Photo Credit: HMD
മൊബൈൽ ഫോൺ എന്നാൽ നോക്കിയ ആയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അത്രയും വലിയ ആധിപത്യമാണ് നോക്കിയ ബ്രാൻഡ് മൊബൈൽ ഫോണുകൾക്ക് ഉണ്ടായിരുന്നതെങ്കിലും അതവർക്കു നിലനിർത്താൻ കഴിഞ്ഞില്ല. സ്മാർട്ട്ഫോൺ യുഗത്തെ മുന്നിൽക്കണ്ട് ഒരുക്കങ്ങൾ നടത്താൻ കഴിയാതെ വന്നതാണ് അവർക്കു തിരിച്ചടി നൽകിയത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകൾക്കു മുന്നിൽ പത്തി താഴ്ത്തേണ്ടി വന്ന നോക്കിയയെ പിന്നീട് മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും അതും വിജയമായില്ല. ഇപ്പോൾ മൈക്രോസോഫ്റ്റിൽ നിന്നും നോക്കിയ ബ്രാൻഡിനെ ഏറ്റെടുത്തിരിക്കുകയാണ് എച്ച്എംഡി. നോക്കിയ ബ്രാൻഡിനൊപ്പം സ്വന്തം ബ്രാൻഡിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്ന എച്ച്എംഡിയുടെ പുതിയ മോഡൽ സ്മാർട്ട്ഫോൺ IFA 2024 ൽ അവതരിപ്പിച്ചിരുന്നു. എച്ച്എംഡി ഫ്യൂഷൻ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റാണുള്ളത്. 108 മെഗാപിക്സൽ റിയർ ക്യാമറ യൂണിറ്റും 50 മെഗാപിക്സൽ സെൽഫി ഷൂട്ടറുമായാണ് എച്ച്എംഡി ഫ്യൂഷൻ അവതരിപ്പിക്കപ്പെട്ടത്.
അവതരിപ്പിച്ചതിനു പിന്നാലെ യുകെയിൽ ഈ സ്മാർട്ട്ഫോൺ ഉടനെ ലഭ്യമാകുമെന്ന ഉറപ്പ് നിർമാതാക്കൾ നൽകിയിട്ടുണ്ട്. 249 യൂറോയിൽ (24000 ഇന്ത്യൻ രൂപയോളം) ആണ് ഇതിൻ്റെ വില ആരംഭിക്കുന്നത്. ഇതിൻ്റെ സ്മാർട്ട് ഔട്ട്ഫിറ്റ് മോഡലുകൾ ഈ വർഷം അവസാനത്തോടെ ലഭ്യമാകും എന്നാണു പ്രതീക്ഷിക്കുന്നത്.
ആൻഡ്രോയ്ഡ് 14ൽ പ്രവർത്തിക്കുന്ന എച്ച്എംഡി ഫ്യൂഷന് രണ്ടു വർഷത്തെ OS അപ്ഡേറ്റും മൂന്നു വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.56 ഇഞ്ചിൻ്റെ HD+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 8GB RAM + 256GB വരെയുള്ള സ്റ്റോറേജുമാണു നൽകിയിരിക്കുന്നത്. മൈക്രോSD കാർഡ് ഉപയോഗിച്ച് ഈ കാർഡ് 1TB വരെ വർദ്ധിപ്പിക്കാൻ കഴിയും.
സ്മാർട്ട് ഔട്ട്ഫിറ്റുകൾ എന്നു വിളിക്കുന്ന വ്യത്യസ്തമായ കവറുകൾ ഉപയോഗിച്ച് ഈ ഫോണിനെ നമ്മുടെ ഇഷ്ടാനുസൃതമാക്കാൻ കഴിയും. ആറു പിന്നുകൾ ഉപയോഗിച്ചാണ് ഈ സ്മാർട്ട് ഔട്ട്ഫിറ്റുകൾ ഫോണിനോടു ബന്ധിപ്പിക്കുന്നത്. ഫ്ലാഷി ഔട്ട്ഫിറ്റിൽ മുന്നിലെയും പിന്നിലെയും ക്യാമറക്കു വേണ്ടിയുള്ള ബിൽറ്റ് ഇൻ റിംഗ് ലൈറ്റുണ്ട്. ലൈറ്റിംഗും ക്യാമറ എഫക്റ്റുകളും ഫോണുപയോഗിച്ചു നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും.
റഗ്ഗ്ഡ് ഔട്ട്ഫിറ്റിനു വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗുണ്ട്. മാഗ്നറ്റുകൾ വഴിയുള്ള വയർലെസ് ചാർജിംഗിനെ പിന്തുണക്കുന്ന ഇതിൽ എയർജൻസി (ICE) ബട്ടണുമുണ്ട്. ഇതിനു പുറമെ നിരവധി നിറങ്ങളിലുള്ള ഔട്ട്ഫിറ്റുകൾ നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയും.
ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷനുള്ള 108 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസറുമുള്ള ഡ്യുവൽ ക്യാമറ യൂണിറ്റും 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുമാണ് ഈ ഫോണിലുള്ളത്. വശങ്ങളിൽ ഫിംഗർപ്രിൻ്റ് സെൻസറുള്ള ഈ ഫോണിൽ ഫേസ് അൺലോക്ക് ഫീച്ചറുമുണ്ട്.
മുൻപിറങ്ങിയ എച്ച്എംഡി സ്കൈലൈൻ പോലെത്തന്നെ ഫ്യൂഷൻ്റെയും ബാറ്ററി, മറ്റു ഭാഗങ്ങൾ തുടങ്ങിയവ ഐഫിക്സിറ്റ് കിറ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്കു മാറ്റിയിടാവുന്നതാണ്. IP52 റേറ്റിംഗാണ് ഈ സ്മാർട്ട്ഫോണിനുള്ളത്.
33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. ഒരു തവണ ചാർജ് ചെയ്താൽ 65 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നു കമ്പനി പറയുന്നു.
പരസ്യം
പരസ്യം