സാംസങ്ങ് അവതരിപ്പിച്ച പ്രൈവസി സ്ക്രീൻ ഫീച്ചറിനെ കുറിച്ച് വിശദമായി അറിയാം
Photo Credit: Samsung
സാംസങ്ങ് ഗാലക്സി S26 ഫോണുകളിൽ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന പ്രൈവസി സ്ക്രീൻ ഫീച്ചറിനെ കുറിച്ച് അറിയാം ഇവിടെ
ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന സാംസങ്ങ് ഗാലക്‌സി S26 സീരീസിൽ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ലീക്കായി പുറത്തു വരുന്നുണ്ട്. എന്നിരുന്നാലും, ലോഞ്ച് ടൈംലൈനിനെക്കുറിച്ചോ ഹാർഡ്‌വെയറിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങളൊന്നും സാംസങ്ങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ ലീക്കുകളുടെ ഇടയിൽ, ഗാലക്‌സി ഡിവൈസുകളിൽ ഉടനെത്തുമെന്ന് പ്രതീക്ഷിക്കുന്ന, സ്ക്രീനിൻ്റെ സ്വകാര്യത കേന്ദ്രീകരിച്ചുള്ള ഒരു ഫീച്ചർ ദക്ഷിണ കൊറിയൻ ടെക് ഭീമൻ അവതരിപ്പിച്ചു.
സമീപത്തുള്ള ആളുകൾക്ക് ഒരു ഉപയോക്താവിന്റെ സ്മാർട്ട്‌ഫോൺ സ്‌ക്രീനിലുള്ളതു കാണാൻ കഴിയുന്ന, ഒരു സാധാരണ പ്രശ്‌നമായ ഷോൾഡർ സർഫിംഗ് തടയുന്നതിനാണ് പുതുതായി അവതരിപ്പിച്ച പ്രൈവസി സ്ക്രീൻ ഫീച്ചർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. അടുത്തു നിൽക്കുന്നവരിൽ നിന്നും സ്ക്രീൻ മറയ്ക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ നിലവിലുള്ള എല്ലാ ഗാലക്‌സി സ്‌മാർട്ട്‌ഫോണുകളിലേക്കും വ്യാപിപ്പിക്കുമോ അതോ ഗാലക്‌സി S26 സീരീസ് പോലുള്ള വരാനിരിക്കുന്ന മോഡലുകൾക്ക് മാത്രമാണോയെന്നു സാംസങ്ങ് സ്ഥിരീകരിച്ചിട്ടില്ല.
ഓൺ-സ്‌ക്രീൻ പ്രൈവസി വർദ്ധിപ്പിക്കുന്നതിനായി ഗാലക്സി ഡിവൈസുകൾക്കായി ഒരു പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിക്കുമെന്ന് സാംസങ്ങ് അടുത്തിടെ പ്രഖ്യാപിച്ചു. കമ്പനി പറയുന്നതനുസരിച്ച്, ഉപയോക്താവ് നേരിട്ട് നോക്കുമ്പോൾ മാത്രമേ സ്‌ക്രീൻ വ്യക്തമായി ദൃശ്യമാകൂ എന്ന് ഈ ഫീച്ചർ ഉറപ്പു വരുത്തുന്നു. ഉപയോക്താവിന്റെ അരികിൽ നിൽക്കുന്ന ആരെങ്കിലും ഫോണിലേക്കു നോക്കിയാൽ സ്ക്രീൻ മങ്ങിയതോ അവ്യക്തമായോ ആയി കാണപ്പെടും, ഇത് സ്‌ക്രീനിലെ കണ്ടൻ്റുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
പൊതുഗതാഗതം, ലിഫ്റ്റുകൾ അല്ലെങ്കിൽ തിരക്കേറിയ സ്ഥലങ്ങൾ പോലുള്ള സാഹചര്യങ്ങളിലാണ് ഈ ഫീച്ചർ ഉപയോഗപ്രദമാവുക. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽ വെച്ചു മറ്റുള്ളവർ തങ്ങളുടെ ഫോണുകളിലേക്ക് നോക്കുന്നതിൽ പലർക്കും ആശങ്കയുണ്ടാകും. ഒരു ലിഫ്റ്റിനുള്ളിൽ വെച്ച് ഉപയോക്താവ് അവരുടെ പാസ്‌കോഡ് ഉപയോഗിക്കുന്ന സമയത്ത് ഈ ഫീച്ചർ എങ്ങിനെ ഓട്ടോമാറ്റിക്കായി ആക്റ്റിവേറ്റ് ആകുമെന്നത് ഒരു ഷോർട്ട് വീഡിയോയിലൂടെ സാംസങ്ങ് പ്രദർശിപ്പിച്ചു. ഉപയോക്താവിന് സ്‌ക്രീൻ വ്യക്തമായി കാണാൻ കഴിയുമെങ്കിലും, സമീപത്ത് നിൽക്കുന്നവർക്ക് കണ്ടൻ്റ് ശരിയായി കാണാൻ കഴിയില്ലെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
ഇതൊരു സ്മാർട്ട് ഫീച്ചർ ആണെന്നും വ്യൂവിംഗ് ആംഗിളുകൾ കണ്ടെത്താനും അതിനനുസരിച്ച് സ്‌ക്രീൻ വിസിബിലിറ്റി ക്രമീകരിക്കാനും ഇതിനു കഴിയുമെന്നും കമ്പനി വിശദീകരിച്ചു. നിരന്തരമായ മാനുവൽ ആക്ടിവേഷൻ ആവശ്യമില്ലാതെ പേഴ്സണൽ മെസേജുകൾ, പാസ്‌വേഡുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ എന്നിവ ഇതിലൂടെ സംരക്ഷിക്കാം.
ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായിണ് പ്രൈവസി സ്ക്രീൻ ഫീച്ചർ വരുന്നതെന്ന് സാംസങ്ങ് അറിയിച്ചു. പ്രൈവസി ലെയർ എപ്പോൾ ആക്റ്റിവേറ്റ് ചെയ്യണമെന്നും കൂടുതൽ സ്വകാര്യത ആവശ്യമുള്ള ആപ്പുകൾ ഏതൊക്കെയെന്നു തീരുമാനിക്കാനും ഉപയോക്താക്കൾക്കു കഴിയും. ഉദാഹരണത്തിന്, ബാങ്കിംഗ് ആപ്പുകൾ, മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ ഇമെയിൽ ആപ്ലിക്കേഷനുകൾ എന്നിവക്കായി ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും.
കൂടാതെ, നോട്ടിഫിക്കേഷൻ പോപ്പ്-അപ്പ്സ് പോലുള്ള കസ്റ്റമർ എക്സ്പീരിയൻസിൻ്റെ ഭാഗങ്ങളും പ്രൈവസി ലെയറിനു പിന്നിൽ സ്ഥാപിക്കാമെന്ന് സാംസങ്ങ് പറഞ്ഞു. സെൻസിറ്റീവായ നോട്ടിഫിക്കേഷൻസ് സമീപത്തുള്ള ആളുകൾക്കു കാണാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് പ്രൈവസി പ്രൊട്ടക്ഷൻ്റെ ലെവൽ എത്രയാണെന്നതു നിയന്ത്രിക്കാൻ കഴിയും, കൂടാതെ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി സ്‌ക്രീൻ വിസിബിലിറ്റി ക്രമീകരിക്കാനും കഴിയും.
ഉപയോക്താക്കൾക്ക് ഈ ഫീച്ചറുമായി ബന്ധപ്പെട്ട മറ്റ് സെറ്റിംഗ്സ് പരിഷ്കരിക്കാനോ അത് പൂർണ്ണമായും ഓഫാക്കാനോ കഴിയുമെന്നും കമ്പനി സ്ഥിരീകരിച്ചു. സുരക്ഷയിലും ഉപയോഗക്ഷമതയിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, അഞ്ച് വർഷത്തെ എഞ്ചിനീയറിംഗ്, പരീക്ഷണം, പരിഷ്കരണം എന്നിവയുടെ ഫലമായാണ് പ്രൈവസി സ്ക്രീൻ സവിശേഷത അവതരിപ്പിച്ചതെന്ന് സാംസങ്ങ് വ്യക്തമാക്കി.
പഴയ ഗാലക്‌സി ഡിവൈസുകൾക്കു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ സവിശേഷത ലഭ്യമാകുമോ അതോ ഗാലക്‌സി S26 സീരീസ് പോലുള്ള ഭാവി സ്മാർട്ട്‌ഫോണുകൾക്കു മാത്രമായി ഇത് പരമിതപ്പെടുത്തുമോ എന്ന് സാംസങ്ങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ചിനോട് അടുത്തായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം