Photo Credit: Ola Electric
ഈയാഴ്ചയുടെ അവസാനത്തോടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുമെന്ന് ഈ മേഖലയിലെ പ്രമുഖ കമ്പനിയായ ഓല ഇലക്ട്രിക് അറിയിച്ചു. കമ്പനിയുടെ മൂന്നാം തലമുറ (ജെൻ 3) പ്ലാറ്റ്‌ഫോമിലാണ് ഈ സ്‌കൂട്ടർ നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റിലാണ് ഈ പ്ലാറ്റ്ഫോം ആദ്യമായി അവതരിപ്പിച്ചത്. ഓലയുടെ മുൻ ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് മികച്ച വിശ്വാസ്യത, മെച്ചപ്പെട്ട ഗുണനിലവാരം, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാണ് ജെൻ 3 പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടക്കത്തിൽ, 2025 ഓഗസ്റ്റിൽ ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇപ്പോൾ അവ നേരത്തെ അവതരിപ്പിക്കപ്പെടാൻ പോവുകയാണ്. ഈ ആഴ്ചയിൽ തന്നെ ആദ്യത്തെ ജെൻ 3 സ്‌കൂട്ടർ വിപണിയിൽ എത്തിയേക്കും. പുതിയ ലോഞ്ചിലൂടെ, ഉപഭോക്താക്കൾക്ക്, കൂടുതൽ പരിഷ്കരിച്ചതും ദീർഘകാലം നിലനിൽക്കുന്നതുമായ ഇലക്ട്രിക് സ്കൂട്ടർ വാഗ്ദാനം ചെയ്യാൻ കമ്പനി ലക്ഷ്യമിടുന്നു.
കമ്പനിയുടെ മൂന്നാം തലമുറ (ജെൻ 3) ഇലക്ട്രിക് സ്‌കൂട്ടറുകൾ ജനുവരി 31-ന് രാവിലെ 10:30-ന് പുറത്തിറക്കുമെന്ന് ഓല ഇലക്ട്രിക്കിൻ്റെ സിഇഒ ആയ ഭവിഷ് അഗർവാൾ എക്സിലൂടെ (മുമ്പ് ട്വിറ്റർ) അറിയിച്ചു. ഡിസൈൻ, സവിശേഷതകൾ, പ്രകടനം എന്നിവയിൽ രണ്ടാം തലമുറ സ്‌കൂട്ടറുകളേക്കാൾ മികച്ചതാണ് ഈ പുതിയ മോഡൽ എന്ന് അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനത്തോടൊപ്പം പങ്കിട്ട ഒരു ടീസർ ചിത്രം സ്കൂട്ടറിൻ്റെ ഡിസൈൻ സംബന്ധിച്ച ഒരു ഏകദേശരൂപം കാണിക്കുന്നു. S1 പ്രോ പോലെയുള്ള ഓലയുടെ മറ്റ് മോഡലുകളോട് സാമ്യമുള്ളതാണ് ഇത്.
വിശ്വാസ്യത, ഗുണനിലവാരം, സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ ജെൻ 3 സ്‌കൂട്ടറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ഓല ഇലക്ട്രിക് പ്രശ്‌നങ്ങൾ നേരിട്ട മൂന്ന് മേഖലകൾ ഇവയായിരുന്നു.
പലപ്പോഴും ഹബ് മോട്ടോറിൻ്റെ ഗുണമേന്മയില്ലായ്മ ആയിരുന്നു പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇത് പരിഹരിക്കാൻ, ഓല മിഡ്-മൗണ്ട് മോട്ടോറിലേക്ക് ഇതിൻ്റെ സെറ്റപ്പ് മാറ്റിയിട്ടുണ്ട്. ഈ മാറ്റം ചെലവ് കുറയ്ക്കുക മാത്രമല്ല, വലിയ തോതിൽ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഓല ഇലക്ട്രിക്കിൻ്റെ ജെൻ 3 പ്ലാറ്റ്‌ഫോം ചെലവ് 20% കുറയ്ക്കാൻ സഹായിക്കുമെന്ന് അഗർവാൾ പറയുന്നു. അവർ മോട്ടോർ പ്ലാറ്റ്‌ഫോം പുനർരൂപകൽപ്പന ചെയ്‌തതാണ് അതിനു കാരണം. പവർ എഫിഷ്യൻസി വർദ്ധിക്കുമ്പോൾ സ്വാഭാവികമായും ചിലവു കുറയും.
ECU-കളുടെ (ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുകൾ) എണ്ണം കുറച്ചും അവയെ ഒരു ബോർഡിൽ സംയോജിപ്പിച്ചും അവർ ഇലക്ട്രോണിക്‌സ് മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അവർ പ്ലാസ്റ്റിക് ലെയറുകൾ നീക്കം ചെയ്ത് ബാറ്ററി ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഈ മാറ്റങ്ങളെല്ലാം പണം ലാഭിക്കാൻ സഹായിക്കും. വിതരണക്കാരിൽ നിന്ന് വാങ്ങുന്നതിന് പകരം കൂടുതൽ പാർട്‌സുകൾ സ്വന്തമായി തന്നെ നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ, ചെലവ് കുറയ്ക്കുന്നതിന് അവർ തങ്ങളുടെ ഫാക്ടറികളിൽ ഓട്ടോമേഷൻ കൂടുതൽ ഉപയോഗിക്കും.
പരസ്യം
പരസ്യം