Photo Credit: Reliance
ഇന്ത്യയിൽ ടെലികോം രംഗത്തു വിപ്ലവം സൃഷ്ടിച്ച കമ്പനിയാണു റിലയൻസ് ജിയോ എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇൻ്റർനെറ്റ് വളരെ കുറഞ്ഞ തുകക്ക് ഇന്ത്യയിൽ ലഭ്യമാകാൻ ജിയോ നടത്തിയ മുന്നേറ്റം വളരെ നിർണായകമായിരുന്നു. എങ്കിലും വിപണിയിൽ ചുവടുറപ്പിച്ചതിനു ശേഷം റീചാർജ് പ്ലാനുകളുടെ നിരക്കുകൾ അടുത്തിടെ ജിയോ കുത്തനെ വർദ്ധിപ്പിച്ചത് ഉപയോക്താക്കളുടെ വിമർശനത്തിനു കാരണമായിരുന്നു. ഈ വിമർശനങ്ങളുടെ മുന ഒടിക്കുന്നതിനു വേണ്ടി റിലയൻസ് ജിയോ ബ്രാൻഡിൻ്റെ ഏട്ടാം വാർഷികം പ്രമാണിച്ചു റീചാർജ് പ്ലാനുകളിൽ നിരവധി ഓഫറുകളാണു ജിയോ അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൂടെ ലഭിക്കുന്ന ഈ ഓഫർ വഴി ഒടിടി പ്ലാറ്റ്ഫോമുകൾ, ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പുകളുടെ മെമ്പർഷിപ്പ്, ഇ കൊമേഴ്സ് വൗച്ചേഴ്സ് തുടങ്ങിയ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ സ്വന്തമാക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ നാൽപ്പത്തിയേഴാമത് ആന്വൽ ജനറൽ മീറ്റിംഗിലാണ് ഈ ഓഫറുകളെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്.
സെപ്തംബർ 5 മുതൽ 8 വരെയുള്ള തീയ്യതികളിൽ സ്പെഷ്യൽ പായ്ക്കുകൾ റീചാർജ് ചെയ്യുന്ന സബ്സ്ക്രൈബേഴ്സ് 700 രൂപ വരെയുള്ള മൂന്ന് ആനുകൂല്യങ്ങൾ ലഭിക്കും. 899, 999 രൂപ വരുന്ന മൂന്നു മാസത്തേക്കുള്ള റീചാർജ് പ്ലാനുകളിലാണ് ഈ ഓഫറുള്ളത്. യഥാക്രമം 90 ദിവസവും 98 ദിവസവും 2GB ഡാറ്റ നൽകുന്ന റീചാർജ് പ്ലാനാണിത്.
ഇതിനു പുറമെ 3599 രൂപ വരുന്ന വാർഷിക പ്ലാൻ എടുത്തവർക്കും ഈ ഓഫറുകൾ ലഭ്യമാകും. 365 ദിവസം 2.5GB ഡെയ്ലി ഡാറ്റ നൽകുന്ന ഓഫറാണിത്.
ഒടിടി ആപ്പുകളായ സീ5, സോണി ലിവ്, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്കാ, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോ ടിവി എന്നിങ്ങനെ 175 രൂപ മൂല്യമുള്ളവ 28 ദിവസത്തേക്കു ലഭിക്കുമെന്നത് ഈ പ്ലാനിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ 28 ദിവസം വാലിഡിറ്റിയുള്ള 10GB ഡാറ്റ വൗച്ചറും ഉൾപ്പെടുന്നു.
ഈ റീചാർജ് പ്ലാനുകളിലൂടെ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയുടെ ഗോൾഡ് മെമ്പർഷിപ്പ് മൂന്നു മാസത്തേക്കു സൗജന്യമായി നേടാനും കഴിയും. ഇതിനു പുറമെ 2999 രൂപയോ അതിൽ കൂടുതലോ ചിലവഴിക്കുന്നവർക്ക് 500 രൂപ കിഴിവു ലഭിക്കുന്ന അജിയോ വൗച്ചറുകളും ഈ പ്ലാനുകളിൽ ലഭിക്കും.
റിലയൻസ് ജിയോ അടുത്തിടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. 1099 രൂപ, 1499 രൂപ എന്നീ നിരക്കിൽ ലഭിച്ചിരുന്ന ഫ്രീ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടു കൂടിയുള്ള റീചാർജ് പ്ലാനുകൾക്ക് ഇപ്പോൾ യഥാക്രമം 1299 രൂപയും 1799 രൂപയുമാണ്. നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാനാണ് 1299 രൂപയുടെ റീചാർജിലൂടെ സൗജന്യമായി ലഭിക്കുക. ഇതുവഴി മൊബൈലിലൂടെ മാത്രം നെറ്റ്ഫ്ലിക്സ് കാണാൻ കഴിയും. അതേസമയം 1799 രൂപയുടെ റീചാർജിലൂടെ നെറ്റ്ഫ്ലിക്സിൻ്റെ ബേസിക് പ്ലാൻ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
പരസ്യം
പരസ്യം