ഐഫോൺ 17 സീരീസ് ഫോണുകളുടെ കളർ ഓപ്ഷൻസ് ഏതൊക്കെയെന്ന് അറിയാം
Photo Credit: Apple
ഐഫോൺ 16 പ്രോ മാക്‌സിന്റെയും (ഇടത്) ഐഫോൺ 15 പ്രോ മാക്‌സിന്റെയും (വലത്) മ്യൂട്ട് ചെയ്‌ത കളർ ടോണുകൾ
ആപ്പിളിൻ്റെ ഐഫോൺ 17 സീരീസ് രണ്ട് മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്. ലോഞ്ചിങ്ങ് അടുത്തു വരുന്നതിനനുസരിച്ച് ഫോണിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ, ഐഫോൺ 17 സീരീസിൽ ആപ്പിൾ നാല് വ്യത്യസ്തമായ മോഡലുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. അതിനൊപ്പം, ഈ വർഷം ഒരു പ്രധാന മാറ്റം ഉണ്ടായേക്കാമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. സമീപകാലത്തു ലീക്കായ വിവരങ്ങൾ പ്രകാരം, നിലവിലുള്ള പ്ലസ് മോഡലിന് പകരം ഐഫോൺ 17 എയർ എന്ന പുതിയ പതിപ്പ് ആപ്പിൾ അവതരിപ്പിച്ചേക്കാം. ഇത് ഐഫോൺ ഫാമിലിയിലേക്ക് പുതിയൊരു കൂട്ടിച്ചേർക്കലായിരിക്കും. ഐഫോൺ 17 സീരീസിൻ്റെ കളർ ഓപ്ഷനുകളെക്കുറിച്ചും ലീക്കുകൾ സൂചനകൾ നൽകി. ഈ വർഷം പുറത്തിറങ്ങുന്ന മോഡലുകളുടെ നിറങ്ങൾ മുമ്പത്തേക്കാൾ ആകർഷകമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് പ്രോ മോഡലുകൾക്ക് ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. മുൻ പതിപ്പുകളെ അപേക്ഷിച്ച് ഐഫോൺ 17 പ്രോയും പ്രോ മാക്സും കൂടുതൽ ആകർഷകമായ കളർ ഷേഡുകളിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടിപ്‌സ്റ്ററായ സോണി ഡിക്‌സൺ എക്സിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) കഴിഞ്ഞ ദിവസം ഒരു പുതിയ ചിത്രം പങ്കിട്ടിരുന്നു. വരാനിരിക്കുന്ന ഐഫോൺ 17 സീരീസ് ഫോണുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ കാണാൻ കഴിയുന്നത് ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളുടെ കളർ ഓപ്ഷനുകളിലാണ്.
സോണി ഡിക്‌സൺ പങ്കുവെച്ച ചിത്രം അനുസരിച്ച്, രണ്ട് പ്രോ മോഡലുകളും മൂന്ന് സ്റ്റാൻഡേർഡ് നിറങ്ങളിൽ വരും. കറുപ്പ്, വെള്ള, നേവി ബ്ലൂ എന്നിവയാണ് ഈ നിറങ്ങൾ. എന്നിരുന്നാലും, ഈ വർഷം പുറത്തിറങ്ങിയ ഐഫോണുകളുടെ നിറവുമായി താരതമ്യപ്പെടുത്തുമ്പോൾ 17 പ്രോ മോഡലുകളുടെ കളർ കൂടുതൽ ആകർഷകമാണ്.
എന്നാൽ അതു മാത്രമല്ല ഹൈലൈറ്റ്. ഇതിനു പുറമെ ഈ ഫോണുകൾക്ക് നാലാമതൊരു കളർ ഓപ്ഷനും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രോ ലൈനപ്പിനെ സംബന്ധിച്ച് പുതിയൊരു നീക്കമാണ്. ഐഫോൺ 17 പ്രോയും പ്രോ മാക്‌സും ബോൾഡ് ഓറഞ്ച് നിറത്തിലും പുറത്തു വന്നേക്കുമെന്നാണു ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഇതൊരു പ്രധാന മാറ്റമാണ്, കാരണം ആപ്പിൾ സാധാരണയായി അതിന്റെ പ്രോ മോഡലുകൾ അത്ര ആകർഷകമല്ലാത്ത നിറങ്ങളിലാണു പുറത്തിറക്കാറുള്ളത്. ഇതിൽ നിന്നും വേറിട്ടു നിൽക്കുന്ന ഓറഞ്ച് പതിപ്പ് ഐഫോൺ പ്രോ ഫോണുകളുടെ ഡിസൈനിന് പുതുമയുള്ളതും ആകർഷകവുമായ ഒരു രൂപം നൽകുകയും ചെയ്യുന്നു.
ഐഫോൺ 17, ഐഫോൺ 17 എയർ എന്നിവയുടെ കളർ ഓപ്ഷൻസ് കാണിക്കുന്ന ചിത്രവും ടിപ്‌സ്റ്റർ പങ്കിടുകയുണ്ടായി. രണ്ട് ഫോണുകളും ബ്ലാക്ക്, ലൈറ്റ് ബ്ലൂ, വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇതിനു പുറമെ, നാലാമത്തെ ഓപ്ഷനായി ഐഫോൺ 17 ഇളം പിങ്ക് നിറത്തിൽ വന്നേക്കും, അതേസമയം ഐഫോൺ 17 എയർ ഗോൾഡൻ നിറത്തിലാണ് കാണിച്ചിരിക്കുന്നത്.
ഈ വിവരങ്ങൾ ശരിയാണെങ്കിൽ, ആപ്പിൾ രണ്ട് പുതിയ കളർ ചേഞ്ച് അവതരിപ്പിക്കുന്നത് ഇതാദ്യമായിരിക്കും. ഒന്ന് പ്രോ മോഡലിൻ്റെ ഓറഞ്ച് നിറമാണ്, മറ്റൊന്ന് സാധാരണ ഐഫോൺ മോഡലിൻ്റെ ഗോൾഡൻ നിറവും. സാധാരണയായി, ഉയർന്ന നിലവാരമുള്ള ഐഫോണുകളാണ് ഗോൾഡ്, മറ്റ് പ്രീമിയം നിറങ്ങളുടെ ഓപ്ഷനുമായി വരാറുള്ളത്.
ബോൾഡും സ്റ്റൈലിഷും ആയ നിറങ്ങൾ ഇഷ്ടപ്പെടുന്ന, എന്നാൽ നോൺ-പ്രോ മോഡലുകളിൽ മാത്രം താൽപര്യമുള്ള, അല്ലെങ്കിൽ അതു മാത്രം വാങ്ങാൻ കഴിയുന്ന ഉപയോക്താക്കൾക്ക് ആപ്പിളിൻ്റെ ഈ പുതിയ സമീപനം വലിയ സന്തോഷവാർത്ത ആയിരിക്കും. മുമ്പ്, ഇത്തരക്കാർക്ക് പരിമിതമായ കളർ ഓപ്ഷനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതേസമയം പ്രോ പതിപ്പുകൾ കൂടുതൽ എക്സ്ക്ലൂസീവ് നിറങ്ങളിൽ ലഭ്യമാവുകയും ചെയ്തിരുന്നു. ഇപ്പോൾ, ആപ്പിൾ ഏതു മോഡൽ എന്നതു പരിഗണിക്കാതെ എല്ലാവർക്കും കൂടുതൽ ആകർഷകമായ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ ആരംഭിച്ചുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
പരസ്യം
പരസ്യം