ഐഫോൺ 17 സീരീസ്, ഐഫോൺ എയർ കയ്യിലെത്താൻ വൈകും; വിവരങ്ങൾ അറിയാം.
Photo Credit: Apple
ഇന്ത്യയിൽ ഐഫോൺ 17 ന്റെ അടിസ്ഥാന 256 ജിബി കോൺഫിഗറേഷന് 82,900 രൂപയാണ് വില
കഴിഞ്ഞയാഴ്ച നടന്ന 'Awe Dropping' പരിപാടിയിലാണ് തങ്ങളുടെ പുതിയ ഫോൺ മോഡലുകളായ ഐഫോൺ 17 സീരീസും ഐഫോൺ എയറും ആപ്പിൾ പുറത്തിറക്കിയത്. സെപ്റ്റംബർ 12-ന് പ്രീ-ഓർഡറുകൾ ആരംഭിച്ച ഈ മോഡലുകൾ സെപ്റ്റംബർ 19-നാണ് ഔദ്യോഗികമായി ഷിപ്പിംഗ് ആരംഭിക്കുന്നത്. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫോണുകൾ ഒരുപോലെ ലഭ്യമാകില്ല. ആപ്പിളിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ചില ഓർഡറുകളുടെ ഡെലിവറി തീയതികൾ നീട്ടിവെച്ചതായി കാണിക്കുന്നുണ്ട്. ഇതിനർത്ഥം ഫോൺ തങ്ങളുടെ കയ്യിലെത്താൻ ഉപയോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്. അതേസമയം, ഇന്ത്യയിലെ റീട്ടെയിലർമാർ പരിമിതമായ സ്റ്റോക്ക് കാരണമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്റ്റോക്ക് കുറവായതിനാൽ രാജ്യത്തുള്ളവർക്ക് പ്രതീക്ഷിച്ച തീയ്യതിയിൽ ഫോൺ ലഭ്യമാകാൻ യാതൊരു സാധ്യതയുമില്ല. ആപ്പിൾ ഷിപ്പിംഗ് ആരംഭിച്ചെങ്കിലും, ഉയർന്ന ഡിമാൻഡും കുറഞ്ഞ തോതിലുള്ള വിതരണവും പല പ്രദേശങ്ങളിലും ഇതെത്തുന്നതിനു കാലതാമസമുണ്ടാകാൻ കാരണമായേക്കും. അതിനാൽ ഐഫോൺ 17 സീരീസും ഐഫോൺ എയറും ഓർഡർ ചെയ്തവർക്ക് അതു കയ്യിലെത്താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കാത്തിരിക്കേണ്ടി വരാം.
മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഐഫോൺ 17 സീരീസ് ഐഫോൺ എയർ ഫോണുകളുടെ ലഭ്യത കുറവാണെന്ന് റീട്ടെയിലർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ തങ്ങളുടെ റീട്ടെയിൽ ശൃംഖല രാജ്യത്തു വികസിപ്പിച്ചതിനാലാണ് ഈ ക്ഷാമം ഉണ്ടായതെന്നാണ് വ്യവസായ വൃത്തങ്ങൾ പറയുന്നത്. ഇത് ഓരോ സ്റ്റോറിലും ലഭിക്കുന്ന ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കുന്നു.
ഇന്ത്യയിൽ ഒരു പുതിയ ഐഫോൺ സീരീസ് നിർമ്മിക്കാൻ ആപ്പിൾ തുടങ്ങുമ്പോൾ, അടിസ്ഥാന മോഡലുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് റിപ്പോർട്ട് പറയുന്നു. ലോഞ്ച് ചെയ്ത് ഏതാനും ആഴ്ചകൾക്കുള്ളിലേ പ്രോ, പ്രോ മാക്സ് മോഡലുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയുള്ളൂ. ഉദാഹരണത്തിന്, ഏകദേശം 500 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയാണെങ്കിൽ, ഏകദേശം 50 എണ്ണം മാത്രമേ പ്രോ മോഡലുകളുണ്ടാകൂ, ഏകദേശം 10 എണ്ണം പ്രോ മാക്സ് മോഡലുകളും ആയിരിക്കും. ഇതിൽ തന്നെ 512GB, 1TB പോലുള്ള ഉയർന്ന സ്റ്റോറേജ് വേരിയൻ്റുകൾ ഉണ്ടാകാൻ സാധ്യത തീരെ കുറവാണ്. ഇക്കാരണത്താൽ, ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നോ അതിന്റെ ഔദ്യോഗിക റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നോ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള മോഡൽ വാങ്ങേണ്ടി വന്നേക്കാം. പക്ഷേ അപ്പോഴും ഡെലിവറികൾ വൈകുന്നുണ്ട്.
സെപ്റ്റംബർ 19 എന്ന തീയ്യതിയാണ് ലോഞ്ച് സമയത്തു പറഞ്ഞിരുന്നതെങ്കിലും ഡെലിവറി പൂർത്തിയാകാൻ അതിലും വൈകുമെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റ് കാണിക്കുന്നു. ഉദാഹരണത്തിന്, 256 ജിബി സ്റ്റോറേജുള്ള വൈറ്റ് കളർ സാധാരണ ഐഫോൺ 17 സെപ്റ്റംബർ 27-നും ഒക്ടോബർ 6-നും ഇടയിൽ ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ ഷിപ്പ് ചെയ്യുമെന്നാണു കാണിക്കുന്നത്. മറ്റ് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലുമുള്ള ഫോണുകൾക്കും ഇതേ കാലതാമസം ബാധകമാണ്.
ഗാഡ്‌ജെറ്റ്‌സ് 360 റിപ്പോർട്ട് ചെയ്തതു പോലെ, ഐഫോൺ എയറിനും സമാനമായ കാലതാമസമുണ്ടാകും. ലൈറ്റ് ഗോൾഡ് നിറത്തിലുള്ള അടിസ്ഥാന മോഡലും മറ്റ് കളർ ഓപ്ഷനുകളിലുള്ള ഫോണുകളും സെപ്റ്റംബർ 27-നും ഒക്ടോബർ 6-നും ഇടയിൽ മാത്രമാകും ഷിപ്പ് ചെയ്യുകയെന്നാണു പ്രതീക്ഷിക്കുന്നത്.
ടോപ്പ്-എൻഡ് മോഡലായ ഐഫോൺ 17 പ്രോ മാക്‌സിന്റെ ഡെലിവറിക്ക് കൂടുതൽ സമയമെടുത്തേക്കാം. 256 ജിബി മോഡൽ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒക്ടോബർ 6-നും ഒക്ടോബർ 11-നും ഇടയിലാകും ഇതു ലഭിക്കുകയെന്ന് ആപ്പിളിന്റെ വെബ്‌സൈറ്റ് കാണിക്കുന്നു.
അതേസമയം, ഈ ഫോണുകളുടെയെല്ലാം അടിസ്ഥാന പതിപ്പുകൾ കമ്പനിക്കു ഡൽഹിയിലുള്ള ഒരേയൊരു ഒഫീഷ്യൽ സ്റ്റോറായ ആപ്പിൾ സാകേതിൽ ഇതിനകം വിറ്റുതീർന്നിട്ടുണ്ട്.
പരസ്യം
പരസ്യം