ആപ്പിൾ ഐഫോൺ 'Awe Dropping' ഇവൻ്റ് ഇന്ന് കാലിഫോർണിയയിൽ നടക്കും
Photo Credit: Apple
കഴ്‌സർ എവിടേക്കാണ് ചൂണ്ടുന്നത് എന്നതിനെ ആശ്രയിച്ച് ഇവൻ്റിനായുള്ള ആപ്പിളിൻ്റെ ലോഗോ നിറങ്ങൾ മാറുന്നു
ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ഇവന്റ് ഇന്ന് സംഘടിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. മാസങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിക്കുന്ന, "Awe Dropping" എന്ന പേരിലുള്ള ഈ പരിപാടിയിൽ നിരവധി പുതിയ പ്രൊഡക്റ്റുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 17 സീരീസിൻ്റെ ലോഞ്ചായിരിക്കും ഈ പരിപാടിയുടെ ഹൈലൈറ്റ്. ഐഫോണുകൾ മാത്രമല്ല, വ്യത്യസ്ത വിഭാഗങ്ങളിലായി കൂടുതൽ ഡിവൈസുകൾ അവതരിപ്പിക്കാനും ആപ്പിൾ തയ്യാറെടുക്കുന്നുണ്ട്. പുതിയ ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളുമായി എത്തുന്ന ആപ്പിൾ വാച്ച് സീരീസ് 11, മെച്ചപ്പെട്ട സൗണ്ടും പെർഫോമൻസും നൽകുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ വയർലെസ് ഇയർബഡുകളായ തേർഡ് ജനറേഷൻ എയർപോഡ്സ് പ്രോ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. ഹാർഡ്‌വെയറിന് പുറമേ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ആപ്പിൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. iOS 26, iPadOS 26, ചില ഐഫോൺ മോഡുകൾ, ഐപാഡുകൾ, മറ്റു ചില ആപ്പിൾ ഡിവൈസുകൾ എന്നിവയിലേക്കുള്ള സിസ്റ്റം അപ്ഡേറ്റുകളെ സംബന്ധിച്ച വിവരങ്ങളും ഈ ഇവൻ്റിൽ പുറത്തു വിടുമെന്നു പ്രതീക്ഷിക്കുന്നു.
ഐഫോൺ 17 ലോഞ്ച് ഇവൻ്റ് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30) മുഖ്യപ്രഭാഷണത്തോടെ ആരംഭിക്കും. മുൻപത്തെ ഐഫോൺ ലോഞ്ച് പരിപാടികളെപ്പോലെ തന്നെ, കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് 'Awe Dropping' പരിപാടി നടക്കുക.
ആപ്പിളിന്റെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും നിങ്ങൾക്ക് ഇവന്റ് തത്സമയം കാണാൻ കഴിയും. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവയുൾപ്പെടെ ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ആപ്പിൾ ടിവിയുടെ ആപ്പിലും ഇത് ലഭ്യമാകും.ഗാഡ്ജറ്റ് 360 വെബ്സൈറ്റിലുള്ള വീഡിയോ പ്ലെയർ വഴിയും ഐഫോൺ 17 ലോഞ്ച് കാണാം.
വരാനിരിക്കുന്ന 'Awe Dropping' പരിപാടിയിൽ ആപ്പിൾ നാല് പുതിയ ഐഫോൺ 17 മോഡലുകൾ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സാധാരണ ഐ ഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവക്കൊപ്പം ഐഫോൺ 17 എയർ എന്ന പുതിയ മോഡലും ഈ സീരീസിൽ ഉൾപ്പെട്ടേക്കാം. ഐഫോൺ 16 പ്ലസിന് പകരമായി വരുന്ന ഐഫോൺ 17 എയർ വളരെ സ്ലിം മോഡൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ഇതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഐഫോൺ 17 സീരീസിനൊപ്പം, ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, വാച്ച് SE 3 മൂന്ന് പുതിയ സ്മാർട്ട് വാച്ചുകളും ആപ്പിൾ പ്രഖ്യാപിച്ചേക്കാം. ഇവയിൽ ഓരോന്നും ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകളും ഫീച്ചറുകളും കൊണ്ടുവരും.
ആപ്പിൾ പുതിയ എയർപോഡ്സ് പ്രോ (തേർഡ് ജനറേഷൻ) അവതരിപ്പിക്കാനും സാധ്യതയുണ്ട്. മൂന്ന് വർഷം മുൻപാണ് സെക്കൻഡ് ജനറേഷൻ എയർപോഡ്സ് പ്രോ പുറത്തിറക്കിയത് എന്നതിനാൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ പതിപ്പ് എത്തുന്നത്. നിരവധി അപ്‌ഗ്രേഡുകളുമായാണ് പുതിയ എയർപോഡ്സ് പ്രോ എത്തുക. അതിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സവിശേഷതകളിൽ ഒന്ന് ഹാർട്ട്ബീറ്റ് മോണിറ്ററിങ്ങാണ്.
ഈ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്കായി, ഗാഡ്‌ജെറ്റ്‌സ് 360 ഇവന്റിൻ്റെ അപ്‌ഡേറ്റുകൾ പങ്കിടും. വിശദമായ കവറേജിനായി നിങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം. ഇതിനു പുറമെ തത്സമയ അപ്‌ഡേറ്റുകൾക്കായി സോഷ്യൽ മീഡിയയിൽ ഗാഡ്‌ജെറ്റ്‌സ് 360 പിന്തുടരുകയും ചെയ്യാം. ആരാധകർക്ക് ഒരു വാർത്തയും നഷ്‌ടമാകാതിരിക്കാൻ X (മുമ്പ് ട്വിറ്റർ), ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ചാനലുകൾ, യൂട്യൂബ് എന്നിവയിൽ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ ഗാഡ്ജറ്റ് 360 പോസ്റ്റ് ചെയ്യും.
പരസ്യം
പരസ്യം