Photo Credit: HMD
മൊബൈൽ ഫോണുകൾ എന്നാൽ നോക്കിയ ആയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നെങ്കിലും ആൻഡ്രോയ്ഡ് യുഗത്തെ മുൻകൂട്ടി കണ്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയാതിരുന്നത് അവർക്കു വലിയ തിരിച്ചടി നൽകി. പിന്നീട് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതിനു കഴിയാതിരുന്ന നോക്കിയയെ ഇപ്പോൾ എച്ച്എംഡി എന്ന കമ്പനി ഏറ്റെടുത്തിരിക്കുകയാണ്. നോക്കിയ ഫോണുകൾക്കു പുറമെ സ്വന്തം ബ്രാൻഡിലും ഫോണുകൾ പുറത്തിറക്കുന്ന അവർ പുതിയൊരു സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. യൂറോപ്പിൽ ലോഞ്ച് ചെയ്തു രണ്ടു മാസത്തിനു ശേഷമാണ് എച്ച്എംഡി സ്കൈലൈൻ എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കെത്തുന്നത്. സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്പ്സെറ്റ് കരുത്തു നൽകുന്ന ഈ സ്മാർട്ട്ഫോണിൽ 4600mAh ബാറ്ററിയാണുള്ളത്. സെൽഫ് റിപ്പയറിങ്ങ് കിറ്റുമായാണ് ഈ ഹാൻഡ്സെറ്റ് എത്തുന്നതെന്നാണ് പ്രധാന സവിശേഷത. 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഈ സ്മാർട്ട്ഫോണിലുണ്ട്.
12GB RAM + 256GB ഓൺ ബോർഡ് സ്റ്റോറേജുള്ള എച്ച്എംഡി സ്കൈലൈൻ മോഡലാണ് ഇന്ത്യയിൽ ലഭ്യമാവുക. ഇതിനു 35999 രൂപയാണു വില വരുന്നത്. ഇതു നിയോൺ പിങ്ക്, ട്വിസ്റ്റഡ് ബ്ലാക്ക് നിറങ്ങളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ആമസോൺ, എച്ച്എംഡി ഇന്ത്യയുടെ വെബ്സൈറ്റ്, മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ സ്‌റ്റോറുകൾ എന്നിവയിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.
കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുള്ള 6.55 ഇഞ്ചിൻ്റെ ഫുൾ HD+ pOLED സ്ക്രീനാണ് എച്ച്എംഡി സ്കൈലൈനിലുള്ളത്. സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്പ്സെറ്റ് കരുത്തു നൽകുന്ന ഈ ഹാൻഡ്സെറ്റിൽ 12GB RAM + 256GB ഓൺബോർഡ് സ്റ്റോറേജാണുള്ളത്. ആൻഡ്രോയ്ഡ് 14 ഔട്ട് ഓഫ് ദി ബോക്സിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് എച്ച്എംഡി സ്കൈലൈൻ സ്മാർട്ട്ഫോണിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനോടു (OlS) കൂടിയ 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ഷൂട്ടർ, അൾട്രാവൈഡ് സെൻസറോടു കൂടിയ 13 മെഗാപിക്സൽ സെൻസർ എന്നിവ ട്രിപ്പിൾ ക്യാമറ യൂണിറ്റിലുണ്ട്. ഇതിനു പുറമെ സെൽഫികൾക്കായി 50 മെഗാപിക്സൽ സെൻസറുള്ള ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
എച്ച്എംഡി സ്കൈലൈനിൻ്റെ ഇടത് അരികത്തായി ഒരു കസ്റ്റം ബട്ടൺ നൽകിയിട്ടുണ്ട്. ഇതു പ്രസ് ചെയ്തും, ഡബിൾ പ്രസ് ചെയ്തും, അമർത്തി പിടിച്ചും നിരവധി പ്രവർത്തനങ്ങൾ നമുക്ക് വേഗത്തിൽ ചെയ്യാനാകും. എച്ച്എംഡി ജെൻ 2 റിപ്പയറിംഗ് കിറ്റുമായാണ് ഈ ഹാൻഡ്സെറ്റ് എത്തുന്നത്. ഇതുപയോഗിച്ച് ഹാൻഡ്സെറ്റിൻ്റെ ബാക്ക് പാനൽ ഊരിയെടുക്കാനും ഡിസ്പ്ലേ കേടുവന്നത് മാറ്റി സ്ഥാപിക്കാനും കഴിയും. ക്വാൽകോം aptX അഡാപ്റ്റീവ് ഓഡിയോ സപ്പോർട്ടഡ് ഡ്യുവൽ സ്പീക്കേഴ്സാണ് ഇതിലുള്ളത്.
33W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന, റീപ്ലേസ് ചെയ്യാവുന്ന 4600mAh ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. 15W മാഗ്നറ്റിക് വയർലെസ് ചാർജിംഗ് 5W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയെയും ഇതു പിന്തുണക്കുന്നു. ഈ ഫോണിനൊപ്പം ചാർജർ സൗജന്യമായി ലഭിക്കില്ല. അരികിൽ ഫിംഗർപ്രിൻ്റ് സെൻസറുള്ള എച്ച്എംഡി സ്കൈലൈനിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണുള്ളത്. 210 ഗ്രാമാണ് ഈ സ്മാർട്ട്ഫോണിൻ്റെ ഭാരം.
പരസ്യം
പരസ്യം