Photo Credit: HMD
നോക്കിയ ബ്രാൻഡ് ഫോണുകൾ പുറത്തിറക്കിയിരുന്ന കമ്പനിയായ എച്ച്എംഡി കഴിഞ്ഞ കുറച്ചു കാലമായി സ്വന്തം ബ്രാൻഡ് നെയിമിലും ഫോണുകൾ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. 2024 സെപ്റ്റംബറിൽ നടന്ന IFA ഇവൻ്റിലാണ് എച്ച്എംഡി അവരുടെ പുതിയ മോഡലായ എച്ച്എംഡി ഫ്യൂഷൻ അവതരിപ്പിച്ചത്. ഈ ഫോണിലുള്ള ‘സ്മാർട്ട് ഔട്ട്ഫിറ്റ്സ്' എന്ന ഫീച്ചർ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നമുക്കു സ്വയം മാറ്റാൻ കഴിയുന്ന ഒന്നിലധികം കവറുകളാണ് ഇതിലുള്ളത്. iFixit-ൽ നിന്നുള്ള ഒരു കിറ്റ് ഉപയോഗിച്ച് ഇതു സ്വയം നന്നാക്കാനുമാകും. IP52 റേറ്റിംഗാണ് ഈ ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 108 മെഗാപിക്സൽ പ്രധാന ക്യാമറയും സെൽഫികൾക്കായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. വെനം: ദി ലാസ്റ്റ് ഡാൻസ് എന്ന ചിത്രം പുറത്തു വരാനിരിക്കെ മാർവലുമായി സഹകരിച്ച് ഫോണിൻ്റെ പ്രത്യേക എഡിഷൻ പുറത്തിറക്കുന്നതിനെക്കുറിച്ചും കമ്പനി സൂചന നൽകിയിട്ടുണ്ട്.
റിലീസ് ചെയ്യാനിരിക്കുന്ന മാർവൽ സിനിമയായ വെനം: ദി ലാസ്റ്റ് ഡാൻസുമായി ചേർന്നു പ്രവർത്തിച്ച് എച്ച്എംഡി അവരുടെ ഫ്യൂഷൻ സ്മാർട്ട്ഫോണിൻ്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കുന്നതിൻ്റെ ടീസർ പങ്കിട്ടിരുന്നു. സിനിമ ഒക്ടോബർ 25 നാണ് തിയറ്ററുകളിൽ എത്തുന്നത്. "അൾട്ടിമേറ്റ് സിംബയോട്ടിക് ഫോൺ" എന്ന ടാഗ്‌ലൈനോടെയാണ് ടീസർ എക്‌സിൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്തത്. ഫോണിൻ്റെ ഈ സ്പെഷ്യൽ വെനം എഡിഷൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള നിരവധി ഡിസൈനുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും അതിൻ്റെ മിക്ക സവിശേഷതകളും എച്ച്എംഡി ഫ്യൂഷൻ സ്മാർട്ട്ഫോണിൻ്റെ നിലവിലെ പതിപ്പിന് സമാനമായിരിക്കും.
EUR 249 (ഏകദേശം 24000 ഇന്ത്യൻ രൂപ) മുതൽ എച്ച്എംഡി ഫ്യൂഷൻ സ്മാർട്ട്ഫോണിൻ്റെ വില ആരംഭിക്കുന്നു. 720 x 1,612 പിക്സൽ റെസലൂഷനും 90Hz റീഫ്രഷ് റേറ്റും ഉള്ള 6.56 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 14 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസർ കരുത്ത് പകരുന്ന ഫോണിൽ 8GB വരെ റാമും 256GB വരെ ഓൺ ബോർഡ് സ്റ്റോറേജുമാണ് ഉണ്ടാവുക. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനും കഴിയും.
ക്യാമറകളുടെ സവിശേഷതകൾ പരിശോധിക്കുകയാണെങ്കിൽ എച്ച്എംഡി ഫ്യൂഷനിൽ രണ്ട് റിയർ ക്യാമറകളാണ് ഉണ്ടാവുക. 108 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും. ഫ്രണ്ട് ക്യാമറയ്ക്ക് 50 മെഗാപിക്സൽ സെൻസറാണുള്ളത്. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് 5.2, ജിപിഎസ്/എജിപിഎസ്, ഗ്ലോനാസ്, ബിഡിഎസ്, ഗലീലിയോ, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈഫൈ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഇതു പിന്തുണക്കുന്നു. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഇതിലുണ്ട്.
സ്‌മാർട്ട് ഔട്ട്‌ഫിറ്റ്‌സ് എന്ന് വിളിക്കുന്ന പരസ്പരം മാറ്റാവുന്ന കവറുകളോടെയാണ് എച്ച്എംഡി ഫ്യൂഷൻ വരുന്നത്, അത് ഫോണിൻ്റെ സവിശേഷതകളിൽ വളരെ ശ്രദ്ധേയമായ ഒന്നാണ്. ഉദാഹരണമായി, ഇതിലെ ഫ്ലാഷി ഔട്ട്‌ഫിറ്റിൽ ഫ്രണ്ട്, ബാക്ക് ക്യാമറകൾക്കായി ഒരു ബിൽറ്റ്-ഇൻ റിംഗ് ലൈറ്റ് ഉണ്ട്, അത് മൂഡ് ലൈറ്റിംഗിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. റഗ്ഗഡ് ഔട്ട്‌ഫിറ്റ് വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിൻ്റെ കാര്യത്തിൽ IP68 റേറ്റുചെയ്തതാണ്. ഇതു വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ ഒരു എമർജൻസി (ICE) ബട്ടണുമുണ്ട്.
പരസ്യം
പരസ്യം