Photo Credit: Apple
iPhone 15 Plus (pictured) is offered in Black, Blue, Green, Pink and Yellow colourways
സ്മാർട്ട്ഫോൺ പ്രേമികൾ എക്കാലവും ആഗ്രഹിക്കുന്ന ബ്രാൻഡുകളിൽ ഒന്നായിരിക്കും ഐഫോൺ. വിലയുടെ കാര്യത്തിൽ സാധാരണക്കാർക്ക് അപ്രാപ്യമായ ഒന്നാണെങ്കിലും ഐഫോണിൻ്റെ പുതിയ മോഡലുകൾ പുറത്തു വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡലായി പുറത്തിറങ്ങാൻ പോകുന്നത് ഐഫോൺ 16 ആണ്. സെപ്തംബർ 9 നാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡൽ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ പോകുന്നത്. അതിനു മുന്നോടിയായി കഴിഞ്ഞ വർഷം പുറത്തു വന്ന ഐഫോൺ 15 സീരീസിൻ്റെ ഭാഗമായ ഐഫോൺ 15 പ്ലസ് സ്വന്തമാക്കാൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഇപ്പോൾ സുവർണാവസരം വന്നു ചേർന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഇ കോമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 പ്ലസിൻ്റെ വില കുത്തനെ കുറഞ്ഞിട്ടുണ്ട്. ലോഞ്ചിങ്ങ് സമയത്തെ വിലയും ആപ്പിളിൻ്റെ ഒഫിഷ്യൽ വെബ്സൈറ്റിലെ വിലയും താരതമ്യം ചെയ്തു നോക്കുമ്പോൾ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന വില കുറവാണ്.
ഐഫോൺ 15 പ്ലസിൻ്റെ ഏറ്റവും അടിസ്ഥാന മോഡലായ 128GB വേരിയൻ്റിന് ആപ്പിൾ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ 89600 രൂപയാണ് വില. അതേസമയം ഫ്ലിപ്കാർട്ടിൽ ഇതേ ഫോണിന് 13601 രൂപ കുറവിൽ 75999 രൂപയാണു വില നൽകിയിരിക്കുന്നത്. ഇതിനു പുറമേ എക്സ്ചേഞ്ച് ഓഫറിൽ ഇതിനേക്കാൾ കുറഞ്ഞ വിലക്ക് ഐഫോൺ 15 പ്ലസ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
HSBC, ഫെഡറൽ ബാങ്ക് എന്നിവയുടെ ക്രഡിറ്റ് കാർഡ് EMI ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഈ ഡിസ്കൗണ്ട് വിലക്കു പുറമെ 1500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ബാങ്ക് ഓഫ് ബറോഡയുടെ ബോബ്കാർഡ് കയ്യിലുള്ളവർക്കും, യുപിഐ ട്രാൻസാക്ഷൻ ഉപയോഗിക്കുന്നവർക്കും 1000 രൂപ വരെയും ഡിസ്കൗണ്ട് നേടാനാകും.
ഐഫോണിൻ്റെ 256GB, 512GB വേരിയൻ്റുകൾക്കും ഫ്ലിപ്കാർട്ടിൽ ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ട് ലഭിക്കുന്നുണ്ട്. ആപ്പിളിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഈ ഫോണുകൾക്ക് യഥാക്രമം 99600 രൂപ, 119600 രൂപ എന്നിങ്ങനെയാണു വിലയിട്ടിരിക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ ഫോണുകളുടെ വില യഥാക്രമം 85999 രൂപയും 105999 രൂപയുമാണ്.
ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 16 ഉടനെ പുറത്തിറങ്ങും എന്നതു കൊണ്ടാണ് ഐഫോൺ 15 പ്ലസിന് ഫ്ലിപ്കാർട്ടിൽ വില കുറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ ഐഫോൺ 15 സീരീസിലുള്ള മറ്റു ഫോണുകൾക്കു കൂടി വരും ദിവസങ്ങളിൽ ഇന്ത്യയിൽ വില കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.
6.7 ഇഞ്ചിൻ്റെ സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഐഫോൺ 15 പ്ലസിൽ ഉള്ളത്. A16 ബൈടോണിക് ചിപ്സെറ്റിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. USB ടൈപ്പ് സി ചാർജിംങ്ങ് പോർട്ടുമായി ഇറങ്ങിയ ആപ്പിളിൻ്റെ ആദ്യത്തെ സ്മാർട്ട്ഫോണുകളിൽ ഒന്നു കൂടിയാണ് ഐഫോൺ 15 പ്ലസ്. ക്യാമറ ഫീച്ചേഴ്സിൻ്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിൽ നിൽക്കാറുള്ള ഐഫോണിൻ്റെ ഈ മോഡലിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറ യൂണിറ്റാണു സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ 12 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ഷൂട്ടറും ഈ ഫോണിലുണ്ട്. സെൽഫികൾക്കായി 12 മെഗാപിക്സലിൻ്റെ ട്രൂ ഡെപ്ത്ത് ക്യാമറയും നൽകിയിരിക്കുന്നു.
പരസ്യം
പരസ്യം