ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവ ഇന്നലെ അവതരിപ്പിച്ചു
Photo Credit: Apple
ഐഫോൺ 16 പ്രോയ്ക്കും ഐഫോൺ 16 പ്രോ മാക്സിനും പിന്നാലെ ആപ്പിളിന്റെ ഐഫോൺ 17 പ്രോ മോഡലുകൾ
ടെക് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന "Awe Dropping" ഇവൻ്റ് കഴിഞ്ഞ ദിവസം ആപ്പിളിൻ്റെ കാലിഫോർണിയയിലെ ആസ്ഥാനത്ത് വെച്ച് നടന്നിരുന്നു. ഈ ചടങ്ങിൽ അവതരിപ്പിച്ച പുതിയ ഐഫോൺ 17 സീരീസ് ഫോണുകളുടെ കൂട്ടത്തിൽ ആപ്പിൾ ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും അവതരിപ്പിച്ചു. വരും ദിവസങ്ങളിൽ സാധാരണ ഐഫോൺ 17, ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പം ഈ പ്രോ മോഡലുകളും വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 17 പ്രോയും പ്രോ മാക്സും ആപ്പിളിന്റെ ഏറ്റവും ശക്തമായ പ്രോസസറായ A19 പ്രോ ചിപ്പുമായാണ് വരുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പായ iOS 26-ൽ രണ്ട് മോഡലുകളും പ്രവർത്തിക്കുന്നു. ആപ്പിൾ സിഇഒ ടിം കുക്കാണ് ഇതിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ലൈവ് സ്റ്റേജ് ഇവന്റിന് പകരം, മുൻകൂട്ടി റെക്കോർഡു ചെയ്‌ത രീതിയിലാണ് ഫോണുകൾ അവതരിപ്പിച്ചത്. ആപ്പിളിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലോകമെമ്പാടും സ്ട്രീം ചെയ്ത ഈ പരിപാടി ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
യുഎസിൽ ഐഫോൺ 17 പ്രോയുടെ 256 ജിബി മോഡലിന് 1,099 ഡോളർ മുതൽ വില ആരംഭിക്കുന്നു. ഐഫോൺ 17 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന് 1,199 ഡോളർ മുതലാണ് വില.
ഇന്ത്യയിൽ, ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിലും ഐഫോൺ 17 പ്രോ മാക്‌സിന്റെ വില 1,49,900 രൂപയിലും ആരംഭിക്കുന്നു. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും.
ഐഫോൺ 17 പ്രോ മോഡലുകളുടെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12-ന് ആരംഭിക്കും, സെപ്റ്റംബർ 19-ന് ലോകമെമ്പാടും ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കും.
ഡിസൈനിലും പെർഫോമൻസിലും വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 17 പ്രോയും 17 പ്രോ മാക്സും വരുന്നത്. ഐഫോൺ 15 പ്രോയിലും 16 പ്രോയിലും ഉപയോഗിച്ചിരിക്കുന്ന ടൈറ്റാനിയത്തിന് പകരം ആപ്പിൾ വീണ്ടും അലുമിനിയം ബോഡിയിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഐഫോൺ 17 എയർ ടൈറ്റാനിയം ബിൽഡ് തന്നെയാണ്. പിന്നിൽ വലിയ ക്യാമറ ഐലൻഡുള്ള യൂണിബോഡി ഡിസൈനാണ് പ്രോ മോഡലുകൾക്കുള്ളത്.
ആദ്യമായി, ആപ്പിൾ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ചേർത്തിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇത് കനത്ത ഉപയോഗത്തിനിടയിലും ഫോൺ തണുപ്പായിരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കുന്നു. ഐഫോൺ 17 പ്രോയിൽ 120Hz വരെ പ്രോമോഷനോടു കൂടിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുള്ളപ്പോൾ പ്രോ മാക്സിൽ 6.9 ഇഞ്ചിൻ്റെ വലിയ സ്‌ക്രീനാനുള്ളത്. രണ്ടിലുമുള്ള സെറാമിക് ഷീൽഡ് 2 മൂന്നിരട്ടി സ്‌ക്രാച്ച് റെസിസ്റ്റന്റാണ്, കൂടാതെ 3,000nits പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്.
ആറ് കോർ സിപിയുവും ജിപിയുവും ഉള്ള പുതിയ A19 പ്രോ ചിപ്പിലാണ് പ്രോ മോഡലുകൾ പ്രവർത്തിക്കുന്നത്. വൈഡ്, അൾട്രാവൈഡ്, ടെലിഫോട്ടോ എന്നിങ്ങനെയുള്ള മൂന്ന് പിൻ ക്യാമറകളും 48 മെഗാപിക്സൽ സെൻസറുകളാണ്. ടെലിഫോട്ടോ ലെൻസ് മുമ്പത്തേക്കാൾ വളരെ വലുതും 8x ഒപ്റ്റിക്കൽ സൂമും 40x ഡിജിറ്റൽ സൂം എന്നിവയെ പിന്തുണയ്ക്കുന്നതുമാണ്. സെന്റർ സ്റ്റേജ് പിന്തുണയുള്ള മുൻ ക്യാമറ 18MP ആണ്.
iOS 26-ൽ ആണ് ഫോണുകൾ പ്രവർത്തിക്കുന്നത്. ഐഫോൺ 17 പ്രോ മാക്സ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഐഫോണാണ്. ഫാസ്റ്റ് USB-C അഡാപ്റ്ററുകൾ ഉപയോഗിച്ച് 20 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനും ഇതിന് കഴിയും.
പരസ്യം
പരസ്യം