Photo Credit: iQOO
മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ നിറങ്ങളിൽ iQOO നിയോ 10R ലഭ്യമാകും.
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ പ്രൊഡക്റ്റായ ഐക്യൂ നിയോ 10R മാർച്ച് 11-ന് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നു. ലോഞ്ചിന് മുമ്പ്, ഫോണിൻ്റെ വില, പെർഫോമൻസ് എന്നിവയെ കുറിച്ചുള്ള ചില വിശദാംശങ്ങൾ കമ്പനി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെക്കുകയുണ്ടായി. കൃത്യമായ വില പറയാതെ ഏതു പ്രൈസ് റേഞ്ചിൽ ഈ ഫോൺ വരുമെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. ഈ ഫോൺ അതിൻ്റെ സെഗ്മെൻ്റിലെ ഏറ്റവും ഉയർന്ന AnTuTu ബെഞ്ച്മാർക്ക് സ്കോർ കൈവരിച്ചതായും കമ്പനി അവകാശപ്പെടുന്നു. ഐക്യൂ നിയോ 10R-ൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്, മികച്ച പെർഫോമൻസ് നൽകുമെന്ന് പ്രതീക്ഷിക്കുന്ന സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറാണ്. "R" ബ്രാൻഡിംഗ് വഹിക്കുന്ന നിയോ സീരീസിലെ ആദ്യത്തെ ഫോണാണിത്. മാർച്ച് 11-ന് നടക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവൻ്റിൽ ഫോണിൻ്റെ സവിശേഷതകളെയും വിലയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും.
സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) ഐക്യൂ തങ്ങളുടെ പുറത്തു വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ഐക്യൂ നിയോ 10R-നെ "സെഗ്മെൻ്റിലെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ" എന്നാണു വിളിച്ചത്. എന്നിരുന്നാലും, ഈ ക്ലെയിമിന് അടുത്തായി ഇതിൻ്റെ കാരണം വിശദീകരിക്കാനായുള്ള ഒരു ചെറിയ സ്റ്റാർ ചിഹ്നം ഉണ്ടായിരുന്നു, താഴെ, ഐക്യൂ അങ്ങിനെ വിളിക്കുന്നതിൻ്റെ കാരണവും വിശദീകരിച്ചു.
2025 മാർച്ച് വരെ ലോഞ്ച് ചെയ്‌ത 30,000 രൂപയിൽ താഴെ വിലയുള്ള മറ്റ് സ്‌മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫോണിനു ലഭിച്ച AnTuTu സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂവിൻ്റെ പ്രസ്താവന. ഐക്യൂ നിയോ 10R-ൻ്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് ഇത് സ്ഥിരീകരിക്കുന്നു. ടിപ്‌സ്റ്റർമാർ ഇക്കാര്യം നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.
ഐക്യൂ പറയുന്നത്, നിയോ 10R അതിൻ്റെ പ്രൈസ് സെഗ്മൻ്റിലെ ഏറ്റവും ഉയർന്ന AnTuTu സ്‌കോറായ 1.7 ദശലക്ഷം പോയിൻ്റുകൾ മറികടന്നു എന്നാണ്. എന്നാൽ ഫോണിൻ്റെ ലോഞ്ചിംഗിന് മുമ്പ് ഈ ക്ലെയിം സ്ഥിരീകരിക്കാൻ കഴിയില്ല.
ഐക്യൂ നിയോ 10R-ന് മൂൺനൈറ്റ് ടൈറ്റാനിയം എന്ന പുതിയ കളർ ഓപ്ഷനും കമ്പനി അവതരിപ്പിച്ചു. ഈ നിറം തിളങ്ങുന്ന ഫിനിഷുള്ള, വെള്ളി അല്ലെങ്കിൽ ചാരനിറത്തിലുള്ള ഷേഡ് പോലെ കാണപ്പെടുന്നു. റാഗിംഗ് ബ്ലൂ ആണ് ഫോണിന് ലഭ്യമായ മറ്റൊരു കളർ ഓപ്ഷൻ.
TSMC-യുടെ 4nm പ്രോസസ്സ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഐക്യൂ നിയോ 10R നൽകുന്നത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും ഫോണിന് ലഭിച്ചേക്കാം. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, 144Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് OLED ഡിസ്പ്ലേ ഇതിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, സോണി LYT-600 സെൻസറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഈ ഫോണിൽ ഉണ്ടായിരിക്കാം. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാകും.
ഐക്യൂ നിയോ 10R-ന് 6,400mAh ബാറ്ററിയാണ് ഉണ്ടാവുക. ഇത് 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പരസ്യം
പരസ്യം