കെൻ്റക്കിയിൽ പുതിയ ഫാക്ടറി തുറക്കാൻ ഫോക്സ്കോൺ; ആപ്പിളിനു വേണ്ടിയാകാൻ സാധ്യതയില്ല
Photo Credit: Apple
കെൻ്റക്കിയിൽ ഫോക്സ്കോൺ പുതിയ ഫാക്ടറി ആരംഭിച്ച് ഇലക്ട്രോണിക് നിർമ്മാണവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കും പ്രദേശത്ത് വേഗത്തിൽ
ആപ്പിളിൻ്റെ സപ്ലൈ ചെയിൻ പങ്കാളിയായ ഫോക്‌സ്‌കോൺ വീണ്ടും അമേരിക്കയിൽ സാന്നിധ്യം വിപുലീകരിക്കുന്നു. ഇത്തവണ കമ്പനി കെന്റക്കിയിലാണ് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഫോക്സ്കോണിൻ്റെ പുതിയ ഫാക്ടറി ലൂയിസ്‌വില്ലെയിൽ ആരംഭിക്കുമെന്ന് ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗും കെന്റക്കി ഗവർണർ ആൻഡി ബെഷിയറും കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ആകെ നിക്ഷേപം ഏകദേശം 174 മില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഈ ഫാക്ടറി പ്രവർത്തിച്ചു തുടങ്ങുമ്പോൾ, പ്രാദേശികമായി ഏകദേശം 180 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റാണ്ടി കോ ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന 350,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വലിയ വെയർഹൗസും പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിലുള്ള വെയർഹൗസിനെ ഒരു പ്രൊഡക്ഷൻ ഫെസിലിറ്റിയാക്കി മാറ്റാനാണ് ഫോക്‌സ്‌കോൺ പദ്ധതിയിടുന്നത്. ലൂയിസ്‌വില്ലെ ബിസിനസ് ഫസ്റ്റ് റിപ്പോർട്ട് ചെയ്ത പെർമിറ്റുകൾ പ്രകാരം, നവീകരണ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായി നടത്തും. എന്നാൽ പ്രധാനപ്പെട്ട കാര്യം ഈ ഫാക്ടറി ആപ്പിളിനു വേണ്ടിയല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് എന്നതാണ്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 10 മില്യൺ ഡോളർ ചിലവാകും. നൽകിയ പെർമിറ്റുകൾ അനുസരിച്ച്, ഈ ഘട്ടത്തിൽ നിർമ്മാണത്തിനുള്ള ഭാരമേറിയ യന്ത്രങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന പുതിയ കോൺക്രീറ്റ് അടിത്തറകൾ സ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക, ഇതിനൊപ്പം കെട്ടിടത്തിന്റെ ഇന്റീരിയർ പരിഷ്കാരങ്ങളും ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ 52.5 മില്യൺ ഡോളറിന്റെ അധിക നിക്ഷേപം ആവശ്യമാണ്. ഈ ഘട്ടത്തിൽ അന്തിമ നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് ഇൻസ്റ്റാളേഷനുകളും ഉൾപ്പെടും.
ഫോക്‌സ്‌കോണിന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 മൂന്നാം പാദത്തിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കും. പദ്ധതിയുടെ ഭൂരിഭാഗവും ഫോക്‌സ്‌കോണാണ് വഹിക്കുന്നതെങ്കിലും, വികസനത്തിന് സഹായിക്കുന്നതിന് സർക്കാർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ കെന്റക്കി ഇക്കണോമിക് ഡെവലപ്‌മെന്റ് ഫിനാൻസ് അതോറിറ്റിയിൽ നിന്നുള്ള 3.4 മില്യൺ ഡോളർ വരെ വിലമതിക്കുന്ന 10 വർഷത്തെ ഇൻസെൻ്റീവ് എഗ്രിമെൻ്റും ഉൾപ്പെടുന്നു. കൂടാതെ, ഫോക്‌സ്‌കോണിന് ഏകദേശം 600,000 ഡോളർ നികുതി ആനുകൂല്യങ്ങളായും ലഭിക്കും.
ഈ നിക്ഷേപം പ്രാദേശിക സമൂഹത്തിന് നല്ല ശമ്പളമുള്ള ജോലികൾ, പുതിയ അവസരങ്ങൾ, ദീർഘകാല സാമ്പത്തിക വളർച്ച എന്നിവ കൊണ്ടുവരുമെന്ന് പ്രഖ്യാപന വേളയിൽ, ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പറഞ്ഞു. ഈ സൗകര്യം വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അഭിപ്രായപ്പെട്ടു. ഫോക്‌സ്‌കോൺ യുഎസ്എ സിഇഒ ബെൻ ലിയാവ് ഒരു പുതിയ ഫാക്ടറി എന്നതിലുപരി അമേരിക്കൻ നിർമ്മാണത്തിലെ ഒരു പുതിയ അധ്യായമാണെന്ന് ഈ പദ്ധതിയെ വിശേഷിപ്പിച്ചു.
ഈ ഫാക്ടറി എന്ത് ഉത്പാദിപ്പിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം അവർ ഇലക്ട്രോണിക്സാണു നിർമ്മിക്കുന്നത്, പക്ഷേ ഏതൊക്കെ ഉൽപ്പന്നങ്ങളെന്നു പരാമർശിച്ചിട്ടില്ല. ഫോക്‌സ്‌കോൺ സാധാരണയായി അവരുടെ ക്ലയന്റുകളുടെ പദ്ധതികൾ സ്വകാര്യമായി സൂക്ഷിക്കുന്നു. ആപ്പിളും അതിന്റെ രഹസ്യസ്വഭാവത്തിന് പേരുകേട്ടതാണ്, അതിനാൽ ഫാക്ടറി ആർക്കു വേണ്ടിയാണെന്ന് ഒരു കമ്പനിയും സ്ഥിരീകരിച്ചിട്ടില്ല.
ആപ്പിൾ ഫോക്‌സ്‌കോണിന്റെ ദീർഘകാല പങ്കാളിയായതിനാൽ, ഫാക്ടറി ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാകുമെന്ന് പലരും കരുതി. എന്നിരുന്നാലും, ഇതിൻ്റെ വലുപ്പവും നിക്ഷേപത്തിന്റെ നിലവാരവും സൂചിപ്പിക്കുന്നത് ഐഫോണുകൾ അല്ലെങ്കിൽ ഐപാഡുകൾ പോലുള്ള ആപ്പിളിന്റെ പ്രധാന ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഇതുപയോഗിക്കാൻ സാധ്യതയില്ല എന്നാണ്. ഇവ നിർമ്മിക്കുന്നതിന് വലിയ സൗകര്യങ്ങളും സമീപത്ത് ഒന്നിലധികം വിതരണക്കാരും ആവശ്യമായി വരും, ഈ സൈറ്റിൽ അതില്ല.
ഫാക്ടറിയിൽ ചെറിയ പ്രൊഡക്റ്റുകൾ നിർമ്മിക്കാനാണു സാധ്യത. പക്ഷേ അപ്പോഴും, ആപ്പിളിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു വിതരണ ശൃംഖല ആവശ്യമായി വരും. അതില്ലാത്തതിനാൽ ഇത് ആപ്പിളിനു വേണ്ടിയുള്ള ഫാക്ടറി ആകാനുള്ള സാധ്യത വളരെ കുറവാണ്.
പരസ്യം
പരസ്യം