ഹാപ്പി ന്യൂ ഇയർ 2026 പ്ലാനുമായി റിലയൻസ് ജിയോ; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Reliance Jio
ജിയോ ഹാപ്പി ന്യൂ ഇയർ 2026 ഓഫറുകൾ ഡാറ്റ കോളിംഗ് ആനുകൂല്യങ്ങൾ കൂടി
പുതുവർഷം അടുത്തു വന്നുകൊണ്ടിരിക്കെ ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു വേണ്ടി റിലയൻസ് ജിയോ പുതിയ "ഹാപ്പി ന്യൂ ഇയർ പ്ലാൻ" അവതരിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്, കൂടാതെ എല്ലാ ദിവസവും 2 ജിബി അതിവേഗ 5G ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ഈ പ്രതിമാസ റീചാർജ് പ്ലാനിനൊപ്പം ജിയോ ഒരു പുതിയ ലോങ്ങ് ടേം വാർഷിക പ്ലാനും സ്പെഷ്യൽ ഡാറ്റ ആഡ്-ഓൺ ഓപ്ഷനും അവതരിപ്പിച്ചു. മൂന്ന് പ്ലാനുകളിലും ഗൂഗിൾ ജെമിനി പ്രോ എഐ സർവീസിലേക്കുള്ള ഫ്രീ ആക്‌സസ് ഉൾപ്പെടുന്നു. ഡാറ്റയ്ക്കും കോളിംഗിനും പുറമേ ഈ പായ്ക്കുകളുടെ ഭാഗമായി തിരഞ്ഞെടുത്ത ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കും ഉപയോക്താക്കൾക്ക് ഫ്രീ ആക്‌സസ് ലഭിക്കും. വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ വില 3,599 രൂപയാണ്, ഇതിലൂടെ പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെ 103 രൂപ വിലയുള്ള ഒരു ഫ്ലെക്സി ഡാറ്റ ആഡ്-ഓൺ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ ജിയോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്‌ത് മൂന്ന് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ചേർത്തിട്ടുണ്ട്. ഡാറ്റ പായ്ക്കുകൾ, ലോങ്ങ് ടേം വാർഷിക പ്ലാനുകൾ, OTT സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ്, AI അധിഷ്ഠിത സേവനങ്ങൾ തുടങ്ങിയ ഓപ്ഷനുകൾ ഈ പ്ലാനുകളിൽ ഉൾപ്പെടുന്നു. പുതുതായി ആരംഭിച്ച പ്ലാനുകളിൽ ഒന്നാണ് 500 രൂപ വിലയുള്ള ഹാപ്പി ന്യൂ ഇയർ പ്ലാൻ.
28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും ആൺലിമിറ്റഡ് 5G ആക്‌സസും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഇതിൽ ഉൾപ്പെടുന്നു. എൻ്റർടൈൻമെൻ്റിനു വേണ്ടി ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്‌ചോയ്, ഫാൻകോഡ്, ജിയോടിവി, ജിയോഎഐക്ലൗഡ് തുടങ്ങിയ തിരഞ്ഞെടുത്ത ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും സബ്‌സ്‌ക്രൈബർമാർക്ക് ആക്‌സസ് ലഭിക്കും.
ഈ ആനുകൂല്യങ്ങൾക്ക് പുറമേ, ഹാപ്പി ന്യൂ ഇയർ പ്ലാനിൽ 18 മാസത്തേക്ക് സൗജന്യ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു. അതിന്റെ യഥാർത്ഥ മൂല്യം 35,100 രൂപയാണ്. ഈ ഗൂഗിൾ ജെമിനി പ്രോ ഓഫർ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ.
ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 103 രൂപ വിലയുള്ള ഒരു പുതിയ ഫ്ലെക്സി പായ്ക്ക് പുറത്തിറക്കി. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്ക് മൊത്തം 5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഇത് വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.
ഈ ഫ്ലെക്സി പായ്ക്ക് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യത്തെ അടിസ്ഥാനമാക്കി ഒരു ഒടിടി ബണ്ടിലും തിരഞ്ഞെടുക്കാം. ഹിന്ദി ബണ്ടിലിൽ ജിയോസിനിമ, സോണിലിവ്, Zee5 എന്നിവ ഉൾപ്പെടുന്നു. ഇന്റർനാഷണൽ ബണ്ടിൽ ജിയോസിനിമ, ഫാൻകോഡ്, ലയൺസ്ഗേറ്റ്, ഡിസ്കവറി+ എന്നിവയിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്നു. പ്രാദേശികമായ കണ്ടൻ്റുകൾക്കു വേണ്ടി, ഉപയോക്താക്കൾക്ക് ജിയോസിനിമ, സൺ എൻഎക്സ്ടി, കാഞ്ച ലങ്ക, ഹോയ്ചോയ് എന്നിവ ഉൾപ്പെടുന്ന ഒരു ബണ്ടിലും തിരഞ്ഞെടുക്കാം.
പുതുതായി അവതരിപ്പിച്ച ഈ പ്ലാനുകളും പായ്ക്കുകളും ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൈജിയോ മൊബൈൽ ആപ്പ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി റീചാർജ് ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം