ഫോൾഡബിൾ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി വിപണിയിലേക്ക് മറ്റൊരു മോഡൽ കൂടി ഉടനെയെത്തുന്നു. ജൂലൈയിൽ നടന്ന ഇവൻ്റിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് V3 യാണ് ആഗോള വിപണിയിലേക്കു വരാനിരിക്കുന്നത്.
കമ്പനിയുടെ നെക്റ്റ് ജെനറേഷൻ ഫോൾഡബിൾ സ്മാർട്ട്ഫോണായി കണക്കാക്കപ്പെടുന്ന ഹോണർ മാജിക് V3 യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ഹോണർ മാജിക് V3 ഉടനെ തന്നെ ലോകമെമ്പാടുമുള്ള വിപണിയിൽ ലഭ്യമാകുമെന്നാണു സൂചനകൾ. ബെഞ്ച്മാർക്ക് വെബ്സൈറ്റുകളിൽ ഈ സ്മാർട്ട്ഫോണിൻ്റെ പുതിയൊരു വേരിയൻ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതു ഹാൻഡ്സെറ്റിൻ്റെ സവിശേഷതകൾ എങ്ങിനെയായിരിക്കും എന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വ്യക്തത നൽകുന്നുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് ചൈനയിൽ ലോഞ്ച് ചെയ്ത അതേ സവിശേഷതകളോടു കൂടിത്തന്നെയാകും ഹോണർ മാജിക് V3 ഇന്ത്യ അടക്കമുള്ള മറ്റുള്ള രാജ്യങ്ങളിലേക്കും എത്തുകയെന്നാണ്.
സ്മാർട്ട്ഫോണുകൾക്കുള്ള ബെഞ്ച്മാർക്കിംഗ് വെബ്സെറ്റായ ഗീക്ബെഞ്ചിൽ ‘FCP-N49' എന്ന മോഡൽ നമ്പറിൽ ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിൾ കോർ ടെസ്റ്റിൽ 1914 പോയിൻ്റും മൾട്ടി കോർ ടെസ്റ്റിൽ 5354 പോയിൻ്റും നേടിയ ഒക്റ്റ കോർ പ്രോസസറാണ് ഇതിലുള്ളതെന്നു ലിസ്റ്റിങ്ങിൽ നിന്നും വ്യക്തമാകുന്നുണ്ട്.
ചിപ്പ്സെറ്റിൻ്റെ പ്രധാന കോറിൻ്റെ ഏറ്റവുമുയർന്ന ക്ലോക്ക് സ്പീഡിങ്ങ് 3.30 GHz ആണെന്നും ലിസ്റ്റിങ്ങിൽ നിന്നും മനസിലാക്കാനാൻ കഴിയും.
അഡ്രീനോ 750 GPU ആയിരിക്കും ഈ ഹാൻഡ്സെറ്റിനുണ്ടാവുക. ബെഞ്ച്മാർക്ക് നമ്പറുകളിലുള്ള CPU ഫ്രീക്വൻസി, GPU സംബന്ധിച്ച വിവരങ്ങൾ എന്നിവയിൽ നിന്നും ഹോണർ മാജിക് V3 മോഡൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റിലാകും പ്രവർത്തിക്കുക. 2023ൽ ലോഞ്ച് ചെയ്ത ചിപ്പ്സെറ്റ് നിർമാതാക്കളുടെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് പ്രൊസസറുകളിൽ ഒന്നാണിത്. 12GB RAM ആണ് ഫോണിൽ ഉണ്ടാവുകയെന്നും ലിസ്റ്റിങ്ങിൽ നിന്നും മനസിലാക്കാൻ കഴിയുന്നു.
ഗീക്ബെഞ്ച് ലിസ്റ്റിൽ FCP-N49 എന്ന മോഡൽ നമ്പർ മാത്രമാണുള്ളത്. അല്ലാതെ സ്മാർട്ട്ഫോണിൻ്റെ പേരോ കമ്പനിയുടെ പേരോ അതിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് അതോറിറ്റി (TDRA) യുടെ ലിസ്റ്റിങ്ങിൽ ഇതേ മോഡൽ നമ്പർ കാണാൻ കഴിയുന്നുണ്ട്. അതു ഹോണർ മാജിക് V3 എന്ന പേരിലാണ്. അതേസമയം ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് V3 യുടെ മോഡൽ നമ്പർ FCP-AN10 ആയിരുന്നു.
ഹോണർ മാജിക് V3 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:
ഹോണർ മാജിക് V3 യുടെ ചൈനീസ് വേർഷനിൽ 7.92 ഇഞ്ച് വലിപ്പമുള്ള പ്രൈമറി LTPO OLED സ്ക്രീനും 6.43 ഇഞ്ച് വലിപ്പമുള്ള LTPO OLED കവർ ഡിസ്പ്ലേയുമാണുള്ളത്. രണ്ടു ഡിസ്പ്ലേകളും സ്‌റ്റൈലസ് സപ്പോർട്ട് നൽകുന്നുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ 16GB വരെയുള്ള RAM സ്റ്റോറേജും 512GB വരെയുള്ള ഓൺ ബോർഡ് സ്റ്റോറേജും നൽകുന്നു.
ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ MagicOS 8.0.1 ആണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഹോണർ മാജിക് V3 നൽകുന്നത്. ഇതിൽ 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും 40 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 40 മെഗാപിക്സൽ സെൻസറുള്ള വൈഡ് ആംഗിൾ ഇന്നർ ക്യാമറയും ഇതിലുണ്ട്. 5150mAh വരുന്ന സിലക്കൺ കാർബൺ ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഇത് 60W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX8 റേറ്റിങ്ങുള്ള ഫോണാണ് ഹോണർ മാജിക് V3.