Photo Credit: X/ Madhav Sheth
ആൽകാറ്റെൽ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കും
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വളരെ പ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നായ അൽകാടെൽ. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ അവരുടെ ആദ്യ ഉപകരണമായി അൽകാടെൽ V3 അൾട്രാ എന്ന പുതിയ ഫോണാണ് കമ്പനി പുറത്തിറക്കാൻ പോകുന്നത്. നിലവിൽ അൽകാടെൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എച്ച്‌ടെക്കിലെ മാധവ് ഷെത്ത് അടുത്തിടെ ഫോണിന്റെ പേരും ഡിസൈനും സ്ഥിരീകരിച്ചു. ഫോൺ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന ആദ്യത്തെ കാഴ്ച നൽകിക്കൊണ്ട് അൽകാറ്റെൽ V3 അൾട്രായുടെ റീട്ടെയിൽ ബോക്‌സിന്റെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ നിന്ന്, ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണു വരികയെന്ന് വ്യക്തമാണ്. ബോക്‌സിൽ നിന്നും മനസിലാക്കാൻ കഴിയുന്ന മറ്റൊരു പ്രധാന കാര്യം, ഫോണിൽ ഒരു സ്റ്റൈലസും ഉൾപ്പെടുമെന്നതാണ്. ഇത് സ്‌ക്രീനിൽ എഴുതാനോ വരയ്ക്കാനോ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഉപയോഗപ്രദമാകും. ഈ പുതിയ ഫോണിലൂടെ, ഇന്ത്യൻ വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് അൽകാടെൽ ലക്ഷ്യമിടുന്നത്.
അൽകാടെൽ ഇന്ത്യയുടെ സ്ഥാപകനും സാങ്കേതിക ഉപദേഷ്ടാവുമായ മാധവ് ഷെത്ത്, വരാനിരിക്കുന്ന ഒരു സ്മാർട്ട്‌ഫോണിന്റെ പേര് അൽകാടെൽ V3 അൾട്രാ എന്നാണെന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലാത്ത ഫോണിൻ്റെ റീട്ടെയിൽ ബോക്‌സിൻ്റെ ചിത്രം അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിലും പങ്കുവെച്ചു.
ഈ ചിത്രത്തിൽ നിന്നും, അൽകാടെൽ V3 അൾട്രായുടെ രണ്ട് ബോക്‌സുകൾ നമുക്ക് കാണാൻ കഴിയും. ഒന്ന് കറുപ്പ് നിറത്തിലാണ്, അതിൽ ഫോണിന്റെ പേര് മഞ്ഞ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. ഫോൺ സപ്പോർട്ട് നൽകുമെന്ന സൂചന നൽകി ഒരു സ്റ്റൈലസിന്റെ ചിത്രവും ബോക്‌സിൽ കാണാൻ കഴിയും. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നതെന്ന് ചിത്രത്തിൽ നിന്നും മനസിലാക്കാം. മൂന്ന് ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും വൃത്താകൃതിയിലുള്ള ഒരു ക്യാമറ ഐലൻഡിൽ സ്ഥാപിച്ചിരിക്കുന്നു.
അതിനടുത്തായി, ഇതേ ഫോണിന്റെ ഒരു നീല റീട്ടെയിൽ ബോക്‌സുമുണ്ട്. ഈ വേരിയൻ്റ് ഫോണിൻ്റെ മുൻഭാഗത്തെ കണിക്കുന്നതാണ്. ഫോണിന് ഒരു ഫ്ലാറ്റ് സ്‌ക്രീൻ ഉള്ളതായി ഇതിൽ നിന്നും മനസിലാക്കാം. സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തിന്റെ സെൻ്ററിലായി ഒരു ഹോൾ-പഞ്ച് കട്ടൗട്ടും ഉണ്ട്.
ഈ റീട്ടെയിൽ ബോക്‌സുകൾ അൽകാടെൽ V3 അൾട്രായുടെ ഡിസൈനിനെയും പേരിനെയും കുറിച്ചുള്ള ആദ്യത്തെ വ്യക്തമായ വിവരങ്ങൾ നമുക്ക് നൽകുന്നു.
അൽകാടെൽ V3 അൾട്രായുടെ കൃത്യമായ ലോഞ്ച് തീയതി, പൂർണ സവിശേഷതകൾ എന്നിവ പോലുള്ള നിരവധി വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ല. എന്നാൽ ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ മാത്രമേ ലോഞ്ച് ചെയ്യൂ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവ് നടത്തുന്നതായി അൽകാടെൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ ആദ്യ വാരത്തിലാണ് പ്രഖ്യാപനം നടന്നത്. ഇന്ത്യയിൽ നിരവധി പ്രീമിയം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്ന ടിസിഎൽ കമ്മ്യൂണിക്കേഷൻ ആണ് ഈ ബ്രാൻഡ് സ്വതന്ത്രമായി നടത്തുന്നത്.
പുതിയ അൽകാടെൽ ഫോണുകൾ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്കാർട്ടിന്റെ പ്രധാന പ്ലാറ്റ്‌ഫോമിലൂടെയും അതിന്റെ ക്വിക്ക് ഡെലിവറി സേവനമായ ഫ്ലിപ്കാർട്ട് മിനിറ്റ്‌സിലൂടെയും ഈ ഫോണുകൾ വിൽക്കും. വരാനിരിക്കുന്ന ലോഞ്ചിന്റെ വിവരങ്ങൾ നൽകുന്നതിനായി ഫ്ലിപ്കാർട്ട് ഇതിനകം ഒരു സ്പെഷ്യൽ ലാൻഡിംഗ് പേജ് തയ്യാറാക്കി വെച്ചിട്ടുണ്ട്. ഈ പേജിൽ, അൽകാടെൽ V3 അൾട്ര ടിസിഎല്ലിന്റെ പ്രത്യേക NXTPAPER ഡിസ്‌പ്ലേ സാങ്കേതികവിദ്യയുമായി വരുമെന്ന് വെളിപ്പെടുത്തുന്നു. ഇത് കണ്ണുകൾക്ക് അനായാസതയുണ്ടാക്കുന്ന, വായന കൂടുതൽ മികച്ചതാക്കുന്ന ഒന്നായാണ് അറിയപ്പെടുന്നത്.
തങ്ങളുടെ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നും അൽകാടെൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാരിന്റെ "മെയ്ക്ക് ഇൻ ഇന്ത്യ" ദൗത്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, വിൽപ്പനക്കു ശേഷമുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി രാജ്യവ്യാപകമായി ഒരു ഉപഭോക്തൃ സേവന ശൃംഖല നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നു.
പരസ്യം
പരസ്യം