വമ്പൻ ബ്രാൻഡുകളുടെ മികച്ച സമാർട്ട്ഫോണുകൾക്കുള്ളതു പോലെത്തന്നെ ബഡ്ജറ്റ് നിരക്കിൽ വരുന്ന സ്മാർട്ട്ഫോണുകൾക്കും ഇന്ത്യയിൽ വലിയ വിപണിയുണ്ട്. സ്മാർട്ട്ഫോണുകൾ തങ്ങളുടെ മിതമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നവരിൽ പലരും ഇതുപോലെയുള്ള സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കാറുള്ളത്. അതുകൊണ്ടു തന്നെ ബഡ്ജറ്റ് ഫോണുകളുടെ ഒരു വലിയ നിര തന്നെ കമ്പനികൾ പുറത്തിറക്കുന്നു. പ്രമുഖ ബ്രാൻഡുകൾക്കു പുറമെ മറ്റു പല ബ്രാൻഡുകളും ഈ വിപണിയിൽ മത്സരിക്കുന്നുണ്ട്. ഇതിലെ ചില മോഡലുകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ ചിലതിനു നല്ല അഭിപ്രായങ്ങൾ ലഭിക്കാറുണ്ട്.
മിതമായ നിരക്കിൽ മികച്ച സ്മാർട്ട്ഫോണുകൾ നൽകി വിപണിയിൽ ശ്രദ്ധിക്കപ്പെട്ട നിർമാതാക്കളാണ് ഐടെൽ. മറ്റു ബ്രാൻഡുകളോടു സർവ്വ മേഖലയിലും കിടമത്സരം നടത്താതെ ബഡ്ജറ്റ് സ്മാർട്ട്ഫോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടെല്ലിൻ്റെ പുതിയ സ്മാർട്ട്ഫോൺ ഉടനെ പുറത്തിറങ്ങാൻ പോവുകയാണ്.
ഐടെല്ലിൻ്റെ പുതിയ മോഡലായ ഐടെൽ A50 ൻ്റെ ഇന്ത്യയിലെ ലോഞ്ചിംഗ് ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നാണു റിപ്പോൾട്ടുകൾ. ഐടെൽ ഇതുമായി ബന്ധപ്പെട്ടു ഔദ്യോഗികമായ യാതൊരു അറിയിപ്പും നൽകിയിട്ടില്ലെങ്കിലും ഫോണിൻ്റെ സവിശേഷതകളും വില സംബന്ധിച്ച വിവരങ്ങളും ചോർന്നിട്ടുണ്ട്. സാധാരണക്കാരനു താങ്ങാവുന്ന വിലയിൽ ലഭ്യമാകാൻ പോകുന്ന ഹാൻഡ്സെറ്റ് ഈ വർഷത്തിൻ്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ഐടെൽ A70 നു കൂട്ടായാണു വരുന്നത്.
ഐടെൽ A50 ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില:
ഐടെൽ A50 ന് 7000 രൂപയിൽ താഴെയായിരിക്കും ഇന്ത്യയിൽ വിലയെന്നാണ് 91മൊബൈൽസ് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തത്. തങ്ങളുടെ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുമാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അവർ പറയുന്നു. ഐടെല്ലിൻ്റെ പുതിയ സ്മാർട്ട്ഫോണിൻ്റെ ലോഞ്ചിംഗ് അടുത്തയാഴ്ച ഉണ്ടാകുമെന്നും അവർ വ്യക്തമാക്കുന്നു. ജനുവരിയിൽ പുറത്തു വന്ന ഐടെൽ A70 ൻ്റെ വില ആരംഭിച്ചത് 6299 രൂപയിലായിരുന്നു. 4GB RAM + 64GB സ്റ്റോറേജുള്ള ഫോണിനായിരുന്നു ഈ വില. 4GB RAM + 128GB സ്റ്റോറേജുള്ള മോഡലിന് 6799 രൂപയും 4GB RAM + 256GB സ്റ്റോറേജുള്ള മോഡലിന് 7299 രൂപയുമായിരുന്നു.
ഐടെൽ A70 പോലെത്തന്നെ A50 നും നിരവധി നിറങ്ങളിലും വിവിധ സ്റ്റോറേജ് ഓപ്ഷനിലും ലഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 6.56 ഇഞ്ച് HD+ ഡിസ്പ്ലേ ആയിരിക്കും ഈ സ്മാർട്ട്ഫോണിനുണ്ടാവുക. വാങ്ങുന്നവർക്ക് ഒരു പ്രാവശ്യം ഫ്രീയായി സ്ക്രീൻ റീപ്ലേസ് ചെയ്യാമെന്ന ഓഫർ ഈ മോഡലിനൊപ്പം ഐടെൽ നൽകാനുള്ള സാധ്യതയുണ്ട്. ഫോൺ വാങ്ങി 100 ദിവസത്തിനുള്ളിൽ വരെയാണ് ഈ ഓഫറിനു സാധുതയുണ്ടാവുക.ഐടെൽ A50 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:
വില കുറവാണെങ്കിലും ഫോണിൽ നൽകുന്ന ഫീച്ചറുകളുടെ കാര്യത്തിൽ ഐടെൽ പിശുക്കൊന്നും കാണിച്ചിട്ടില്ല. കമ്പനിയുടെ ഗ്ലോബൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ പ്രകാരം നാലു നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. സിയാൻ ബ്ലൂ, ലൈം ഗ്രീൻ, മിസ്റ്റി ബ്ലാക്ക്, ഷിമ്മർ ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ വരുന്നത്.
720x1612 പിക്സൽ റെസലൂഷനുള്ള 6.56 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. 4GB RAM + 128GB വരെയുള്ള ഇൻ്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത് ഒക്ട കോർ യൂണിസോക് T603 ചിപ്പ് സെറ്റിലാണ്. 8 മെഗാപിക്സൽ റിയർ ക്യാമറയും സെൽഫി, വീഡിയോ കോൾ എന്നിവക്കായി 5 മെഗാപിക്സൽ റിയർ ക്യാമറയും ഇതിലുണ്ടാകും. ആൻഡ്രോയ്ഡ് 14 ൽ പ്രവർത്തിക്കുന്ന ഫോൺ 5G യുടെ ഈ കാലത്ത് 4G കണക്റ്റിവിറ്റി മാത്രമാണു നൽകുന്നതെന്നതു പ്രത്യേകം ശ്രദ്ധിക്കുക. 5000mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റിൻ്റെ വശത്ത് ഫിംഗർപ്രിൻ്റ് സെൻസറുമുണ്ട്. 163.9x75.7x8.7mm ആണ് ഫോണിൻ്റെ വലിപ്പം.