കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മേഡ് ബൈ ഗൂഗിൾ ഇവൻ്റിൽ പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിങ്ങനെ മൂന്നു സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ഗൂഗിൾ. ഗൂഗിളിൻ്റെ ടെൻസർ G4 SoC ചിപ്പ്സെറ്റും ടൈറ്റാൻ സെക്യൂരിറ്റി ചിപ്പുമുള്ള ഈ മൂന്നു മോഡലുകൾ, ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഫോൾഡബിൾ സ്മാർട്ട്ഫോണായ പിക്സൽ 9 പ്രോ ഫോൾഡിനൊപ്പമാണ് ലോഞ്ച് ചെയ്തത്.
പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിവയുടെ ഇന്ത്യയിലെ വില:
12GB RAM + 256 GB സ്റ്റോറേജുള്ള ഒരൊറ്റ വേരിയൻ്റ് മാത്രം ലഭ്യമായ പിക്സൽ 9 ന് ഇന്ത്യയിൽ 79999 രൂപയാണ്. പ്യൂണി, പോർസെലെൻ, ഒബ്സിഡിയൻ, വിൻ്റർഗ്രീൻ എന്നീ നിറങ്ങളിൽ ഇതു ലഭ്യമാകും. ഈ മോഡലിൻ്റെ 128GB വേരിയൻ്റ് ഉണ്ടെങ്കിലും ഇന്ത്യയിൽ ലഭ്യമാകില്ല.
16GB RAM + 256GB സ്റ്റോറേജുള്ള പിക്സൽ 9 പ്രോക്ക് 109999 രൂപയാണ് വില. ഇതേ സ്റ്റോറേജ് ഓപ്ഷനുള്ള പിക്സൽ 9 പ്രോ XLന് 124999 രൂപയും വില വരുന്നു. ഹേസൽ, പോർസെലൻ, ഒബ്സിഡിയൻ, റോസ് ക്വാർട്സ് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാകും. ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിലൂടെ ഓഗസ്റ്റ് 22 മുതലാണു വിൽപ്പന.
പിക്സൽ 9 ഹാൻഡ്സെറ്റിൻ്റെ സവിശേഷതകൾ:
നാനോ + ഇസിം ഉപയോഗിക്കാവുന്ന ഡ്യുവൽ സിം സെറ്റപ്പുള്ള പിക്സൽ 9 ആൻഡ്രോയ്ഡ് 14 ൽ പ്രവർത്തിക്കുന്നു. OS, സെക്യൂരിറ്റി പാച്ച്, പിക്സൽ ഡ്രോപ്പ് എന്നിവക്ക് ഏഴു വർഷം അപ്ഡേറ്റ് നൽകുമെന്ന് കമ്പനി പറയുന്നു. 6.3 ഇഞ്ച് ആക്ച്വ OLED സ്ക്രീനിന് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ൻ്റെ സംരക്ഷണമുണ്ട്.
50 മെഗാപിക്സൽ ഒക്റ്റ PD വൈഡ് ആംഗിൾ സെൻസർ, 48 മെഗാപിക്സൽ PD അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവയുള്ള ഡ്യുവൽ ക്യാമറ യൂണിറ്റാണ് പിക്സൽ 9 ലുള്ളത്. സെൽഫികൾക്കായി ഓട്ടോഫോക്കസുള്ള 10.5 മെഗാപിക്സൽ ഡ്യുവൽ PD ക്യാമറയുമുണ്ട്. നിരവധി Al ഫീച്ചേഴ്സ് നൽകുന്ന ക്യാമറക്ക് 4K വീഡിയോസ് ഷൂട്ട് ചെയ്യാനാകും.
4700mAh ബാറ്ററിയുള്ള പിക്സൽ 9 ൻ്റെ 45W ഫാസ്റ്റ് ചാർജർ വേറെ തുക നൽകി വാങ്ങണം. Qi അംഗീകരിച്ച വയർലെസ് ചാർജിംഗിനെ പിന്തുണക്കുന്ന ഈ സ്മാർട്ട്ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗുണ്ട്.
പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ XL എന്നിവയുടെ സവിശേഷതകൾ:
ഈ രണ്ടു പിക്സൽ പ്രോ മോഡലുകൾക്കും പിക്സൽ 9 ലുള്ള അതേ സിം, ചിപ്പ്സെറ്റ്, സോഫ്‌റ്റ്‌വെയർ എന്നിവയാണുള്ളത്. പിക്സൽ 9 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ ആക്ച്വ OLED ഡിസ്പ്ലേയാണെങ്കിൽ പിക്സൽ 9 പ്രോ XL ൽ 6.8 ഇഞ്ച് സൂപ്പർ ആക്ച്വ OLED ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു. രണ്ടു മോഡലുകൾക്കും കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണമുണ്ട്.
രണ്ടു മോഡലുകളിലും ട്രിപ്പിൾ ക്യാമറ യൂണിറ്റാണ്. 50 മെഗാപിക്സൽ ഒക്റ്റ PD വൈഡ് ക്യാമറ, 48 മെഗാപിക്സൽ ക്വാഡ് PD അൾട്രാ വൈഡ് ക്യാമറ, 48 മെഗാപിക്സൽ ക്വാഡ് PD ടെലിഫോട്ടോ ക്യാമറ എന്നിവക്കൊപ്പം 42 മെഗാപിക്സൽ ഡ്യുവൽ PD സെൽഫി ക്യാമറയുമുണ്ട്. 8K വീഡിയോസ് ഈ സ്മാർട്ട്ഫോണുകളിൽ ഷൂട്ട് ചെയ്യാം.
പിക്സൽ 9 പ്രോയിൽ 4700mAh ബാറ്ററിയാണെങ്കിൽ പിക്സൽ 9 പ്രോ XLൽ 5060mAh ബാറ്ററിയാണുള്ളത്. 45W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ് എന്നിവയെ ഇതു പിന്തുണക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗുള്ള ഈ മോഡലുകളിൽ ഫിംഗർപ്രിൻ്റ് ഓതൻ്റിക്കേഷൻ ഉൾപ്പെടെ നിരവധി സെൻസറുകളും നൽകിയിട്ടുണ്ട്.