Photo Credit: Jio
സ്മാർട്ട്ഫോൺ പ്രേമികളെല്ലാം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ഐഫോൺ 16 സീരീസിൻ്റെ പിന്നാലെയാണ്. എന്നാൽ ഐഫോൺ എന്നത് സാധാരണക്കാർക്ക് അപ്രാപ്യമായ ഒന്നാണ്. ഇന്ത്യ വളരെ സാധാരണക്കാരായ ജനങ്ങൾ ജീവിക്കുന്ന രാജ്യമായതിനാൽ തന്നെ ഐഫോൺ സീരീസിൻ്റെ ബഹളത്തിനിടയിൽ സാധാരണക്കാർക്കുള്ള ഒരു ഫീച്ചർ ഫോണുമായി ജിയോ എത്തിയിട്ടുണ്ട്. ജിയോഫോൺ പ്രൈമ 2 എന്ന പേരിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ ജിയോഫോൺ പ്രൈമ 4G ഫോണിൻ്റെ പിൻഗാമിയാണ്. രണ്ടാം ജനറേഷൻ ജിയോഫോൺ പ്രൈമ മുൻപുള്ള മോഡലിലെ നിരവധി ഫീച്ചറുകൾ നിലനിർത്തുന്നതിനൊപ്പം കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ നൽകുകയും ചെയ്യുന്നു. റിയർക്യാമറ, ഫ്രണ്ട് ക്യാമറ, ക്വാൽകോം ചിപ്സെറ്റ്, 2000mAh ബാറ്ററി, 2.4 ഇഞ്ച് കേർവ്ഡ് ഡിസ്പ്ലേ തുടങ്ങി നിരവധി സവിശേഷതകളുമായാണ് ഈ ഫോൺ പുറത്തു വന്നിരിക്കുന്നത്.
ലൂക്സ് ബ്ലൂ നിറത്തിൽ മാത്രമാണ് ജിയോഫോൺ പ്രൈമ 2 ഇന്ത്യയിൽ ലഭ്യമാകുന്നത്. 2799 രൂപയാണ് ഈ ഫീച്ചർ ഫോണിൻ്റെ വില. ആമസോൺ വഴി ഈ ഫോൺ നിങ്ങൾക്ക് ഓർഡർ ചെയ്യാം.
2.4 ഇഞ്ചിൻ്റെ കേർവ്ഡ് ഡിസ്പ്ലേയാണ് ജിയോഫോൺ പ്രൈമ 2 മോഡലിൽ നൽകിയിരിക്കുന്നത്. ഇതിനൊപ്പം കീപാഡും സജ്ജീകരിച്ചിരിക്കുന്നു. ക്വാൽകോമിൻ്റെ ചിപ്പ്സെറ്റിലാണ് ഈ ഫോൺ പ്രവർത്തിക്കുകയെങ്കിലും ഏതു വേർഷനാണെന്നു വ്യക്തമായിട്ടില്ല. KaiOS 2.5.3 കരുത്തു നൽകുന്ന ഈ ഫോണിൽ 4GB ഓൺബോർഡ് സ്റ്റോറേജാണുള്ളത്. ഇത് മൈക്രോSD കാർഡ് ഉപയോഗിച്ച് 128GB വരെയാക്കി വർദ്ധിപ്പിക്കാൻ കഴിയും.
റിയർ ക്യാമറയും ഫ്രണ്ട് ക്യാമറയും ഉണ്ടെന്നതാണ് ജിയോഫോൺ പ്രൈമ 2 വിൻ്റെ മറ്റൊരു പ്രധാന പ്രത്യേകത. ഇതിനു പുറമെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു സവിശേഷത ഇതുപയോഗിച്ച് വീഡിയോ കോളുകൾ ചെയ്യാമെന്നതാണ്. ഒരു വീഡിയോ കോളിംഗ് ആപ്പും ഇതിനായി ആവശ്യമില്ല. ഒരു LED ടോർച്ച് യൂണിറ്റും ജിയോഫോൺ പ്രൈമ 2 വിൽ സജ്ജീകരിച്ചിരിക്കുന്നു.
ജിയോയിൽ നിന്നുള്ള ഏറ്റവും പുതിയ ഫീച്ചർ ഫോൺ ജിയോ ആപ്പിനെ പിന്തുണക്കുന്നതാണ്. ഇതുവഴി നിങ്ങൾക്ക് യുപിഐ പേയ്മെൻ്റുകൾ എളുപ്പത്തിൽ നടത്താൻ കഴിയും. വിനോദത്തിനായി ജിയോടിവി, ജിയോ സിനിമ, ജിയോസാവൻ തുടങ്ങിയ ആപ്പുകളും ജിയോഫോൺ പ്രൈമ 2 വിൽ നൽകിയിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ ആപ്പുകളും ആശയവിനിമയത്തിനായി ഗൂഗിൾ അസിസ്റ്റൻ്റും ഈ ഫോണിൽ ഉപയോഗിക്കാം. 23 ഭാഷകളെ പിന്തുണക്കുന്നതാണ് ഈ ഫീച്ചർ ഫോൺ.
2000mAh ബാറ്ററിയാണ് ജിയോഫോൺ പ്രൈമ 2 ഫീച്ചർഫോണിൽ നൽകിയിരിക്കുന്നത്. ഒരു നാനോ സിം മാത്രമേ ഈ ഫോണിൽ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. 4G കണക്റ്റിവിറ്റിയെ ജിയോഫോൺ പ്രൈമ 2 പിന്തുണക്കുന്നു. എഫ്എം റേഡിയോയും ഈ ഹാൻഡ്സെറ്റിലുണ്ട്. ലെതർ പോലെ ഫിനിഷിങ്ങുള്ള ജിയോഫോൺ പ്രൈമ 2 വിൽ 3.5mm ഓഡിയോ ജാക്കാണുള്ളത്. 123.4 x 55.5 x 15.1 ആണ് ജിയോഫോൺ പ്രൈമ 2 വിൻ്റെ വലിപ്പം, ഭാരം 120 ഗ്രാം മാത്രമാണ്.
പരസ്യം
പരസ്യം