സാംസങ്ങ് ഗാലക്സി S26 എഡ്ജ് പുറത്തു വരില്ല; കമ്പനി തീരുമാനമെടുത്തുവെന്നു റിപ്പോർട്ടുകൾ
Photo Credit: Samsung
Samsung Galaxy S26 Edge റദ്ദാക്കി; വിശദാംശങ്ങൾ
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഗാലക്‌സി എസ് സീരീസിലെ ഏറ്റവും മെലിഞ്ഞ ഫോണായ ഗാലക്‌സി S25 എഡ്ജ് സാംസങ്ങ് പുറത്തിറക്കിയത്. കനം വെറും 5.8 മില്ലിമീറ്റർ മാത്രമായിരുന്നു അതിൻ്റെ കനം. ഗാലക്‌സി S25 സീരീസിലെ നാലാമത്തെ മോഡലായാണ് ഈ ഫോൺ അവതരിപ്പിച്ചത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം സാംസങ്ങിൻ്റെ S26 സീരീസ് പുറത്തിറക്കുമ്പോൾ അതിലെ മോഡലുകളിൽ ഒന്നായി ഗാലക്‌സി S26 എഡ്ജ് ഉണ്ടാകില്ലെന്നും അതു റദ്ദാക്കാൻ സാംസങ്ങ് തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മോശം വിൽപ്പന കാരണമാണ് ദക്ഷിണ കൊറിയൻ കമ്പനി 'എഡ്ജ്' സീരീസ് നിർത്താൻ തീരുമാനിച്ചത് എന്നാണു റിപ്പോർട്ടുകൾ. സ്ലിം ഡിസൈനിനും കർവ്ഡ് എഡ്ജ് ഡിസ്പ്ലേക്കും പേരുകേട്ട ഫോണായ എഡ്ജ് മോഡൽ പുറത്തിറക്കുന്നതിനു പകരം, സാംസങ്ങ് ഗാലക്സി S26 സീരീസിലെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്. ഈ സീരീസിൻ്റെ ഭാഗമായി ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ പുറത്തു വരും.
ദക്ഷിണ കൊറിയൻ വെബ്‌സൈറ്റായ ന്യൂസ്പിമിൽ നിന്നുള്ള ഒരു റിപ്പോർട്ടിലാണ് സാംസങ്ങ് അവരുടെ അൾട്രാ-സ്ലിം സ്മാർട്ട്‌ഫോണായ എഡ്ജ് ലൈനപ്പിന്റെ നിർമ്മാണം നിർത്താൻ തീരുമാനിച്ച വിവരം വെളിപ്പെടുത്തിയത്. പ്രതീക്ഷകളോടെ പുറത്തിറക്കിയ ഗാലക്‌സി S25 എഡ്ജിനു ലഭിച്ച തണുപ്പൻ സ്വീകരണമാണ് ഇതിനു കാരണമായി പറയുന്നത്. 2026-ൽ, സാംസങ്ങ് പതിവുള്ള മൂന്ന് മോഡലുകളായ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നിവയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, എഡ്ജ് സീരീസും ഗാലക്‌സി S26 എഡ്ജും നിർത്തലാക്കുന്ന വിവരം സാംസങ്ങ് ഇതിനകം തങ്ങളുടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. നിലവിൽ ചില വിപണികളിൽ ലഭ്യമായ ഗാലക്‌സി S25 എഡ്ജിൻ്റെ അവശേഷിക്കുന്ന സ്റ്റോക്ക് വിറ്റുതീരുന്നതോടെ ഈ ഫോൺ നിർത്തലാക്കും.
എന്നിരുന്നാലും, ഗാലക്‌സി S26 എഡ്ജ് ഇതിനകം പൂർണ്ണമായി വികസിപ്പിച്ചെടുത്ത മോഡൽ ആയതിനാൽ, പിന്നീടെപ്പോഴെങ്കിലും ഒരു പ്രത്യേക മോഡലായി സാംസങ്ങ് ഇത് പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഗാലക്സി S25 എഡ്ജ് നല്ല രീതിയിൽ വിറ്റഴിക്കപ്പെടാത്തതിനാൽ സാംസങ്ങ് ഔദ്യോഗികമായി ഗാലക്‌സി S26 എഡ്ജ് പൂർണമായും റദ്ദാക്കിയതായി ഫോൺ ആർട്ട് (@UniverseIce), മാക്‌സ് ജാംബർ (@MaxJmb) എന്നിങ്ങനെ നിരവധി ജനപ്രിയ ടിപ്‌സ്റ്റർമാർ അവകാശപ്പെട്ടു.
മെയ് മാസത്തിൽ 1,09,999 രൂപ വിലയിൽ സാംസങ് ഗാലക്‌സി S25 എഡ്ജ് പുറത്തിറക്കി വെറും അഞ്ച് മാസം പിന്നിടുമ്പോഴാണ് ശേഷമാണ് സീരീസ് അവസാനിപ്പിക്കാനുള്ള ഈ തീരുമാനം. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനായിരുന്നു ഈ വില.
ഗാലക്‌സി S25 എഡ്ജിൽ 3,900mAh ബാറ്ററിയാണുള്ളത്. ഗാലക്‌സി ഫോണുകൾക്കുള്ള പ്രത്യേക സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിൽ ഇതു പ്രവർത്തിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഈ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. 200 മെഗാപിക്‌സൽ പ്രധാന ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലടങ്ങിയിരിക്കുന്നു. ഫോണിന്റെ വലിപ്പം 158.2×75.6×5.8 മില്ലിമീറ്ററും ഭാരം 163 ഗ്രാമും ആണ്.
ഗാലക്‌സി S26+ നിർത്തലാക്കുമെന്നും അതോടെ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ സീരീസിൽ ഗാലക്‌സി S26 എഡ്ജ് സ്ഥാനം പിടിക്കുമെന്നും നേരത്തെ കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇതിനെ പൂർണമായും തള്ളിക്കളയുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
പരസ്യം
പരസ്യം