ഫോൾഡബിൾ ഐഫോണുമായി ആപ്പിൾ എത്തുന്നു; ഹിഞ്ച് വില പ്രതീക്ഷിച്ചതിലും കുറയും
ഫോക്‌സ്‌കോണിന്റെയും ഷിൻ സു ഷിംഗിന്റെയും സംയുക്ത സംരംഭം ഹിഞ്ച് ഓർഡറുകളുടെ ഏകദേശം 65 ശതമാനം നേടിയതായി റിപ്പോർട്ടുണ്ട്.
ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിൻ്റെ ലോഞ്ചിങ്ങ് അടുത്ത വർഷം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിലേക്ക് ആപ്പിൾ കാലെടുത്തു വെക്കാനൊരുങ്ങുമ്പോൾ, ടിഎഫ് സെക്യൂരിറ്റീസ് ഇന്റർനാഷണലിൽ നിന്നുള്ള അനലിസ്റ്റായ മിംഗ് ചി കുവോ ഈ ഫോണിനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഫോൾഡബിൾ ഐഫോണിന്റെ ഹിഞ്ചിന് (ഫോൾഡ് ചെയ്യുന്ന ഭാഗം) നേരത്തെ പ്രതീക്ഷിച്ചതിലും ചിലവു കുറയുമെന്ന് അദ്ദേഹം പറയുന്നു. വൻതോതിലുള്ള ഉൽപാദനം ആരംഭിക്കുമ്പോൾ ഓരോ ഹിഞ്ചിനും ഏകദേശം 70 ഡോളർ മുതൽ 80 ഡോളർ (ഏകദേശം 7,000 മുതൽ 8,000 രൂപ) വരെ വിലവരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടൈറ്റാനിയത്തിന്റെയും അലുമിനിയത്തിന്റെയും മിശ്രിതം കൊണ്ട് നിർമ്മിച്ച ഒരു ഫ്രെയിം ഫോണിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഫോൾഡബിൾ ഐഫോൺ ബുക്ക്-സ്റ്റൈൽ ഡിസൈൻ ആയിരിക്കാം. ഫോൺ തുറക്കുന്ന സമയത്ത് 7.8 ഇഞ്ച് വലിപ്പമുള്ള ഇൻ്റേണൽ ഡിസ്പ്ലേ ഇതിന് ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആപ്പിൾ ഫോൾഡബിൾ ഐഫോണിന്റെ ഹിഞ്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന സമയത്ത് ശരാശരി വിൽപ്പന വില (ASP) ഏകദേശം 70 ഡോളർ മുതൽ 80 ഡോളർ വരെ മാത്രമാകുമെന്ന് ഒരു മീഡിയം പോസ്റ്റിൽ അനലിസ്റ്റായ മിംഗ് ചി കുവോ പറഞ്ഞു. മുൻപു പ്രതീക്ഷിച്ചിരുന്ന 100 ഡോളർ മുതൽ 120 ഡോളർ (ഏകദേശം 8,000 മുതൽ 10,000 രൂപ) വരെ എന്നതിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
ചിലവു കുറയുന്നത് ഇതിനുപയോഗിക്കുന്ന ഭാഗങ്ങളുടെ വില കുറഞ്ഞതു കൊണ്ടല്ലെന്നും, അസംബ്ലി ഡിസൈനിലെ മെച്ചപ്പെടുത്തലുകളും ഫോക്‌സ്‌കോണിന്റെ പങ്കാളിത്തവുമാണ് കാരണമെന്നും കുവോ വിശദീകരിച്ചു. ഹിഞ്ച് വില കുറയുന്നതിനാൽ ആപ്പിളിന് ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും ലാഭവിഹിതം മെച്ചപ്പെടുത്താനും ഫോണിനു വിലക്കിഴിവു നൽകി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോക്‌സ്‌കോണും തായ്‌വാൻ കമ്പനിയായ ഷിൻ സു ഷിംഗും (SZS) ഫോൾഡബിൾ ഐഫോൺ ഹിഞ്ച് നിർമ്മിക്കുന്നതിന് സംയുക്തമായി ഒരു സംരംഭം ആരംഭിച്ചിരുന്നു. ഈ സംരഭത്തിൽ കൂടുതൽ വിഹിതമുള്ളതും, അതിൻ്റെ പ്ലാനുകളെ നയിക്കുന്നതും ഫോക്‌സ്‌കോൺ ആണ്. ഈ സംരംഭത്തിന് ഏകദേശം 65 ശതമാനം ഹിഞ്ച് ഓർഡറുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്, ബാക്കി 35 ശതമാനം ആംഫെനോളും നിർമ്മിക്കും. 2027-ന് ശേഷം ലക്‌സ്‌ഷെയർ-ഐസിടി മറ്റൊരു ഹിഞ്ച് വിതരണക്കാർ ആയേക്കാമെന്നും കുവോ പരാമർശിച്ചു. ഈ മത്സരം ഹിഞ്ച് വില കൂടുതൽ കുറയാൻ ഇടയാക്കും.
ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ അടുത്ത സെപ്റ്റംബറിൽ ഐഫോൺ 18 സീരീസ് പുറത്തിറക്കുന്ന അതേ സമയത്തു ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഈ പുതിയ ഫോണിന് ഐഫോൺ 18 ഫോൾഡ് എന്ന പേരു നൽകാനും സാധ്യതയുണ്ട്. ടൈറ്റാനിയത്തിന്റെയും അലുമിനിയത്തിന്റെയും മിശ്രിതം കൊണ്ട് നിർമ്മിച്ച ഒരു ഫ്രെയിം ഇതിനുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇത് ഫോണിൻ്റെ കരുത്തു വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഫോണിന്റെ വില ഏകദേശം 1,999 ഡോളർ (ഏകദേശം 1,74,000 ഇന്ത്യൻ രൂപ) ആയിരിക്കാം.
ഫോൾഡബിൾ ഐഫോണിന് സാംസങ്ങിന്റെ ഗാലക്‌സി Z ഫോൾഡ് സീരീസിന് സമാനമായ ബുക്ക്-സ്റ്റൈൽ ഡിസൈൻ ആകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫുൾ സ്‌ക്രീനിൽ ഉപയോഗിക്കാൻ 7.8 ഇഞ്ച് ഇൻ്റെണൽ ഡിസ്‌പ്ലേയും, മടക്കുമ്പോൾ പെട്ടെന്നുള്ള കാര്യങ്ങൾ ചെയ്യാൻ 5.5 ഇഞ്ച് വലിപ്പമുള്ള ഔട്ടർ ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുത്തിയേക്കാം. ഫോണിന്റെ കനം മടക്കുമ്പോൾ 9.2 മില്ലീമീറ്ററും തുറക്കുമ്പോൾ 4.6 മില്ലീമീറ്ററുമാകുമെന്ന് പറയപ്പെടുന്നു.
പരസ്യം
പരസ്യം