Photo Credit: Apple
ഐഫോൺ 16 സീരീസിലെ മറ്റ് മോഡലുകളെപ്പോലെ ഐഫോൺ 16-ലും ഒരു ആക്ഷൻ ബട്ടൺ സജ്ജീകരിച്ചിരിക്കുന്നു
ആപ്പിൾ ഐഫോൺ 16 സീരീസിലെ എൻട്രി ലെവൽ മോഡലായി ഐഫോൺ 16e ബുധനാഴ്ച പുറത്തിറങ്ങി. ഈ പുതിയ സ്മാർട്ട്‌ഫോൺ 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഐഫോൺ 16 സീരീസിൻ്റെ മറ്റ് മോഡലുകളിൽ ഉപയോഗിക്കുന്ന അതേ പ്രോസസറായ A18 ചിപ്പാണ് ഇത് നൽകുന്നത്. ഐഫോൺ 15 പ്രോ, (2023-ൽ ലോഞ്ച് ചെയ്തു) കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഐഫോൺ 16 സീരീസിലെ ബാക്കി മോഡലുകൾ എന്നിവ പോലെ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളെ ഐഫോൺ 16e പിന്തുണയ്ക്കുന്നു. 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഐഫോൺ 16e-ക്കുള്ളത്. കൂടാതെ, ഫോണിൽ പ്രോഗ്രാമബിൾ ആക്ഷൻ ബട്ടൺ ഉൾപ്പെടുന്നു. ക്യാമറ ഓപ്പൺ ചെയ്യുക, വോയ്‌സ് റെക്കോർഡിംഗ് ആരംഭിക്കുക, അല്ലെങ്കിൽ മറ്റ് പ്രവർത്തനങ്ങൾ ആക്റ്റീവ് ആക്കുക തുടങ്ങിയ വേഗത്തിൽ ചെയ്യാൻ ഈ ബട്ടൺ കസ്റ്റമൈസ് ചെയ്യാനാകും.
ഇന്ത്യയിൽ ഐഫോൺ 16e-യുടെ 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 59,900 രൂപയാണ് വില വരുന്നത്. ഈ ഫോൺ 256 ജിബി, 512 ജിബി വേരിയൻ്റുകളിലും വരുന്നുണ്ട്. ഇവയുടെ വില യഥാക്രമം 69,900 രൂപയും 89,900 രൂപയുമാണ്.
ഫെബ്രുവരി 21 മുതൽ നിങ്ങൾക്ക് ഐഫോൺ 16e പ്രീ ഓർഡർ ചെയ്യാമെന്നും ഫെബ്രുവരി 28 മുതൽ ഇത് വിൽപ്പനയ്‌ക്ക് ലഭ്യമാകുമെന്നും ആപ്പിൾ പറയുന്നു. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭിക്കും.
പുതിയ ഐഫോൺ 16e ഒരു ഫിസിക്കൽ നാനോ സിമ്മും ഇസിമ്മും പിന്തുണയ്ക്കുന്ന ഒരു ഡ്യുവൽ സിം ഫോണാണ്. ഇത് iOS 18-ൽ പ്രവർത്തിക്കുന്നു. 1,170x2,532 പിക്സൽ റെസല്യൂഷനുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീനിന് 60Hz റീഫ്രഷ് റേറ്റും 800 nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. ആപ്പിളിൻ്റെ സെറാമിക് ഷീൽഡ് മെറ്റീരിയലും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.
2024 സെപ്റ്റംബറിൽ ഐഫോൺ 16-നൊപ്പം ആദ്യമായി അവതരിപ്പിച്ച ആപ്പിളിൻ്റെ 3nm A18 ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. 512GB വരെ സ്റ്റോറേജുള്ള വേരിയൻ്റ് ലഭിക്കും. ആപ്പിൾ സാധാരണയായി റാം വിശദാംശങ്ങൾ പങ്കിടില്ല, പക്ഷേ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളെ പിന്തുണയ്ക്കാൻ 8 ജിബി റാം ഉണ്ടായിരിക്കും.
ഐഫോൺ 16e-ൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 48 മെഗാപിക്സൽ പിൻ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ TrueDepth ഫ്രണ്ട് ക്യാമറയും ഉണ്ട്. തേർഡ് ജനറേഷൻ ഐഫോൺ SE-യിൽ കാണുന്ന ടച്ച് ഐഡി ഹോം ബട്ടണിൽ നിന്ന് മാറ്റം വരുത്തിയ ഈ ഫോണിൽ ഫേസ് ഐഡിക്കുള്ള സെൻസറുകളും ഉൾപ്പെടുന്നുണ്ട്.
ഫോണിന് സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്, കൂടാതെ 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, GPS എന്നിവയെ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സാറ്റലൈറ്റ് ഫീച്ചർ വഴി ആപ്പിളിൻ്റെ എമർജൻസി എസ്ഒഎസും ഇത് വാഗ്ദാനം ചെയ്യുന്നു. മുൻ മോഡലിൽ നിന്ന് വ്യത്യസ്തമായി, ഐഫോൺ 16e-ക്ക് 18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന ഒരു USB ടൈപ്പ്-സി പോർട്ട് ഉണ്ട്.
ആപ്പിൾ ഇതുവരെ ഫോണിൻ്റെ ബാറ്ററി ശേഷി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നേക്കാം. IP68 റേറ്റിംഗാണ് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിനുള്ളത്. ഇതിൻ്റെ വലിപ്പം 146.7mm x 71.5mm x 7.8mm എന്നിങ്ങനെയും ഭാരം 167 ഗ്രാമും ആണ്.
പരസ്യം
പരസ്യം