ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറയുമായി എത്തുന്നത് ഓപ്പോ ഫൈൻഡ് X9s പ്രോ; വിവരങ്ങൾ അറിയാം
ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോയിൽ 7,500mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്
ഈ ആഴ്ച ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഓപ്പോയുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വാർത്തകളിൽ ഇടം നേടുകയുണ്ടായി. വളരെ മികച്ച ക്വാഡ്-ക്യാമറ സെറ്റപ്പ് കാരണം ശ്രദ്ധ പിടിച്ചുപറ്റിയ ഫോൺ തുടക്കത്തിൽ ഓപ്പോ ഫൈൻഡ് X9s ആയിരിക്കും എന്നാണ് ഏവരും കരുതിയത്. ഇതിൻ്റെ ക്യാമറ യൂണിറ്റിൽ രണ്ട് 200MP സെൻസറുകൾ ഉൾപ്പെട്ടിരുന്നു. എന്നാൽ, വിശ്വസ്തനായ ചൈനീസ് ടിപ്‌സ്റ്റേഴ്‌സിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ഫോൺ ഫൈൻഡ് X9s ആയിരിക്കില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഓപ്പോ ഫൈൻഡ് X9s പ്രോ എന്ന പേരിൽ ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിൻ്റെ പേരുമായി ബന്ധപ്പെട്ട വിവരങ്ങൾ വെയ്‌ബോയിലെ ജനപ്രിയ ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണു പങ്കിട്ടത്. ഇക്കാര്യങ്ങൾ പിന്നീട് മറ്റൊരു ഇൻസൈഡറായ വൈലാബ് ശരി വെക്കുകയും ചെയ്തു. ടോപ്പ്-ടയർ ക്യാമറ ഹാർഡ്‌വെയറിനെ കോംപാക്റ്റ് ഫോം ഫാക്ടറുമായി യോജിപ്പിക്കുമെന്ന് പറയപ്പെടുന്നതിനാൽ, ഫൈൻഡ് X9s പ്രോ പലരും ആഗ്രഹിക്കുന്ന മികച്ചൊരു ഫ്ലാഗ്ഷിപ്പ് ഫോണായിരിക്കും.
ക്യാമറ സെറ്റപ്പ് കാരണം ഓപ്പോ ഫൈൻഡ് X9s പ്രോ വേറിട്ടു നിൽക്കുമെന്ന് പറയപ്പെടുന്നു. ഡ്യുവൽ 200 മെഗാപിക്സൽ റിയർ ക്യാമറകൾ ഉൾക്കൊള്ളുന്ന ഒരേയൊരു പ്രോ-ബ്രാൻഡഡ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായിരിക്കും ഇതെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അവകാശപ്പെടുന്നു. ഇത് സ്മാർട്ട്‌ഫോൺ ഇൻഡസ്ട്രിയിലെ ആദ്യത്തേതും ആയിരിക്കാം. രണ്ട് ഹൈ റെസല്യൂഷൻ സെൻസറുകൾക്ക് പുറമേ, റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും മൾട്ടിസ്പെക്ട്രൽ സെൻസറും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കളർ ആക്യുറസിയും ഇമേജ് പ്രോസസ്സിംഗും മെച്ചപ്പെടുത്താൻ സഹായിക്കും.
കൂടുതൽ ആകർഷണം തോന്നിപ്പിക്കുന്നത് ഫോണിന്റെ വലുപ്പമാണ്. ഫൈൻഡ് X9s പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കുമെന്നു കിംവദന്തിയുണ്ട്. അതിനാൽ ഇത് കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലുള്ള ഫോണായിരിക്കും. കോംപാക്റ്റ് ഫോണുകൾ ക്യാമറ ഹാർഡ്‌വെയറിൽ വിട്ടുവീഴ്ച ചെയ്യാറാണു പതിവെങ്കിലും, ഇവിടെ ഓപ്പോ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കുന്നതായി തോന്നുന്നു. മുൻവശത്ത്, ഉപകരണത്തിൽ 50 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായേക്കാം.
കോംപാക്റ്റ് ഫോൺ ആണെങ്കിലും പെർഫോമൻസിൻ്റെയും ബാറ്ററി ലൈഫിന്റെയും കാര്യത്തിൽ ഓപ്പോ X9s പ്രോ വലിയ വിട്ടുവീഴ്ചകളൊന്നും ചെയ്യുന്നില്ല. മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുകയെന്നാണു റിപ്പോർട്ടുകൾ. ഇത് ആ തലമുറയിലെ ഏറ്റവും ശക്തമായ പ്രോസസ്സറുകളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദൈനംദിന ഉപയോഗം എന്നിവയ്‌ക്ക് സുഗമമായ പെർഫോമൻസ് ഉറപ്പാക്കാൻ ഇത് സഹായിക്കും.
അതിശയകരമെന്നു പറയട്ടെ, ഫോൺ 7,000mAh ബാറ്ററിയും പായ്ക്ക് ചെയ്യുമെന്ന് സൂചനയുണ്ട്. ഒരു കോംപാക്റ്റ് ഫോണിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ബാറ്ററിയാണിത്. ചാർജിംഗ് സപ്പോർട്ടിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ജലത്തിൽ നിന്നുള്ള പൂർണമായ പ്രതിരോധവും ഇതിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാനപ്പെട്ട സവിശേഷതകളിൽ ഉൾപ്പെടുന്നു.
നിലവിൽ, ഫോണിൻ്റെ ലോഞ്ച് തീയതിയെക്കുറിച്ച് ഔദ്യോഗികമായ വിവരമൊന്നുമില്ല. എന്നിരുന്നാലും, 2026 മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഓപ്പോ ഫൈൻഡ് X9 അൾട്രായ്‌ക്കൊപ്പം ഫൈൻഡ് X9s പ്രോയും ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരസ്യം
പരസ്യം