ഓഹരി ഉടമകളുടെ വാർഷിക യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്താറുള്ള റിലയൻസ് ഇത്തവണയും പതിവു തെറ്റിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ മാത്രമല്ല, ഉപയോക്താക്കളെയും ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് റിലയൻസ് മേധാവിയായ മുകേഷ് അംബാനി നടത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (RIL) നാൽപത്തിയേഴാമത് ആന്വൽ ജനറൽ മീറ്റിങ്ങ് (AGM) വ്യാഴാഴ്ചയാണു സമാപിച്ചത്. ഈ യോഗത്തിൽ സംസാരിക്കുമ്പോഴാണ് RIL ചെയർമാനായ മുകേഷ് അംബാനി കമ്പനിയെ കൂടുതൽ വേഗത്തിൽ മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചത്. 5G കണക്റ്റിവിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റിലയൻസിൻ്റെ ടെലികോം ബ്രാൻഡായ ജിയോയുടെ വളർച്ചക്കു സഹായകമായ കാര്യങ്ങളും മറ്റു പലതും അതിൽ ഉൾപ്പെടുന്നു. പുതിയ ജിയോടിവി OS, Al സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി സേവനങ്ങൾ, ജിയോഹോം ആപ്പ്, ജിയോടിവി+ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അദ്ദേഹത്തിൻ്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.
വ്യത്യസ്തമായ മൂന്നു തന്ത്രങ്ങളിലൂന്നി ഡീപ്-ടെക്കിൽ റിലയൻസ് വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് അംബാനി വിശദീകരിക്കുകയുണ്ടായി. ആദ്യമായി, പുരോഗതിയുണ്ടാക്കാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കമ്പനി അതിൻ്റെ ബിസിനസുകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നു. രണ്ടാമതായി, സ്വന്തം ഉൽപന്നങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനും തേർഡ് പാർട്ടി കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാങ്കേതികപരമായ കണ്ടുപിടുത്തങ്ങൾ വികസിപ്പിച്ചെടുക്കാനും കമ്പനി ശ്രമിക്കുന്നു. മൂന്നാമതായി, റിലയൻസിൻ്റെ എല്ലാ ബിസിനസുകൾക്കുമായി ഒരു Al-നേറ്റീവ് ഇൻഫ്രാസ്ട്രക്ചർ നിർമിച്ചിട്ടുണ്ട്. കൂടാതെ എൻഡ് ടു എൻഡ് വർക്ക് ഫ്ലോകളും റിയൽ ടൈം ഡാഷ്ബോർഡുകളും സംയോജിപ്പിച്ച് ഒരു സോഫ്റ്റ്‌വെയർ സ്റ്റാക്കും നിർമിച്ചു. ഡീപ്-ടെക്കിൽ നടത്തുന്ന ഈ നിക്ഷേപത്തിലൂടെ സമീപഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച 30 കമ്പനികളിൽ ഒന്നായി മാറാൻ റിലയൻസിനു കഴിയുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
5G,6G സാങ്കേതികവിദ്യകളിൽ 350ലധികം പേറ്റൻ്റുകൾ റിലയൻസിൻ്റെ ടെലികോം സബ്സിഡിയറിയായ ജിയോ നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന 5G റേഡിയോ സെല്ലുകളിൽ 85 ശതമാനവും ജിയോയുടേതാണെന്നാണ് അദ്ദേഹം പറയുന്നത്. ട്രൂ 5G നെറ്റ്‌വർക്കുകളിലേക്ക് കമ്പനി തങ്ങളുടെ 130 ദശലക്ഷത്തിലധികം ഉപയോക്താക്കളെ അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത 5G അടിസ്ഥാനമാക്കിയുള്ള ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ ഒരു ദശലക്ഷം ഉപയോക്താക്കളിൽ എത്തിയെന്ന് മുകേഷ് അംബാനി പറയുന്നു. നൂറു ദശലക്ഷം വീടുകൾ, 20 ദശലക്ഷം ചെറുകിട, ഇടത്തരം ബിസിനസുകൾ, 1.5 ദശലക്ഷം സ്കൂളുകളും കോളേജുകളും, 70000 ത്തിലധികം ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ്.
ജിയോബ്രയിൻ:
പുതിയ ഉപകരണങ്ങൾ, ഉൽപന്നങ്ങൾ എന്നിവ നിർമിക്കാൻ കഴിയുന്ന, കുറഞ്ഞ ലേറ്റൻസി 5G യും മെഷീൻ ലേണിംഗും സംയോജിപ്പിച്ച, Al സാങ്കേതികവിദ്യയിൽ ഊന്നിയ കമ്പനിയുടെ പ്ലാറ്റ്ഫോം ആയാണ് ജിയോബ്രയിൻ അവതരിപ്പിച്ചത്. വർക്ക്ഫ്ലോ ഏറ്റവും മികച്ചതാക്കുന്നതിനു വേണ്ടി ജിയോബ്രയിൻ കരുത്തു നൽകുന്ന Al സാങ്കേതികവിദ്യകൾ കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തും. ഇതിനു പുറമെ Al അധിഷ്ഠിത ആവശ്യങ്ങൾക്ക് പിന്തുണ നൽകാനും റിലയൻസിനു പദ്ധതിയുണ്ട്.
ജിയോ Al ക്ലൗഡിൻ്റെ വെൽക്കം ഓഫറും മുകേഷ് അംബാനി വാർഷിക യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്കു 100GB ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭിക്കും. ഈ വർഷം ദീപാവലിക്ക് ഈ ഓഫർ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ജിയോടിവി+ ന് പുതിയ ഓഫറുകളും നൽകാൻ ആരംഭിച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് HD റെസലൂഷനിൽ 860 ലധികം ചാനലുകളും ആമസോൺ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാർ തുടങ്ങി നിരവധി OTT പ്ലാറ്റ്ഫോമുകളും ഇതു വാഗ്ദാനം ചെയ്യുന്നു. ‘സൂപ്പർ ഫാസ്റ്റ് ചാനൽ സ്വിച്ചിംഗ് എക്സ്പീരിയൻസ്' ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരൊറ്റ ലോഗിനിലൂടെ നിരവധി OTT പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാമെന്നതും ഇതിൻ്റെ സവിശേഷതയാണ്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള നിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്ന റെക്കമൻ്റെഷൻ എഞ്ചിനും ജിയോടിവി+ യിലുണ്ട്. ഇതിനു പുറമെ സംപ്രേഷണം ചെയ്ത ഒരു ലൈവ് ടിവി ഷോ അതിനു ശേഷം ഏഴു ദിവസത്തിനുള്ളിൽ വീണ്ടും കാണാൻ കഴിയുന്ന ക്യാച്ച് അപ്പ് ടിവി ഫീച്ചറും ഇതിലുണ്ട്.
ജിയോടിവി OS, ഹലോജിയോ:
ജിയോ സെറ്റ് ടോപ്പ് ബോക്സിനുള്ള പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ജിയോടിവി OS സമ്മേളനത്തിൽ അവതരിപ്പിച്ചു. വേഗതയേറിയ, തടസങ്ങളില്ലാത്ത അനുഭവം ഇതു നൽകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അൾട്രാ-HD 4K റെസലൂഷൻ, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് എന്നിവയെല്ലാം ഇതിലുണ്ട്. വ്യത്യസ്ത ആപ്പുകൾ, ലൈവ് ടിവി, ഷോകൾ എന്നിവക്കെല്ലാം ഒരൊറ്റ ഇൻ്റർഫേസാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ളത്.
ജിയോ ടിവി OS ൻ്റെ വോയ്സ് അസിസ്റ്റൻ്റായ ജിയോഹലോക്ക് അപ്ഗ്രേഡും പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ റിമോട്ടിലുള്ള മൈക്രോഫോൺ ബട്ടൺ അമർത്തിയാൽ ജിയോഹലോ ഉപയോഗിക്കാൻ കഴിയും. സ്വാഭാവികമായ ഭാഷ മനസിലാക്കുന്നതിന് Al സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. അവ്യക്തമായ രീതിയിൽ അഭ്യർത്ഥനകൾ നൽകിയാലും വോയ്സ് അസിസ്റ്റൻ്റിന് അതു മനസിലാക്കാൻ കഴിയും എന്നതിനാൽ ഇത് ജിയോSTB യിൽ ഉള്ളടക്കം കണ്ടെത്തുന്നത് എളുപ്പമാക്കും. ഇതിനു പുറമെ വ്യത്യസ്ത OTT പ്ലാറ്റ്ഫോമുകളിൽ തിരഞ്ഞ് കണ്ടൻ്റുകളുടെ ഒരു ലിസ്റ്റ് നൽകാനും ഇതിനു സാധിക്കും.
‘ഓപ്പൺ നെറ്റ്ഫ്ലിക്സ്' അല്ലെങ്കിൽ ഒരു സിനിമയുടെ പേരോ, ഷോയോ, മ്യൂസിക്കോ കമാൻഡ് ചെയ്ത് വോയ്സ് അസിസ്റ്റൻ്റിനെ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. വോള്യം, തുടങ്ങിയ ജിയോSTB ഫങ്ങ്ഷനുകളെയും ഇതിനു നിയന്ത്രിക്കാൻ കഴിവുണ്ട്. ജിയോ ആപ്പ് സ്റ്റോറും ഇതിനൊപ്പം അവതരിപ്പിച്ചു. ജിയോഹോമിനായി ഡെവലപ്പർമാർ നിരവധി പുതിയ ആപ്പുകൾ നിർമിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, ഫിറ്റ്നസ്, ഷോപ്പിങ്ങ് തുടങ്ങി നിരവധി വിഷയങ്ങൾ അടിസ്ഥാനമാക്കി വരുന്ന ഈ ആപ്പുകളെല്ലാം ജിയോSTB വഴി ഉപയോഗിക്കാൻ കഴിയും.
ജിയോഹോം ആപ്പ്:
ജിയോടിവി OS മായി കമ്പനിയുടെ ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് (IoT) സംയോജിപ്പിക്കുന്ന ജിയോഹോം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ IoT ഫീച്ചേഴ്സിനെയും വ്യക്തിപരമായി നിയന്ത്രിക്കാവുന്ന കേന്ദ്രമായി ആപ്പ് പ്രവർത്തിക്കും. ഒരൊറ്റ ടാപ്പിലൂടെ വൈഫൈ, സ്മാർട്ട് ഡിവൈസുകൾ തുടങ്ങി നിരവധി കാര്യങ്ങൾ മാനേജ് ചെയ്യാൻ ഇതിലൂടെ കഴിയും. മാൽവെയർ കണ്ടെത്തൽ, ഗസ്റ്റ് വൈഫൈ മാനേജ്മെൻ്റ് എന്നിവയും ഇതിലുണ്ട്.
ജിയോഫോൺകോൾ Al:
ഓരോ ഫോൺകോളിലും Al ഫീച്ചറുകൾ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സേവനമാണിത്. ജിയോക്ലൗഡിൽ ഫോൺ കോളുകൾ റെക്കോർഡ് ചെയ്തു സേവ് ചെയ്യാനും ഇൻഹൗസ് അൽഗോരിതം ഉപയോഗിച്ചു സ്വയം ട്രാൻസ്ക്രൈബ് ചെയ്യാനും ഇതിനു കഴിയും. ഫോൺകോളുകൾ സംഗ്രഹിച്ചു മനസിലാക്കാനും വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യാനും ഇതിനു കഴിയും. ജിയോ ഉപയോക്താക്കൾക്ക് ഫോൺകോൾAl ഉപയോഗിക്കാൻ ഒരു പ്രത്യേക ഫോൺനമ്പർ ഉണ്ടായിരിക്കും. ഫോൺ വിളിക്കുന്ന സമയത്ത് കോൺഫറൻസ് കോളായി ഈ നമ്പർ ആഡ് ചെയ്യാം. സ്വാഗതം ചെയ്തു കൊണ്ടുള്ള സന്ദേശം വന്നതിനു ശേഷം #1 അമർത്തിയാൽ കോൾ റെക്കോർഡ് ചെയ്യാനും ട്രാൻസ്ക്രൈബ് ചെയ്യാനും കഴിയും. കോൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന അറിയിപ്പ് Al നിങ്ങൾക്കു നൽകും. ട്രാൻസ്ക്രിപ്ഷൻ പോസ് ചെയ്യാൻ #2 വും വീണ്ടും ആരംഭിക്കാൻ #1 ഉം അമർത്തുക. ട്രാൻസ്ക്രിപ്ഷനും റെക്കോർഡിങ്ങും അവസാനിപ്പിക്കാൻ #3 അമർത്തുക.
ജിയോസിനിമ:
ജിയോയുടെ OTT പ്ലാറ്റ്ഫോമായ ജിയോസിനിമയുടെ വളർച്ചയെക്കുറിച്ചും മുകേഷ് അംബാനി സംസാരിച്ചു. 2024 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ 64 കോടി പേർ കണ്ടുവെന്നും ഇതു മുൻ വർഷത്തേക്കാൾ 38 ശതമാനം വർദ്ധനവാണെന്നും അദ്ദേഹം പറയുന്നു. 100 ദിവത്തിനുള്ളിൽ 15 ദശലക്ഷം പേർ ജിയോസിനിമയുടെ പെയ്ഡ് സബ്സ്ക്രിപ്ഷൻ എടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒറിജിനൽ ഷോകൾ, റിയാലിറ്റി ഷോകൾ, സിനിമകൾ എന്നിവ കൂടാതെ HBO, പാരമൗണ്ട്, NBCU എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെൻ്റുകളും ഈ ആപ്പിൽ ലഭ്യമാണ്.
പരസ്യം
പരസ്യം