ലീക്കായി പുറത്തു വന്ന ഐഫോൺ 17 പ്രോയുടെ അഞ്ചു പ്രധാനപ്പെട്ട വിവരങ്ങൾ
ഐഫോൺ 17 പ്രോയുടെ ക്യാമറ ദ്വീപ് ഈ വർഷം ഒരു വലിയ നവീകരണത്തിന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു
തങ്ങളുടെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ഇവന്റ് ഇന്ന്, സെപ്തംബർ 9-ന് ആപ്പിൾ നടത്താൻ പോവുകയാണ്. 'Awe Dropping' എന്ന പേരു നൽകിയിരിക്കുന്ന ഇത്തവണത്തെ ലോഞ്ച് ഇവൻ്റിൽ തങ്ങളുടെ നിരവധി പ്രൊഡക്റ്റുകൾ ആപ്പിൾ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന ഹൈലൈറ്റ് ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് ആയിരിക്കും. അൾട്രാ-സ്ലിം സ്മാർട്ട്‌ഫോൺ വിപണിയിൽ അധിപത്യം പുലർത്തുന്ന സാംസങ്ങ് ഗാലക്‌സി S25 എഡ്ജുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഐഫോൺ 17 എയർ ആണ് ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മോഡൽ. ഇതോടൊപ്പം, നിരവധി അപ്ഗ്രേഡുകളുമായി ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും എത്തും. ഇന്ത്യൻ സമയം ഇന്നു രാത്രി 10 മണിക്ക് നടക്കുന്ന പരിപാടിക്കായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ ലോഞ്ചിങ്ങിൽ ആപ്പിൾ നമുക്ക് എന്തൊക്കെ നൽകും എന്നതിൻ്റെ സൂചന നൽകി ഐഫോൺ 17 പ്രോയുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന വിവരങ്ങൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം, ഐഫോൺ 16 പ്രോയിൽ 5X ടെലിഫോട്ടോ സൂം അവതരിപ്പിച്ച ആപ്പിൾ തുടർച്ചയായ രണ്ടാം വർഷവും ഐഫോൺ പ്രോ മോഡലുകളിലെ ടെലിഫോട്ടോ ക്യാമറ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം, ഐഫോൺ 17 പ്രോയിലും ഐഫോൺ 17 പ്രോ മാക്സിലും 8X വരെ ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ സെൻസർ ഉൾപ്പെടുത്തിയേക്കാം. ക്യാമറ റെസല്യൂഷൻ 48 മെഗാപിക്സലായി ആപ്പിൾ ഉയർത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതു ശരിയാണെങ്കിൽ, മൂന്ന് 48 മെഗാപിക്സൽ ക്യാമറകളുള്ള ആദ്യത്തെ ഐഫോണുകളായിരിക്കും ഇവ. ഐഫോൺ 16 പ്രോ സീരീസ് ഇപ്പോഴും 5X സൂം ഉള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഉപയോഗിക്കുന്നതെന്ന് ഇതിനോട് ചേർത്തു വായിക്കാം.
ഇതിനു പുറമേ ഹീറ്റ് മാനേജ്മെന്റിലും മറ്റൊരു അപ്‌ഗ്രേഡ് വന്നേക്കാം. ഐഫോൺ 15 ചൂടാകുന്ന പ്രശ്‌നമുണ്ടെന്ന വിമർശനം വന്നതിനെ തുടർന്ന്, ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം ഉപയോഗിച്ച് ആപ്പിൾ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫോണിൻ്റെ കൂളിംഗ് മെച്ചപ്പെടുത്തിയിരുന്നു. ഇപ്പോൾ, ഐഫോൺ 17 പ്രോ മോഡലുകളിൽ ഇതിനേക്കാൾ മികച്ച ഒരു വേപ്പർ ചേമ്പർ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിയു, ജിപിയു പോലുള്ളവയിൽ നിന്ന് ചൂട് അകറ്റാൻ ഇതു സഹായിക്കുന്നു. അതിനാൽ ഗെയിമിംഗ് അല്ലെങ്കിൽ ഗ്രാഫിക്സ് പോലുള്ള കനത്ത ഉപയോഗത്തിലും ഫോൺ സുഗമമായി പ്രവർത്തിക്കും. ചൂടുമായി ബന്ധപ്പെട്ടുള്ള സ്ലോഡൗണുകൾ കുറയ്ക്കുന്നതിന് പുതിയ വേപ്പർ ചേമ്പർ A19 പ്രോ ചിപ്പുമായി ചേർന്നു പ്രവർത്തിക്കും.
ഐഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാകും ഐഫോൺ 17 പ്രോ മാക്സിലേതെന്ന് അഭ്യൂഹങ്ങളുണ്ട്, 5,000mAh-ൽ കൂടുതലായിരിക്കുമിത്. ഐഫോൺ 16 പ്രോ മാക്സിൻ്റെ ബാറ്ററി ഏകദേശം 4,685mAh ആണുള്ളത്. ഈ വലിയ ബാറ്ററി ഉൾക്കൊള്ളാൻ തക്കവണ്ണം കട്ടിയിൽ വരുന്ന ഫോണിൻ്റെ കനം ഏകദേശം 8.725mm ആണ്.
ഐഫോൺ 17 പ്രോ മോഡലുകളുടെ റിയർ പാനൽ ഡിസൈനിലും ആപ്പിൾ മാറ്റം വരുത്തിയേക്കാം. ടൈറ്റാനിയത്തിന് പകരം, ഫോണുകളിൽ പകുതി ഗ്ലാസ്, പകുതി അലുമിനിയം എന്നിങ്ങനെയാകും. വയർലെസ് ചാർജിംഗിനുള്ള മാഗ്സേഫ് കോയിൽ ഇരിക്കുന്നിടത്ത് ഗ്ലാസിൻ്റെ ഭാഗം മുകളിലും അലുമിനിയം ഭാഗം താഴെയുമായിരിക്കും. ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡാണ് ഇതിലുണ്ടാവുക.
ടെലിഫോട്ടോ മാത്രമല്ല, സെൽഫി ക്യാമറയും ഈ വർഷം അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടാകും. പ്രോ, പ്രോ മാക്സ്, സ്റ്റാൻഡേർഡ്, എയർ എന്നിങ്ങനെ എല്ലാ ഐഫോൺ 17 മോഡലുകളിലും 24 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 12 മെഗാപിക്സൽ സെൻസറിനെ അപേക്ഷിച്ച് ഇതുമൊരു വലിയ അപ്ഗ്രേഡാണ്.
പരസ്യം
പരസ്യം