലേസ് ഡ്യുവോയിൽ ഉണ്ടാവുക. പിന്നിൽ 1.58 ഇഞ്ച് സെക്കൻഡറി AMOLED സ്ക്രീനും ഉണ്ടാകും. AnTuTu-വിൽ 5,00,000 സ്‌കോർ ചെയ്തുവെന്നു പറയപ്പെടുന്ന മീഡിയാടെക് ഡൈമൻസിറ്റി 7025 5G പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
ആമസോൺ ലിസ്റ്റിംഗ് അനുസരിച്ച്, ലാവ ബ്ലേസ് ഡ്യുവോ 6GB, 8GB LPDDR5 റാമുമായി വരും. രണ്ട് വേരിയൻ്റുകളിലും അധിക വെർച്വൽ റാം ഉപയോഗിക്കാം, 6 ജിബി മോഡലിന് 6 ജിബിയും 8 ജിബി മോഡലിന് 8 ജിബിയുമാണ് ഉപയോഗിക്കാനാവുക. ഫോൺ 128GB UFS 3.1 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കും, ഭാവിയിൽ ആൻഡ്രോയിഡ് 15-ലേക്ക് അപ്‌ഗ്രേഡ് ചെയ്യും.
ക്യാമറയെ സംബന്ധിച്ചിടത്തോളം, ലാവ ബ്ലേസ് ഡ്യുവോയ്ക്ക് 64 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറയും 16 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഈ ഉപകരണത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി, ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ടാകും.