Photo Credit: HMD
സ്മാർട്ട്ഫോൺ ബ്രാൻഡായ എച്ച്എംഡി അവരുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണായ എച്ച്എംഡി ആർക്ക് തായ്‌ലൻഡിൽ ലോഞ്ച് ചെയ്തു. ഉപയോക്തൃ-സൗഹൃദ ഡിസൈനിൽ എച്ച്എംഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നതു വീണ്ടും തെളിയിച്ച് ഈ ഫോൺ ഉടമക്കു എളുപ്പത്തിൽ നന്നാക്കാൻ കഴിയുന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീനോ ബാറ്ററിയോ കേടായെങ്കിൽ, നിങ്ങൾക്ക് അവ സ്വയം മാറ്റിസ്ഥാപിക്കാം. ചെറിയ അറ്റകുറ്റപ്പണികൾക്കായി സർവീസ് സെൻ്ററുകളിലേക്കു പോകേണ്ടി വരുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. എച്ച്എംഡി ആർക്കിൽ 60Hz HD+ ഡിസ്‌പ്ലേയാണുള്ളത്, കൂടാതെ ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കായി 13 മെഗാപിക്സൽ റിയർ ക്യാമറയും വരുന്നു. ന്യായമായ വിലയുള്ള ഫോണുകളിൽ സുഗമമായി പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് വേർഷനായ ആൻഡ്രോയ്ഡ് 14 (Go Edition) ആണ് ഇതിലുള്ളത്. നിലവിൽ, ഫോണിൻ്റെ വിലയെക്കുറിച്ചോ എപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്നതിനെക്കുറിച്ചോ എച്ച്എംഡി യാതൊരു വിശദാംശങ്ങളും പങ്കിട്ടിട്ടില്ല.
576 x 1,280 പിക്സൽ റെസല്യൂഷനുള്ള 6.52 ഇഞ്ച് HD+ LCD സ്ക്രീനുമായാണ് എച്ച്എംഡി ആർക്ക് വരുന്നത്. ഡിസ്‌പ്ലേ 60Hz പുതുക്കൽ നിരക്ക്, 20:9 ആസ്പക്റ്റ് റേഷ്യോ, 460 നിറ്റ്‌സ് പീക്ക് തെളിച്ചം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫോണിൻ്റെ വലിപ്പം166.4 x 76.9 x 8.95 മില്ലിമീറ്ററും ഭാരം 185.4 ഗ്രാമും ആണ്. ഇതിന് യൂറോപ്പിൽ IP52, മറ്റ് വിപണികളിൽ IP54 എന്ന രീതിയിൽ പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിലുള്ള റേറ്റിംഗ് ഉണ്ട്.
യൂണിസോക് 9863A പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്, 4GB റാമും 64GB ഇൻ്റേണൽ സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്. ഇത് ആൻഡ്രോയിഡ് 14 (ഗോ എഡിഷൻ) വേർഷനിൽ പ്രവർത്തിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സ്‌റ്റോറേജ് ആവശ്യമുണ്ടെങ്കിൽ, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർദ്ധിപ്പിക്കാം.
ഈ ഉപകരണത്തിന് അടുത്ത രണ്ട് വർഷത്തേക്ക് മൂന്നു മാസം കൂടുമ്പോഴുള്ള സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുമെന്ന് എച്ച്എംഡി വാഗ്ദാനം ചെയ്യുന്നു.
എച്ച്എംഡി ആർക്കിൽ ഓട്ടോഫോക്കസ് ഉള്ള 13 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫ്രണ്ട് ക്യാമറ ഒരു ചെറിയ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. ബൊക്കെ (ബാക്ക്ഗ്രൗണ്ട് ബ്ലർ), നൈറ്റ് മോഡ്, പ്രൊഫഷണൽ മോഡ്, സ്ലോ-മോഷൻ വീഡിയോ, ക്വിക്ക് സ്‌നാപ്പ്‌ഷോട്ടുകൾ, ഫിൽട്ടറുകൾ, ടൈം-ലാപ്‌സ്, പനോരമ മോഡ് എന്നിവയുൾപ്പെടെ നിരവധി ഉപയോഗപ്രദമായ സവിശേഷതകൾ ക്യാമറയിലുണ്ട്. റിയർ ക്യാമറ മൊഡ്യൂളിനൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിയോയ്‌ക്കായി, ഫോണിന് ഒരു സ്പീക്കറും മൈക്രോഫോണും ഉണ്ട്.
10W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. കണക്റ്റിവിറ്റിക്കായി, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ എച്ച്എംഡി ആർക്ക് വാഗ്ദാനം ചെയ്യുന്നു.
വെർച്വൽ റാം, ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയ്‌ക്കൊപ്പം സുരക്ഷയ്‌ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഇതിലുണ്ട്.
പരസ്യം
പരസ്യം