ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ ഹോണറിൻ്റെ രണ്ടു സ്മാർട്ട്ഫോണുകൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ജനുവരിയിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഹോണർ മാജിക് 6 ൻ്റെ അടിസ്ഥാന മോഡലും ഹോണർ മാജിക് പ്രോയുമാണ് പിന്നീട് ഇന്ത്യയിലെത്തിയത്. ഓഗസ്റ്റ് 2ന് ലോഞ്ച് ചെയ്ത ഈ മോഡൽ സ്മാർട്ട്ഫോണുകൾക്കു പിന്നാലെ ലോഞ്ച് ചെയ്യാനിരിക്കുന്ന, അതിനേക്കാൾ മികച്ച സവിശേഷതകളുള്ള ഹോണറിൻ്റെ രണ്ടു സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ കൂടിയിപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ഹോണർ മാജിക് 7 സീരീസിലാണ് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തു വരുന്നത്. ഈ ഫോണിൻ്റെ ലോഞ്ചിംഗ് തീയ്യതി അടക്കമുള്ള വിവരങ്ങൾ സംബന്ധിച്ച് ഇതുവരെ കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ലെങ്കിലും നിരവധി സവിശേഷതകൾ ഓൺലൈനിൽ ലീക്കായിട്ടുണ്ട്. ഹോണർ മാജിക് 6 സീരീസിലേതു പോലെത്തന്നെ ഹോണർ മാജിക് 7 സീരീസിലും അടിസ്ഥാന മോഡലും പ്രോ വേരിയൻ്റും ഉണ്ടായിരിക്കും. ഒരു ടിപ്സ്റ്ററാണ് ഹോണർ മാജിക് 7 പ്രോ ഹാൻഡ്സെറ്റിൻ്റെ സവിശേഷതകൾ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തു വിട്ടത്. ഫോണിൻ്റെ ഡിസൈൻ, ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയും മറ്റു ചില സവിശേഷതകളും അദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.
ഹോണർ മാജിക് 7 പ്രോയിൽ പ്രതീക്ഷിക്കുന്ന ഡിസൈൻ, ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ:
ടെം (@RODENT950) എന്ന പേരിൽ സാമൂഹ്യമാധ്യമമായ എക്സിൽ ഐഡിയുള്ള ടിപ്സ്റ്ററാണ് ഹോണറിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിൻ്റെ വിവരങ്ങൾ പുറത്തു വിട്ടത്. ഈ സ്മാർട്ട്ഫോണിൻ്റെ ചിത്രങ്ങൾ കൂടി നൽകിയാണ് അദ്ദേഹം വിവരങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പുറത്തു വന്ന ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത് വെള്ള ഷേഡിൽ മാർബിളിൻ്റെ പാറ്റേണിലുള്ള ഡിസൈനോടു കൂടിയാണ് ഈ ഹാൻഡ്സെറ്റിൻ്റെ റിയർ പാനലുള്ളതെന്നാണ്. ഒരു വലിയ സെൻസറും മറ്റു രണ്ടു സെൻസറും അടങ്ങുന്ന റിയർ ക്യാമറ മൊഡ്യൂളിൽ തന്നെയാണ് LED ഫ്ലാഷ്ലൈറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്ന മൊഡ്യൂളിൽ LED ഫ്ലാഷ്ലൈറ്റിനു പുറമെ മറ്റു ചിലതു കൂടി കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ടിപ്സ്റ്റർ പുറത്തു വിട്ട ചിത്രങ്ങളുടെ ക്യാപ്ഷനിൽ നിന്നും വ്യക്തമാകുന്നത് ക്യാമറ മൊഡ്യൂളിൽ ലിഡാർ സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ എന്നിവയുണ്ടെന്നാണ്. ഏറ്റവും മുകളിലുള്ള മെയിൻ ക്യാമറ ഈ സ്മാർട്ട്ഫോണിൻ്റെ പ്രധാന സവിശേഷതയാണ്. 180 മുതൽ 200 മെഗാപിക്സൽ വരെയുള്ള സാംസങ്ങ് lSOCELL HP3 സെൻസർ ഇതിനുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ക്യാമറ മൊഡ്യൂളിൽ വലിയ ക്യാമറയുടെ താഴെയായി അതിനേക്കാൾ കുറച്ചു വലിപ്പം കുറഞ്ഞ് രണ്ടു ക്യാമറകൾ കൂടി ഉൾപ്പെട്ട ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. മുകൾഭാഗത്തെ പ്രധാന ക്യാമറയുടെ വിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞു. താഴെ ഇടതു ഭാഗത്തായി 50 മെഗാപിക്സലിൻ്റെ OV50K പ്രൈമറി സെൻസറുള്ള ക്യാമറയും വലതു ഭാഗത്തായി അൾട്രാ വൈഡ് ലെൻസ് ഉൾപ്പെടുന്ന മറ്റൊരു 50 മെഗാപിക്സൽ ക്യാമറയുമുണ്ടാകും.
ഹോണർ മാജിക് 7 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്ന തീയ്യതി:
ഈ വർഷം നവംബർ മാസത്തിൽ ഹോണർ മാജിക് 7 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്പ്സെറ്റാണ് ഈ ഹാൻഡ്സെറ്റിനു കരുത്തു നൽകുന്നത്. 6000mAh ബാറ്ററി ഹോണർ മാജിക് 7 സീരീസ് ഫോണുകൾ നൽകുന്നു. ഹോണർ മാജിക് 6 സീരീസിലുണ്ടായിരുന്ന 5600mAh ബാറ്ററിയെ വെച്ചു നോക്കുമ്പോൾ അതൊരു അപ്ഗ്രേഡാണ്. 120Hz റീഫ്രഷ് റേറ്റും 1.5 റെസലൂഷനുമുള്ള ക്വാഡ് കർവ്ഡ് OLED സ്ക്രീനായിരിക്കും ഇതിലുണ്ടാവുക. ഈ സീരീസിലെ ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.